വലിഡിക്‌ടോറിയന്‍ ബഹുമതി സ്റ്റീവൻ ജോർജിന്
Mail This Article
ഒർലാന്റോ∙ മികച്ച പഠനം കാഴ്ചവെക്കുന്ന വിദ്യാർഥിക്കുള്ള വലിഡിക്‌ടോറിയന്‍ ബഹുമതി സ്റ്റീവൻ ജോർജിന്. തദ്ദേശീയരും വിദേശീയരുമായ നൂറുകണക്കിനു വിദ്യാർഥികളെ പിന്നിലാക്കിയാണ് സ്റ്റീവൻ വിദ്യാഭ്യാസ രംഗത്ത് മലയാളികളുടെ അഭിമാനം ഉയര്‍ത്തി പിടിച്ചത്.
Read also : ടെക്സസിൽ ഭർത്താവിനെ യുവതി ചുറ്റികകൊണ്ട് അടിച്ചുകൊന്നു
ഓസിയോള കൗണ്ടി ഡിസ്ട്രിക്റ്റ് സ്കൂളുകളിൽ ഒന്നായ ബോഗിക്രീക്ക് റ്റോഹൊപെകലൈഗ ഹൈസ്‌ക്കൂളിൽ നിന്നാണ് സ്റ്റീവൻ ജോർജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. എസ്എറ്റി പരീക്ഷയിലും എസിറ്റി യോഗ്യതാ പരീക്ഷയിലും ഉയർന്നമാർക്കോടെയാണു വിജയം.കുടുംബത്തിനൊപ്പം മലയാളി സമൂഹത്തിനാകെ അഭിമാനകരമായ നേട്ടമാണിത്. വലെൻസിയ കമ്മ്യൂണിറ്റി കോളേജിൽ നിന്നും ഇതിനോടകം അസോസിയേറ്റ് ഡിഗ്രിയും കരസ്ഥമാക്കിയ സ്റ്റീവൻ ജോർജ് 2023 നാഷനൽ മെറിറ്റ്സ് ഫൈനലിസ്റ്റ് കൂടിയാണ്.
പാസ്റ്റർ ജേക്കബ് മാത്യു സീനിയർ ശുശ്രൂഷകനായി പ്രവർത്തിക്കുന്ന ഒർലാന്റോ ഐപിസി ചർച്ചിലെ സൺഡേസ്കൂൾ, വർഷിപ്പ് ടീം, പിവൈപിഎ തുടങ്ങി സഭയുടെ ആത്മീയ കാര്യങ്ങളിലും സ്റ്റീവൻ സജീവമായി പങ്കെടുക്കുന്നുണ്ട്. യേശുക്രിസ്തുവിലുള്ള അചഞ്ചലമായ വിശ്വാസവും തീക്ഷ്ണമായ പ്രാര്‍ഥനയും കഠിനാധ്വാനവുമാണ് തന്റെ എല്ലാ നന്മകൾക്കും കാരണമായതെന്ന് സ്‌റ്റീവൻ ജോർജ് പറഞ്ഞു.
യൂണിവേഴ്‌സിറ്റി ഓഫ് സെൻട്രൽ ഫ്ലോറിഡയിൽ മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഫുൾ സ്കോളർഷിപ്പോടുകൂടി തുടർപഠനം നടത്താനാണ് സ്റ്റീവൻ ജോർജിന് അവസരം ലഭിച്ചിരിക്കുന്നത്. പാസ്റ്റർ കെ.കെ. ഏബ്രഹാമിന്റെ കൊച്ചു മകനും കട്ടപ്പന സ്വദേശി സജിമോൻ ജോർജ് (ഫാര്‍മസിസ്റ്റ്) - ഹെപ്‌സിബ (സി.പി.എ) ദമ്പതിമാരുടെ മൂത്തമകനുമാണ് സ്റ്റീവൻ. സോഫിയ സഹോദരിയാണ്.
English Summary : Malayali Steven George wins valedictorian honor for academically outstanding student