വാഷിങ്ടൻ ∙ ദേശീയ രാഷ്ട്രീയ രംഗത്ത് താരതമ്യേനെ ചെറുപ്പക്കാരി ആയിരുന്നു ഇന്നത്തെ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസ്. കലിഫോർണിയ സംസ്ഥാനത്തിലെ സൻഫ്രാൻസിസ്കോ പ്രോസിക്യൂട്ടറിൽ നിന്ന് സെനറ്ററിലേയ്ക്ക്. സെനറ്ററിൽ നിന്ന് വൈസ് പ്രസിഡന്റ് സ്ഥാനത്തേയ്ക്കു. പ്രസിഡന്റ് ജോബൈഡന് ഒരു രണ്ടാമൂഴം ലഭിച്ചാൽ വീണ്ടും വൈസ് പ്രസിഡന്റാകും. വീണ്ടും അനുകൂല, പ്രതികൂല അഭിപ്രായങ്ങൾ കമല ഹാരിസിന്റെ ഭാഗധേയം നിശ്ചയിക്കുകയില്ല.
2020 ലെ പ്രസിഡന്റ് തിരഞ്ഞെടുപ്പു വേളയിൽ ഡെമോക്രാറ്റിക് പ്രത്യാശികളുടെ വലിയ നിരയിൽ നിന്ന് തന്ത്രപൂർവം പിന്മാറിയ വനിതയാണ് കമല. സ്വന്തം സംസ്ഥാനമായ കലിഫോർണിയയിൽ പ്രൈമറി നടക്കുന്നതിന് മുൻപ് പ്രഖ്യാപിച്ച പിന്മാറ്റം വളരെ തന്ത്രപൂർവമായിരുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. ഇല്ലെങ്കിൽ അഞ്ചാം സ്ഥാനത്ത് മാത്രമേ മത്സരം പൂർത്തിയാക്കുമായിരുന്നുള്ളൂ എന്നും കൂട്ടിച്ചേർക്കുന്നു. എതിരാളികൾ തിരഞ്ഞെടുപ്പ് ഫണ്ട് ദുരുപയോഗവും ആരോപിച്ചു. പ്രചരണ സംഘത്തിനുള്ളിലെ തമ്മിൽ തല്ലിന്റെയും വടംവലികളുടേയും കഥകളും ചിലർക്ക് പറയാനുണ്ടായിരുന്നു.

അന്ന് കലിഫോർണിയ സ്റ്റേറ്റ് അസംബ്ലിയിൽ സ്പീക്കറായിരുന്ന തന്നെക്കാൾ പ്രായത്തിൽ ഏറെ മൂത്ത വില്ലി ബ്രൗണുമായി ഹാരിസിനുണ്ടായിരുന്ന ബന്ധം ചർച്ചാ വിഷയമായി. കലിഫോർണിയ ഡെമോക്രാറ്റിക് പാർട്ടിയിലെ അധികാര വടംവലിയിൽ പിന്നീട് ബ്രൗണിനോടു പരാജയപ്പെട്ടതായും വാർത്തകൾ പുറത്തുവന്നു. പ്രൈമറികളിൽ നിന്ന് പിൻവാങ്ങിയ ഹാരിസ് തന്റെ അവസരം കാത്തിരുന്നു. അയോവയിലും ന്യൂഹാംഷെയറിലും കഷ്ടിച്ച് രക്ഷപ്പെട്ട ബൈഡന് ടിക്കറ്റു ലഭിക്കുവാൻ മറ്റൊരു കാർഡ് ഇറക്കേണ്ടത് ആവശ്യമായിരുന്നു.

സൗത്ത് കാരലിനയിലെ കറുത്ത വർഗക്കാരനായ സെനറ്റർ ജെയിംസ് ക്ലൈബേൺ സഹായം വാഗ്ദാനം ചെയ്തു. തന്റെ സംസ്ഥാനത്തിലെ കറുത്ത വർഗക്കാരുടെ വോട്ടിന് പകരം ബൈഡൻ തന്റെ വിപി സ്ഥാനാർഥിയായി ഒരു കറുത്ത വർഗക്കാരിയെ മുന്നോട്ടു വയ്ക്കണം. ബൈഡൻ സൂസൻ റൈസ്, സെന എലിസബെത്ത് വാറൻ (കറുത്ത വർഗക്കാരിയല്ല), ഗ്രെച്ചൻ വിറ്റ്മർ എന്നിവരുടെ പേരുകൾ മുന്നോട്ടുവച്ചെങ്കിലും ക്ലൈബേണിന്റെ ശാഠ്യത്തിന് വഴങ്ങി ഹാരിസിനെ തിരഞ്ഞെടുത്തു.

