ആവേശ തരംഗമുയർത്തി അന്താരാഷ്ട്ര വടംവലി മത്സരവും കായിക മാമാങ്കവുമായി ടിസാക്

tisac-1
ചിത്രം കടപ്പാട് – സുനിൽ, ഈഡൻ ഫ്രെയിംസ്
SHARE

ഹൂസ്റ്റൺ∙ അന്താരാഷ്ട്ര വടംവലി മത്സരമുൾപ്പടെ കായികമേളയും കലകളും സമഞ്ജസമായി സമ്മേളിക്കുന്ന  ആനന്ദകരമായ ഒരു ദിവസം ജൂൺ 24.ന് ശനിയാഴ്ച സംഘടിപ്പിക്കുന്നത് ടിസാക്ക് (Texas International Sports & Arts Club) എന്ന നൂതന സംഘം.   

ഹൂസ്റ്റൺ ക്‌നാനായ കാത്തലിക് സൊസൈറ്റി ഗ്രൗണ്ടിൽ പ്രത്യേകം തയാറാക്കിയ കോൺക്രീറ്റ് മൈതാനത്താവും ടിസാക് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വടംവലി മത്സരം അരങ്ങേറുക. കാണികൾക്കായി ഒരുങ്ങുന്ന പ്രത്യേക ഗാലറിയുടെ പണികൾ പുരോഗമിക്കുന്നു. മാൾട്ട, യുകെ, കുവൈറ്റ്, സൗദി, കാനഡ  ഉൾപ്പടെ എട്ടോളം രാജ്യങ്ങളിൽനിന്നുള്ള ടീമുകൾ ഇവിടെ മാറ്റുരക്കും. അമേരിക്കയിലാദ്യമായി സ്ത്രീകളുടെ വടംവലിയും സംഘടിപ്പിച്ചിരിക്കുന്നതായി ടിസാക് ഭാരവാഹികൾ പറഞ്ഞു. മത്സരത്തെ ഒരു ചരിത്ര സംഭവമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.

tisac-2
ചിത്രം കടപ്പാട് – സുനിൽ, ഈഡൻ ഫ്രെയിംസ്

മത്സര വിജയികൾക്കു നൽകുന്ന സമ്മാനത്തുക കൊണ്ട് തന്നെ മത്സരം ശ്രദ്ധേയമായികഴിഞ്ഞിരിക്കുയാണ്. ഒന്നാം സമ്മാനമായി 8000 ഡോളർ, രണ്ടാം സമ്മാനം 6000 ഡോളർ, മൂന്നാം സമ്മാനം 4000 ഡോളർ, നാലാം സമ്മാനം 2000 ഡോളർ തുടങ്ങി സമ്മാനപ്പെരുമഴയാണ് ഒരുക്കിയേക്കുന്നതെന്നു സംഘാടകർ അറിയിച്ചു. 

    

വടംവലി  മത്സരങ്ങൾക്ക് ശേഷം, മത്സരങ്ങളിൽ പങ്കെടുത്തവർക്കും കുടുംബാംഗങ്ങൾക്കും സംഘാടകർക്കും ക്ഷണിക്കപ്പെട്ട അതിഥികൾക്കുമായി ഒരുക്കിയിരിക്കുന്ന ബാൻക്വറ്റിൽ സംഗീത മാന്ത്രികൻ സ്റ്റീഫൻ ദേവസി ഒരുക്കുന്ന മ്യൂസിക് ഫ്യൂഷൻ നടക്കും. പ്രമുഖ സിനിമ താരം ദിവ്യ ഉണ്ണിയുടെ നേതൃത്വത്തിൽ നടത്തപെടുന്ന വൈവിധ്യമാർന്ന നൃത്തങ്ങളും  നയന മനോഹര ദൃശ്യാനുഭവങ്ങൾ പകർന്നു നൽകാൻ ഒരുക്കുന്ന ഫാഷൻ ഷോയും ആഘോഷ രാവിന് മികവ് നൽകും.  

