ന്യൂയോർക്ക് ∙ ക്രൈസ്‌തവ സഭകൾ മാത്രമല്ല, ഇതര മതസ്ഥരെയും ഉൾക്കൊണ്ടുള്ള കൂട്ടായ്‌മ ആചരിക്കുവാൻ നാം തയ്യാറകണമെന്നും എങ്കിൽ മാത്രമേ ക്രിസ്തു വിഭാവനം ചെയ്‌ത ദൈവരാജ്യം കെട്ടിപ്പടുക്കാൻ സാധിക്കുവെന്നും സിഎസ്ഐ കൊല്ലം-കൊട്ടാരക്കര ഭദ്രാസനാധിപൻ ബിഷപ്പ് ഡോ. ഉമ്മൻ ജോർജ്.
ന്യൂയോർക്കിലെ മലയാളി ക്രൈസ്‌തവ കൂട്ടായ്‌മയായ സെന്റ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ പുതിയ വർഷത്തെ പ്രവർത്തനങ്ങളുടെ ഉദ്‌ഘാടനം നിർവഹിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വൈസ് പ്രസിഡന്റുമാരായ റവ. ഫാ. ജോൺ തോമസ്, റോയ് സി. തോമസ്, റവ. സാം എൻ. ജോഷ്വാ എന്നിവർ ഫെഡറേഷന്റെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു. തുടർന്ന് എക്യൂമെനിക്കൽ ഫെഡറേഷന്റെ ഔദ്യോഗിക പ്രസിദ്ധീകരണമായ ദ് എക്യൂമെനിസ്‌റ്റിന്റെ എഡിറ്റർ ഇൻ ചാർജ് തോമസ് ജേക്കബ് പുതിയ ലക്കത്തിന്റെ പ്രകാശനത്തിന് മുഖ്യാതിഥി ബിഷപ്പ് ഡോ. ഉമ്മൻ ജോർജിനെ ക്ഷണിക്കുകയും ആദ്യ കോപ്പി പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മന് നൽകി പ്രകാശനം നിർവഹിക്കുകയും ചെയ്‌തു.

ഈസ്റ്റേൺ ലോങ്ഐലന്റിലുള്ള ശാലേം മാർത്തോമ്മാ ദേവാലയത്തിൽ നടന്ന യോഗത്തിൽ എക്യൂമെനിക്കൽ ഫെഡറേഷൻ പ്രസിഡന്റ് റവ. ഷാജി കൊച്ചുമ്മൻ അധ്യക്ഷത വഹിച്ചു. വിമൻസ് ഫോറം കൺവീനർ ഷേർലി പ്രകാശ് വേദവായന നടത്തി. എക്യൂമെനിക്കൽ ഗായകസംഘവും ശാലേം മാർത്തോമ്മാ ചർച് ഗായകസംഘവും ഗാനശുശ്രുഷക്ക് നേതൃത്വം നൽകി.
വിവിധ സഭകളെ പ്രതിനിധീകരിച്ചു റവ. ഫാ. ജോൺ തോമസ്, റവ. ഫാ. ജോർജ് മാത്യു (ഓർത്തഡോൿസ്), റവ. സാം എൻ. ജോഷ്വാ, റവ. ജോൺ ഡേവിഡ്‌സൺ (സിഎസ്‌ഐ), റവ. ഷാജി കൊച്ചുമ്മൻ, റവ. വി.ടി. തോമസ്, റവ. പി.എം. തോമസ്, റവ. ജെസ്. എം. ജോർജ് (മാർത്തോമ്മാ) എന്നീ വൈദീകർ സന്നിഹിതരായിരുന്നു.

എക്യൂമെനിക്കൽ ഫെഡറേഷൻ സെക്രട്ടറി ഡോൺ തോമസ് സ്വാഗതവും ട്രഷറർ തോമസ് വർഗീസ് നന്ദിയും രേഖപ്പെടുത്തി. ജിൻസി ബിനീഷ് തോമസ് പരിപാടിയുടെ എംസിയായിരുന്നു.