വൈസ് പ്രസിഡന്റായി കമല ഹാരിസിന്റെ പ്രകടനം പ്രസിഡന്റ് സ്ഥാനാർഥിയാവാൻ ശ്രമിച്ചപ്പോൾ നടത്തിയതുപോലെ തീരെ തൃപ്തികരമല്ലെന്നു വിമർശിക്കുന്നവരുണ്ട്. ഒരു വാചകം ബുദ്ധിമുട്ടില്ലാതെ മുഴുമിപ്പിക്കുവാനോ അനവസരത്തിൽ പുച്ഛിക്കുന്ന രീതിയിൽ പൊട്ടിച്ചിരിക്കുവാനോ ഹാരിസിന് പ്രയാസമില്ലെന്നു ഇവരെ, പൊതുവേദികളിൽ കണ്ടിട്ടുള്ളവർ പറയുന്നു. ദുർബലനായ ഒരു പ്രസിഡന്റാണ്, അധികാരം എത്രയും വേഗം കൈക്കലാക്കാൻ കഴിയും എന്ന മോഹം ഇവരിലും അനുയായികളിലും വ്യക്തമായി പ്രകടമായി തുടങ്ങിയതായി നിരീക്ഷകർ പറയുന്നു. ഇത് മനസ്സിലാക്കിയാണ് പ്രസിഡന്റ് ഇവർക്ക് വളരെ പ്രയാസമേറിയ ദൗത്യങ്ങൾ– അതിർത്തിയിലെ കുടിയേറ്റം, യുക്രെയിൻ യുദ്ധം എന്നിവ കൈകാര്യം ചെയ്യാൻ നൽകിയതെന്ന് ഇവർ പറയുന്നു. പ്രതീക്ഷിച്ചതുപോലെ ഈ രണ്ട് പ്രശ്നങ്ങളും കൈകാര്യം ചെയ്യുന്നതിൽ കമല പരാജയപ്പെട്ടു.

തന്റെ ടിക്കറ്റിൽ ഹാരിസിനെ ഉൾപ്പെടുത്തി ബൈഡൻ വീണ്ടും മത്സരിക്കുന്നത് പ്രൈമറിയിൽ അവർ തനിക്കെതിരെ സ്ഥാനാർഥിയാകാതെ ഇരിക്കാനാണ്. അവരെ തഴഞ്ഞാൽ മുൻ പ്രസിഡന്റ് ബരാക്ക് ഒബാമ ഉൾപ്പടെ പാർട്ടിയിലെ വിശിഷ്ട വിഭാഗം തനിക്കെതിരെ തിരിയുമെന്ന് ബൈഡൻ ഭയപ്പെടുന്നു. മാത്രമല്ല തനിക്കുശേഷം നടക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഹാരിസിനെ എന്തു ചെയ്യണമെന്നു പാർട്ടി വിഷമിക്കുന്നതും ബൈഡൻ തന്റെ മനസ്സിൽ കാണുന്നു. ഹാരിസ് ഒരിക്കലും ബൈഡന്റെ ആദ്യത്തെയോ അവസാനത്തെയോ പരിഗണന ആയിരുന്നില്ല. ഗത്യന്തരമില്ലാതെ ടിക്കറ്റിൽ ചേർത്തതാണ്. പാർട്ടിയിലുള്ള പലരും പറയുന്നത് കമല ഹാരിസ് ഈസ് നോട്ട് ആന്റ് നെവർ വിൽബി ദ ഫ്യൂച്ചർ ഓഫ് ദ ഡെമോക്രാറ്റിക് പാർട്ടി എന്നാണ്.

റിപ്പബ്ലിക്കൻ പാർട്ടിയിൽ നിന്ന് ഡോണൾഡ് ട്രംപിനെ ഇംപീച്ച് ചെയ്യണം എന്ന് വോട്ടു ചെയ്ത 10 യുഎസ് ഹൗസ് റെപ്രസെന്റേറ്റീവ്സിൽ ഒരാളായ ലിസ് ചെനി വീണ്ടും വാർത്തകളിൽ തങ്ങുകയാണ്. ട്രംപിനെ സ്ഥിരമായും റിപ്പബ്ലിക്കനുകളെ ഇടയ്ക്കിടെയും വിമർശിക്കുന്ന ഈ റിപ്പബ്ലിക്കൻ പ്രതിനിധി ഇപ്പോൾ റിനോ (റിപ്പബ്ലിക്കൻ ഇൻ നെയിം ഒൺളി) എന്ന അപരനാമത്തിലാണ് അറിയപ്പെടുന്നത്. ചെനി അധികം താമസിയാതെ റിപ്പബ്ലിക്കൻ പാർട്ടി വിട്ട് സ്വതന്ത്രയായോ ഡെമോക്രാറ്റായോ മാറിയേക്കാം. മാത്രമല്ല, 2028 ലെ വൈറ്റ് ഹൗസ് മോഹങ്ങൾ വച്ചു പുലർത്തുന്നുണ്ടെന്നും സംസാരമുണ്ട്. അങ്ങനെയാണെങ്കിൽ സ്വതന്ത്രയായി പ്രസിഡന്റ് സ്ഥാനത്തേയ്ക്കു മത്സരിക്കുകയാണ് എളുപ്പം. ഡെമോക്രാറ്റിക്, റിപ്പബ്ലിക്കൻ ടിക്കറ്റുകൾ നേടുക പ്രയാസമായിരിക്കും.
