ഒക്‌ലഹോമ ∙ ഒക്‌ലഹോമയിൽ ഗർഭച്ഛിദ്രം നിരോധിക്കുന്ന രണ്ട് നിയമങ്ങൾ ഭരണഘടനാ വിരുദ്ധമെന്ന് ഒക്‌ലഹോമ സുപ്രീം കോടതി. ഹൃദയമിടിപ്പ് കണ്ടെത്തിയതിന് ശേഷമുള്ള ഗർഭച്ഛിദ്രം നിരോധിക്കുന്ന സെനറ്റ് ബില്ലും മിക്ക കേസുകളിലും ഗർഭച്ഛിദ്രം നിരോധിക്കുന്ന ഹൗസ് ബില്ലും ഭരണഘടനാ വിരുദ്ധമാണെന്നാണ് സുപ്രീം കോടതി കണ്ടെത്തിയിരിക്കുന്നത്. ഗർഭണിയായ സ്ത്രീയുടെ ജീവൻ അപകടത്തിലാകുന്ന സാഹചര്യത്തിൽ ഗർഭം അലസിപ്പിക്കാൻ അവകാശമുണ്ടെന്ന് കോടതി വിലയിരുത്തി.
അതേസമയം, കോടതി വിധിയിൽ നിരാശ രേഖപ്പെടുത്തി ഗവർണർ കെവിൻ സ്റ്റിറ്റ്, ഒക്‌ലഹോമ ഹൗസ് സ്പീക്കർ കെവിൻ മക്കാൾ ആർ-അറ്റോക എന്നിവർ രംഗത്ത് വന്നു.
‘‘ ഒക്‌ലഹോമയിൽ ഗർഭച്ഛിദ്രം അവകാശമാക്കുന്ന സുപ്രീം കോടതി വിധിയോട് വിയോജിക്കുന്നു. സുപ്രീം കോടതി വിധി ജനാധിപത്യ അധികാരത്തിനു മേലുള്ള കടന്നുകയറ്റമാണ്. ഇത് രാഷ്ട്രീയ വിഷയമാണ്. ഇതിൽ കോടതി ഇടപെട്ടത് ശരിയായില്ല. ഗവർണർ എന്ന നിലയിൽ, ഗർഭസ്ഥ ശിശുക്കളുടെ ജീവൻ സംരക്ഷിക്കുന്നതിനുള്ള പോരാട്ടം തുടരും. ഗർഭധാരണ നിമിഷം മുതൽ ശിശുവിന്‍റെയും അമ്മയുടെയും ജീവൻ സംരക്ഷിക്കാൻ കഴിയുന്നതെല്ലാം ചെയും. ’’ – ഗവർണർ കെവിൻ സ്റ്റിറ്റ് പ്രസ്താവനയിലൂടെ അറിയിച്ചു.
‘ഒക്‌ലഹോമ സുപ്രീം കോടതി വിധിയിൽ നിരാശയുണ്ട്. ഗവർണർ ഒപ്പുവെച്ച ഈ നിയമത്തെ ഇരുസഭകളിലെയും ഭൂരിപക്ഷം അംഗങ്ങളും പിന്തുണച്ചു. ഹൗസ് റിപ്പബ്ലിക്കൻമാർ ഗർഭസ്ഥശിശുക്കളുടെ ജീവൻ സംരക്ഷിക്കുന്നതിനായി തുടർന്നും പരിശ്രമിക്കും. എല്ലാ ജീവനും വിലമതിക്കുന്ന നിയമനിർമ്മാണം പിന്തുടരും. ഹൗസിന്റെയും സെനറ്റ് റിപ്പബ്ലിക്കൻമാരുടെയും നേതൃത്വത്തിന് നന്ദി. ഒക്‌ലഹോമ രാജ്യത്തെ ഏറ്റവും പ്രോ-ലൈഫ് സംസ്ഥാനങ്ങളിലൊന്നാണ്. ഇന്നത്തെ വിധി അത് മാറ്റില്ല. ഒക്‌ലഹോമയിൽ ജീവിക്കാനുള്ള അവകാശം സംരക്ഷിക്കാൻ ശ്രമിക്കുകയാണ്. ശബ്ദമില്ലാത്തവരുടെ ശബ്ദമായി ഞങ്ങൾ തുടരും. ’’– ഒക്‌ലഹോമ ഹൗസ് സ്പീക്കർ കെവിൻ മക്കാൾ അറിയിച്ചു.
English Summary: Oklahoma court strikes down two laws restricting abortion