വാഷിങ്ടൻ ഡിസി ∙ ഇന്ത്യയിൽ മാധ്യമസ്വാതന്ത്ര്യം ദുർബലമായെന്നും പ്രവർത്തനപരമായ ജനാധിപത്യത്തിന് പത്രസ്വാതന്ത്ര്യം വളരെ നിർണായകമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. വ്യാഴാഴ്ച വാഷിങ്ടൻ ഡിസിയിലെ നാഷനൽ പ്രസ് ക്ലബിൽ മാധ്യമപ്രവർത്തകരുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. ദേശീയ രാഷ്ട്രീയവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചർച്ച ചെയ്ത രാഹുൽ, ഇന്ത്യയിൽ പത്രസ്വാതന്ത്ര്യം ഭീഷണിയിലാണെന്നും ലോകത്തിന് അത് കാണാൻ കഴിയുമെന്നും അവകാശപ്പെട്ടു.
സംസാരിക്കാനും, ചർച്ച ചെയ്യാനും അനുവദിച്ച ഇന്ത്യയിലെ വ്യവസ്ഥാപിത ചട്ടക്കൂടിനു നിയന്ത്രണമേർപ്പെടുത്തിയിരിക്കയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യയിലെ വ്യത്യസ്ത സംസ്‌കാരങ്ങൾ, ഭാഷകൾ, ചരിത്രങ്ങൾ എന്നിവ തമ്മിലുള്ള ചർച്ചയായാണ് ഞാൻ ഉദ്ദേശിക്കുന്നത്. ഈ ചർച്ചകൾ സമ്മർദത്തിലാണ്, അദ്ദേഹം പറഞ്ഞു. ഇത് സ്ഥാപനങ്ങളുടെയും പത്രമാധ്യമങ്ങളുടെയും മേലുള്ള കൃത്യമായ പിടിമുറുക്കലാണെന്നും അദ്ദേഹം ആരോപിച്ചു.
ഞാൻ കേൾക്കുന്നതെല്ലാം ഞാൻ വിശ്വസിക്കുന്നില്ല. ഞാൻ ഇന്ത്യയിലുടനീളം നടന്ന് ദശലക്ഷക്കണക്കിന് ഇന്ത്യക്കാരോട് സംസാരിച്ചു, അവർക്കു വലിയ സന്തോഷമുണ്ടെന്ന് എനിക്ക് തോന്നിയില്ല. പണപ്പെരുപ്പം പോലുള്ള ഗുരുതരമായ സാമ്പത്തിക പ്രശ്‌നങ്ങളുണ്ടെന്ന് ജനങ്ങൾ സമ്മതിച്ചു രാഹുൽ ഗാന്ധി പറഞ്ഞു. വിദേശ മണ്ണിൽ കോൺഗ്രസ് നേതാവിന്റെ ഈ പരാമർശം ഇന്ത്യയുടെ പ്രതിച്ഛായ മോശമാക്കിയെന്ന് ബിജെപി ആരോപിച്ചു.
English Summary: Rahul Gandhi Claims Press Freedom Weakening In India