ADVERTISEMENT

സാൻഫ്രാൻസിസ്കോ∙ കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ ന്യൂനപക്ഷങ്ങൾ ഭീതിയിലാണെന്ന് രാഹുൽ ആരോപിച്ചു. യുഎസിലെ സാൻഫ്രാൻസിസ്കോയിൽ ബുധനാഴ്ച നടന്ന ‘മൊഹബത് കി ദുകാൻ’ പരിപാടിയിൽ സംസാരിക്കുകയായിരുന്നു രാഹുൽ.

 

‘‘ന്യൂനപക്ഷങ്ങൾ രാജ്യത്ത് നിരന്തരം ആക്രമിക്കപ്പെടുന്നു.  1980 കളിൽ ദലിതർക്ക് നേരിട്ട പോലെയുള്ള ആക്രമണങ്ങൾ ഇന്ന് രാജ്യത്തെ മുസ്‌ലിങ്ങൾ നേരിടുന്നു. രാജ്യത്ത് വലിയ തോതിൽ ശത്രുത വർധിക്കുന്നുണ്ട്. വെറുപ്പ് കൊണ്ട് വെറുപ്പിനെ മറികടക്കാൻ സാധിക്കില്ല. സ്നേഹം കൊണ്ട് മാത്രമേ വെറുപ്പിനെ തോൽപ്പിക്കാൻ സാധിക്കൂ. ദലിതർ, ആദിവാസികൾ, ദരിദ്രർ, ന്യൂനപക്ഷങ്ങൾ തുടങ്ങിയവരോടുള്ള സമീപനം പലപ്പോഴും മോശമാണ്. ഇതിനെ സ്നേഹം കൊണ്ട് തോൽപ്പിക്കണം. 

 

രാജ്യത്ത് ബഹുഭൂരിപക്ഷം പേരും ജീവിതത്തിന്‍റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ ബുദ്ധിമുട്ടുകയാണ്. അതേസമയം അപൂർവം ചിലർ അതിസമ്പന്നരാണ്. ഇത് രാജ്യത്തെ സാമ്പത്തിക അസമത്വത്തിന്‍റെ ഉദാഹരണമാണ്. ഇത് പരിഹരിക്കാൻ യുപിഎ സർക്കാർ ന്യായ്, തൊഴിലുറുപ്പ് പദ്ധതികൾ കൊണ്ടു വന്നിരുന്നു. 

 

യുപിഎ സർക്കാർ അധികാരത്തിലിരുന്നപ്പോൾ ജാതി സെൻസസ് നടത്തി. ജനസംഖ്യയിൽ എത്രത്തോളം ആളുകളുണ്ടെന്നും അവരുടെ സമുദായിക വിവരവും മനസിലാക്കിയാൽ മാത്രമേ കൃത്യമായ രീതിയിൽ ആനുകൂല്യങ്ങൾ വിതരണം ചെയാൻ സാധിക്കൂ. വിലക്കയറ്റം, തൊഴിലില്ലായ്മ, അസമത്വം തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യാൻ സർക്കാർ ആഗ്രഹിക്കുന്നില്ല. ശ്രദ്ധ തിരിക്കാനാണ് തുടർച്ചയായി സർക്കാർ നീക്കം നടത്തുന്നത്.

 

ഓരോ സംസ്ഥാനത്തിന്‍റെയും ചരിത്രവും സംസ്ക്കാരവും ഭാഷയും സംരക്ഷിക്കപ്പെടണം. ബിജെപിയും ആർഎസ്എസും ഇന്ത്യൻ ഭരണഘടനയെ ആക്രമിക്കുകയാണ്. തമിഴ് ഒരു ഭാഷ മാത്രമല്ല. തമിഴ്‌നാട്ടിലെ ജനങ്ങൾക്ക് വേണ്ടി അവരുടെ സംസ്കാരവും ഭാഷയും സംരക്ഷിക്കപ്പെടണം. ഇതു പോലെയാണ് ബംഗാളി, ഹിന്ദി, കന്നഡ, പഞ്ചാബി എന്നിവയ്‌ക്കെതിരായ ആക്രമണവും. ഇവയ്ക്കെതിരെയുള്ള ആക്രമണം ഇന്ത്യയ്ക്കെതിരെയുള്ള ആക്രമണമാണ്’’ – രാഹുൽ കൂട്ടിച്ചേർത്തു.

English Summary: Hate must be defeated with love: Rahul Gandhi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com