ADVERTISEMENT

ഹൂസ്റ്റണ്‍ ∙ ഡിസാന്റിസ് കളത്തില്‍ ഇറങ്ങിക്കഴിഞ്ഞു. മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇനി വിയര്‍ക്കും എന്നാണ് ഫ്‌ളോറിഡ ഗവര്‍ണറുടെ ആരാധകർ പ്രതീക്ഷിക്കുന്നത്. എന്നാല്‍ സത്യത്തില്‍ ട്രംപിന് വെല്ലുവിളിയാകാന്‍ ഡിസാന്റിസിന് കഴിയുമോ? മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഏറ്റവും ഒടുവില്‍ നടന്ന അഭിപ്രായ സര്‍വേയിലും ഫ്‌ളോറിഡ ഗവര്‍ണര്‍ റോണ്‍ ഡിസാന്റിസിനെ മറികടന്നു എന്നാണ് മോണ്‍മൗത്ത് യൂണിവേഴ്‌സിറ്റി പോള്‍ പറയുന്നത്.

 

മെയ് 18-24 ന് ഇടയിലാണ് മോണ്‍മൗത്ത് യൂണിവേഴ്സിറ്റി വോട്ടെടുപ്പ് നടന്നത്. ഇലോണ്‍ മസ്‌കിനും ഡേവിഡ് സാക്സിനും ഒപ്പം ട്വിറ്റര്‍ സ്പേസിലെ തകര്‍പ്പന്‍ പരീക്ഷണത്തില്‍ മേയ് 24 വൈകുന്നേരമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുമെന്ന് ഡിസാന്റിസ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അതിനു തൊട്ടുമുന്‍പുള്ള ദിവസങ്ങളിലായിരുന്നു സര്‍വേ വോട്ടെടുപ്പ്. 

 

മോണ്‍മൗത്ത്  ട്രാക്കിങ് വോട്ടെടുപ്പ് വളരെ ഉയര്‍ന്ന നിലവാരത്തിലുള്ളതാണ്. 538 റേറ്റിങില്‍ 'എ'യുള്ള സ്ഥാപനമാണ് ഇത്. മേയ് മാസത്തില്‍, 655 റിപ്പബ്ലിക്കന്‍ ചായ്‌വുള്ള വോട്ടര്‍മാരുടെ വോട്ടെടുപ്പ് അനുസരിച്ച്, 43% പേര്‍ ട്രംപിനെ 2024 ല്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്റ് നോമിനിയായി കാണാന്‍ ആഗ്രഹിക്കുന്നുവെന്ന് പറയുന്നു. എന്നാല്‍ വെറും 19% പേര്‍ മാത്രമാണ് ഡിസാന്റിസിനെ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി കാണുന്നത്. 

 

2022 ഡിസംബറില്‍, മോണ്‍മൗത്ത് സര്‍വകലാശാലയുടെ വോട്ടെടുപ്പില്‍ റിപ്പബ്ലിക്കന്‍, റിപ്പബ്ലിക്കന്‍ ചായ്‌വുള്ളവരിൽ ഒന്നാമതുള്ള സ്ഥാനാർഥിയായിരുന്നു ഡിസാന്റിസ്. 39 ശതമാനമായിരുന്നു അദ്ദേഹത്തിനു അക്കാലത്ത് ഉണ്ടായിരുന്ന പിന്തുണ. ട്രംപിന്റെ പിന്തുണയാകട്ടെ വെറും 26% ശതമാനം മാത്രമായിരുന്നു. 2023 ഫെബ്രുവരിയോടെ, മോണ്‍മൗത്തിന്റെ വോട്ടെടുപ്പില്‍ ഇരുവര്‍ക്കും പിന്തുണ 33 ശതമാനമായി തുല്യത പാലിച്ചു. 2023 മാര്‍ച്ചോടെ ട്രംപിന്റെ പിന്തുണ 41% ആയി ഉയര്‍ന്നു. ഡിസാന്റിസിന്റെ പിന്തുണയാകട്ടെ 27% ആയി കുറയുകയും ചെയ്തു. 

 

പൊതുവേ, ഒരു സ്ഥാനാർഥിക്ക് അവരുടെ പ്രചാരണ വേളയില്‍ പിന്തുണ നഷ്ടപ്പെടുന്നത് അനുയോജ്യമല്ല എന്നാണ്  വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ഡിസംബറിലെ വോട്ടെടുപ്പിന് ശേഷമുള്ള മാസങ്ങളില്‍, ഡിസാന്റിസിന് വോട്ടെടുപ്പില്‍ പിന്തുണ കുറഞ്ഞു വരുന്നതാണ് കണ്ടത്. നവംബറില്‍ സ്ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചതിനു ശേഷം ട്രംപിന്റെ പിന്തുണ അടിക്കടി വര്‍ധിക്കുന്നതാണ് കണ്ടത്. 

 

ഡിസാന്റിസ് തന്റെ പ്രസിഡന്റ് സ്ഥാനത്തേക്കുള്ള ഓട്ടം പ്രഖ്യാപിക്കാന്‍ വൈകിയതും ട്രംപിന് ഗുണകരമായി. 50 ലധികം പ്രതിനിധികള്‍, 11 സെനറ്റര്‍മാര്‍, രണ്ട് ഗവര്‍ണര്‍മാര്‍ എന്നിവരുള്‍പ്പെടെയുള്ള GOP അംഗങ്ങളുടെ പിന്തുണ ട്രംപിന് ലഭിച്ചതും ശ്രദ്ധേയമാണ്. ട്രംപിനെ പിന്തുണയ്ക്കുന്ന സഭാംഗങ്ങളില്‍ ഫ്ളോറിഡയിലെ കോണ്‍ഗ്രസ് പ്രതിനിധി സംഘത്തില്‍ നിന്നുള്ള നിരവധി പേര്‍ ഉള്‍പ്പെടുന്നു എന്നതും ഡിസാന്റിസിന് തിരിച്ചടിയാണ്. 

 

ബൈറണ്‍ ഡൊണാള്‍ഡ്സ്, ഡഗ് സ്റ്റ്യൂബ് തുടങ്ങിയ അംഗങ്ങള്‍ ഡിസാന്റിസിനെതിരെ പരസ്യമായി രംഗത്തുവരികയും ചെയ്തു. അദ്ദേഹത്തെ അംഗീകരിക്കാത്ത അംഗങ്ങളെ ഡിസാന്റിസ് ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണവുമായി അടുത്തിടെ ഇവര്‍ രംഗത്തുവന്നിരുന്നു. 

 

ട്രംപിന്റെ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍, ഡിസാന്റിസ് വളരെ തുച്ഛമായ പിന്തുണ മാത്രമാണ് നേടിയിട്ടുള്ളത്. ജനപ്രതിനിധിസഭയില്‍ നിന്ന് അഞ്ച് പേര്‍ മാത്രമാണ് സര്‍വേയില്‍ അദ്ദേഹത്തിന് പിന്തുണയുമായി രംഗത്തുവന്നത്. അദ്ദേഹം നിരവധി വിവാദ ബില്ലുകളില്‍ ഒപ്പുവെച്ചതും പിന്തുണ നഷ്ടപ്പെടുന്നതിന് കാരണമായെന്നു വിലയിരുത്തപ്പെടുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com