ഡാലസ് ∙ കാമുകിയുടെ പ്രേരണയിൽ ഒരു സ്ത്രീയെ കാമുകൻ കൊലപ്പെടുത്തിയെന്നാരോപിച്ച് ഇരുവർക്കുമെതിരെ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തു. ശനിയാഴ്ച, പുലർച്ചെ ഒരു മണിക്ക് ശേഷം സൗത്ത് മാൽകം ബെലവാഡിൽ ഉണ്ടായ വെടിവെയ്പ്പിൽ കീർസ്റ്റിൻ കൂപ്പർ എന്ന യുവതിയാണ് കൊല്ലപ്പെട്ടത്. വെടിയേറ്റ കീർസ്റ്റിൻ കൂപ്പറെ സ്വകാര്യ വാഹനത്തിൽ ആശുപത്രിയിലേക്ക് കൊണ്ടുപോയെന്നും അവിടെവച്ചാണ് അവർ മരിച്ചതെന്നും പൊലീസ് പറഞ്ഞു.
ബ്രയാറാ മാർട്ടിന്റെ കാമുകൻ ഗബ്രിയേൽ ലൂയാസുമായി കീർസ്റ്റിൻ കൂപ്പർ സംസാരിക്കുന്നതിൽ ബ്രയാറാ അസ്വസ്ഥയായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു. പൊലീസ് പറയുന്നതനുസരിച്ച്, ഗബ്രിയേൽ തന്റെ തോക്കെടുത്ത് കൂപ്പറിനെ രണ്ട് തവണ വെടിവയ്ക്കുകയായിരുന്നു.
സമീപത്തുള്ള നിരീക്ഷണ വിഡിയോയിൽ സംഭവം വ്യക്തമാണെന്നും സൂചനയെ തുടർന്നു പ്രതികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തെന്നും പൊലീസ് പറഞ്ഞു. ലൂയാസിനും മാർട്ടിനുമെതിരെ കൊലക്കുറ്റം ചുമത്തിയിട്ടുണ്ട്. ഇരുവരും ഇപ്പോൾ ഡാലസ് കൗണ്ടി ജയിലിലാണ്.
English Summary : Dallas man and his girlfriend are charged with murder after allegedly killing a woman