അമേരിക്കയിലെ ഷിക്കാഗോ ഉൾപ്പടെയുള്ള നഗരങ്ങളിൽ നടന്നിട്ടുള്ള വടംവലി മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ള 31 അംഗങ്ങളാണ് ടിസാക്കിനുള്ളത്.  ഹൂസ്റ്റൺ മലയാളി സമൂഹത്തിൽ പല മേഖലകളിലും നിറസാന്നിധ്യങ്ങളാണ് ടിസാക്ക് അംഗങ്ങൾ. ഔദ്യോഗിക ഇന്ത്യൻ നാഷണൽ വടംവലി ബോർഡിലും ഇന്റർനാഷണൽ വടംവലി ക്ലബിലും അംഗമായ വടംവലി ഹൃദയത്തിലേറ്റിയ ചാക്കോച്ചൻ മേടയിൽ ആണ് ടിസാക് പ്രസിഡന്റ്. 

പുരാതന കാലം മുതൽ ഇന്ത്യക്കാർ പ്രത്യേകിച്ചും മലയാളികൾ നെഞ്ചേറ്റിയിട്ടുള്ള വടംവലിയുടെ, മെയ് 26ന് അപ്‌നാബസാർ ഓഡിറ്റോറിയത്തിൽ വിളിച്ചുകൂട്ടിയ പത്ര സമ്മേളനത്തിലാണ് മൽസരത്തിന്റെ വിശദവിവരങ്ങൾ പുറത്തുവിട്ടത്. രാവിലെ പത്തുമണി മുതൽ വൈകുന്നേരം ഏഴുമണിവരെയാണ് മത്സരങ്ങൾ നടക്കുക. അയ്യായിരം പേരെയാണ് സംഘാടകർ പ്രതീക്ഷിക്കുന്നത്. കായിക മാമാങ്കം കാണാനെത്തുന്നവർക്കു നാവിൽ രുചിയൂറുന്ന വിഭവങ്ങളുമായി നാടൻ തട്ടുകടയും ഒരുക്കും. 

tisac-4
ചിത്രം കടപ്പാട് – സുനിൽ, ഈഡൻ ഫ്രെയിംസ്

വടംവലി മത്സരത്തിനായി കേരളത്തിൽനിന്നും മൂന്ന് വലിയ വടങ്ങളാണ് എത്തിച്ചിരിക്കുന്നത്. പത്രസമ്മേളനത്തിൽ പ്രദർശിപ്പിച്ചിരുന്ന ഭീമൻ വടത്തിന് മുപ്പത്തി മൂന്ന് കിലോ ഭാരവും തൊണ്ണൂറടി നീളവും ഉണ്ടായിരുന്നു. മത്സരങ്ങളിൽ ഉപയോഗിക്കുന്ന നമ്പർ 9 വടമാണ് എന്ന് ചാക്കോച്ചൻ വിശദീകരിച്ചു. 

പത്രസമ്മേളനത്തിൽ ലൂക്ക് സ്വാഗതം ആശംസിച്ചു. വടംവലിയുടെ ചരിത്രത്തെക്കുറിച് സിബു വിശദീകരിച്ചു. സ്പോൺസർമാരെക്കുറിച്ചു ജോൺ ഡബ്ലിയു വർഗീസും ടിസാക്കിനെ കുറിച്ച് ജിജോയും ഹൂസ്റ്റൺ ലോക്കൽ ടീമുകളെകുറിച്ച് ജോർജ് ജോസഫും വിശദീകരിച്ചു. ക്ളബിന്റെ ഭാവി പരിപാടികളെക്കുറിച്ചു മാത്യുവും മൽസരശേഷം നടക്കുന്ന ബാങ്ക്വറ്റിനെ കുറിച്ച് സംഘടനയുടെ പി ആർ ഓ കൂടിയായ ജിജു കുളങ്ങരയും വ്യക്തത വരുത്തി.

ഭാവിയിൽ കലാകായിക രംഗത്ത് ടെക്സസിലെ സജീവ സാന്നിധ്യമായി മാറാനുള്ള വിവിധ പദ്ധതികൾ ആവിഷ്ക്കരിച്ചു വരുകയാണെന്നും സംഘാടകർ അറിയിച്ചു. ഡാനി നന്ദിപ്രകാശനം നടത്തി. ഐപിസിഎൻഎ ഹൂസ്റ്റൺ ചാപ്റ്ററിനൊപ്പം ഹൂസ്റ്റണിലെ പ്രമുഖ മാധ്യമങ്ങൾ  പത്രസമ്മേളനത്തിൽ പങ്കെടുത്തു. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS