ആർലിങ്ടണ്‍ ∙ രാഷ്ട്രത്തിന്റെ നിലനിൽപ്പിനുവേണ്ടി ജീവൻ ബലിയർപ്പിച്ചവരെ ഒരിക്കലും നാം വിസ്മരിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡൻ. 155–ാം മെമ്മോറിയൽ ദിനാചരണത്തോടനുബന്ധിച്ചു വിമുക്തഭടന്മാർക്ക് ആദരാഞ്ജലി അർപ്പിക്കുന്നതായി സംഘടിപ്പിച്ച ചടങ്ങിൽ വികാരനിർഭരനായി ജോ ബൈഡൻ പറഞ്ഞു.
Read also : പണ്ട് അടുത്ത സുഹൃത്തുക്കള്‍, ഇന്ന് കടുത്ത ശത്രുക്കള്‍; ട്രംപും ഡിസാന്റിസും നേർക്കുനേർ വരുമ്പോൾ
‘നമ്മുടെ ജനാധിപത്യത്തെ സംരക്ഷിക്കാൻ അവരുടെ ത്യാഗങ്ങൾ വളരെ വലുതായിരുന്നു. അതൊന്നും വെറുതെയാകില്ല’– വെളുത്ത മാർബിൾ ഹെഡ്‌സ്റ്റോണുകളുടെ നിരകൾക്ക് പേരുകേട്ട ആർലിങ്ടൺ നാഷനൽ സെമിത്തേരിയിലെ തന്റെ പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. ‘ഒരു അമ്മ, ഒരു അച്ഛൻ, മകൻ അല്ലെങ്കിൽ മകൾ, സഹോദരി, പങ്കാളി, ഒരു സുഹൃത്ത്, ഒരു അമേരിക്കക്കാരൻ - ഓരോ വർഷവും ഞങ്ങൾ ഓർക്കുന്നു’–ബൈഡൻ പറഞ്ഞു.
ആർലിങ്ടണിൽ നടന്ന ശാന്തമായ ചടങ്ങിൽ, ബൈഡൻ മരണമടഞ്ഞ സേവന അംഗങ്ങളെ ആദരിച്ചുകൊണ്ട് പുഷ്പചക്രം അർപ്പിച്ചു. ഭാര്യ ജിൽ ബൈഡനും ഒപ്പമുണ്ടായിരുന്നു. വൈറ്റ് ഹൗസിന്റെ കണക്കനുസരിച്ച് ഏകദേശം 3,000 പേർ ചടങ്ങിൽ പങ്കെടുത്തു. ബൈഡനെ കൂടാതെ, ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ മാർക്ക് മില്ലി, പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ എന്നിവരും സംസാരിച്ചു.

തന്റെ കുടുംബത്തിന്റെ വ്യക്തിപരമായ അനുഭവം അദ്ദേഹം എടുത്തു പറഞ്ഞു. ചൊവ്വാഴ്ച തന്റെ മകൻ ബ്യൂ ബൈഡന്റെ എട്ടാം വാർഷികമാണ്. ക്യാൻസർ ബാധിച്ച് ഞങ്ങളുടെ മകൻ ബ്യൂവിനെ നഷ്ടപ്പെട്ടിട്ട് നാളെ എട്ട് വർഷം തികയുന്നു–അദ്ദേഹം പറഞ്ഞു.

‘ഞങ്ങളുടെ നഷ്ടം സമാനമല്ല, അവൻ യുദ്ധക്കളത്തിലല്ല മരിച്ചത്, ക്യാൻസറാണ് അവനെ മോഷ്ടിച്ചത്. ഇറാഖിലെ യുണൈറ്റഡ് സ്റ്റേറ്റ്സ് ആർമി നാഷനൽ ഗാർഡിൽ ഒരു മേജറായി വിന്യസിക്കപ്പെട്ടതിന് ശേഷമായിരുന്നു ഇത്. നിങ്ങളിൽ പലർക്കും എന്നപോലെ, മകന്റെ നഷ്ടത്തിന്റെ വേദന എല്ലാ ദിവസവും ഞങ്ങളോടൊപ്പമുണ്ട്’- ബൈഡൻ പറഞ്ഞു.

വിമുക്തഭടന്മാരെയും അവരുടെ കുടുംബങ്ങളെയും പരിപാലിക്കാൻ ഭരണകൂടം സ്വീകരിച്ച നടപടികളെക്കുറിച്ച് ബൈഡൻ പ്രസംഗത്തിൽ സൂചിപ്പിച്ചു.
English Summary : Speech by President Biden at the 155th National Memorial Day Observance