ADVERTISEMENT

വാഷിംഗ്ടൺ ∙ റിപ്പബ്ലിക്കൻ പാർട്ടിയുടെ പ്രസിഡന്റ് ടിക്കറ്റ് പ്രത്യാശിയും ഫ്ലോറിഡാ ഗവർണറുമായ റോൺ ഡിസാന്റിസും ഒരു നിയമക്കുരുക്കിൽപെട്ടിരിക്കുകയാണ്. ബേയർ കൗണ്ടി പ്രോസിക്യൂട്ടറുടെ ഓഫീസ് ഡിസാന്റിസിനെതിരായ ക്രിമിനൽ കുറ്റാരോപണം തൽക്കാലം ഉടനെ അന്വേഷിച്ച് നടപടി എടുക്കേണ്ടതില്ല എന്ന് തീരുമാനിച്ചു.

ഫ്ലോറിഡ ഗവർണറുടെ ഭരണകൂടം മൂന്ന് ഡസൻ കുടിയേറ്റക്കാരെ യുഎസിന്റെ ദക്ഷിണ അതിർത്തിയിൽ നിന്ന് കാലഫോർണിയയിലേയ്ക്കു സ്വകാര്യ ഫ്ളൈറ്റുകളിൽ എത്തിച്ചു എന്ന ആരോപണം നിഷേധിച്ചു. സാക്രമെന്റായിൽ എത്തിയ രണ്ട് പ്ലെയിനുകളിൽ കൊളമ്പിയയിൽ നിന്നും വെനീസുവേലയിൽ നിന്നും മറ്റ് രാജ്യങ്ങളിൽ എത്തിയ അഭയാർഥികളാണ് ഉണ്ടായിരുന്നത്. ഇതുവരെ അൽപാസോയിൽ നിന്ന് കയറ്റി ന്യൂ മെക്സിക്കോയിലേയ്ക്കും  പിന്നീട് ചാർട്ടർ ചെയ്ത വിമാനങ്ങളിൽ കാലഫോർണിയയുടെ തലസ്ഥാനമായ സാക്രമെന്റോയിലേയ്ക്കും കൊണ്ടു പോയതായി കാലഫോർണിയ അറ്റേണി ജനറൽ റോബ് ബോന്റ പറഞ്ഞു. ഏതെങ്കിലും ക്രിമിനൽ, സിവിൽ നിയമങ്ങൾ ലംഘിച്ചിട്ടുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും പറഞ്ഞു. ഈ ഫ്ളൈറ്റുകൾ തങ്ങളാണ് സംഘടിപ്പിച്ചതെന്ന് ഡിസാന്റിസ് ഭരണകൂടം ആദ്യമായാണ് അംഗീകരിച്ചത്.

എന്നാൽ മാർത്താസ് വൈൻയാർഡിലെ റിസോർട്ടിൽ കുടിയേറ്റക്കാരെ എത്തിച്ചതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ തങ്ങൾക്ക് ലഭ്യമായിട്ടില്ലെന്ന് മാസ്സച്യൂസറ്റ്സിലെ അധികാരികൾ പറഞ്ഞു.

വൈൻയാർഡിൽ അവരെ തൊഴിലും പാർപ്പിടവും കാത്തിരിക്കുന്നു എന്ന് വ്യാജ വാഗ്ദാനം നൽകി എന്നും ഡിസാന്റിസിനെതിരെ ആരോപിക്കുന്നു. കുടിയേറ്റക്കാർക്കുവേണ്ടി വാദിക്കുന്നവർക്ക് ഈ കുറ്റങ്ങൾ ലഘുവായതല്ല, സാൻ അന്റോണിയോവിൽ നിന്നുള്ള ഡെമോക്രാറ്റിക് പ്രതിനിധി ജോക്വിൻ കാസ്ട്രോ ‍ഡിസാന്റിസിനെതിരെ ക്രിമിനൽ നടപടികളുമായി മുന്നോട്ടു പോകണമെന്ന് ആവശ്യപ്പെട്ടു.

പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതിനുശേഷം ഫ്ളൈറ്റുകൾ തുടരുകയാണെന്ന് ആരോപണമുണ്ട്. ബേയർ കൗണ്ടി ഷെരീഫ് ജേവിയർ സലാസറുടെ ഓഫീസ് കഴിഞ്ഞ സെപ്റ്റംബറിലെ ഫ്ളൈറ്റുകളെക്കുറിച്ച് നടത്തിയ അന്വേഷണം പൂർത്തിയാക്കിയതായി പറഞ്ഞു. നിയമാനുസൃതമല്ലാതെ (കുടിയേറ്റക്കാരെ തടവിൽ പാർപ്പിച്ചതിന് പ്രോസിക്യൂഷൻ നടപടികൾ സ്വീകരിക്കുവാൻ ആവശ്യപ്പെട്ട് ക്രിമിനൽ കംപ്ലെയിന്റ് ഫയൽ ചെയ്തതായും പറഞ്ഞു.

സംശയമുള്ള പ്രതികളെ തിരിച്ചറിഞ്ഞതായി ഷെരീഫ് പറഞ്ഞിട്ടില്ല. കുടിയേറ്റക്കാരുമായി നേരിട്ട് ബന്ധപ്പെട്ടവരിലേയ്ക്കാണ് അന്വേഷണം നീളുന്നതെന്ന് ഷെരീഫ് പറഞ്ഞു. ഇതിനർത്ഥം ഡിസാന്റിസിനെ പേരെടുത്ത് പറഞ്ഞ് ഒരു അന്വേഷണം ഉടനെ ഉണ്ടാവില്ലെന്ന് നിരീക്ഷകർ വ്യാഖ്യാനിക്കുന്നു.

ഗവർണർ ഔദ്യോഗികമായി തന്നെ മനുഷ്യക്കടത്ത് നടത്തിയതായി എതിരാളികൾ ആരോപിക്കുന്നു. മറുവശത്ത് ടൈറ്റിൽ 42 അവസാനിച്ചതിനുശേഷം ടെക്സസ്, ന്യൂമെക്സിക്കോ, യുഎസ് സംസ്ഥാനങ്ങളിലേയ്ക്കു മനുഷ്യക്കടത്ത് നടത്തുന്ന കയോട്ടി(കയോട്ടിട്ടോ)കൾക്ക് ചാകരയാണെന്ന് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് തന്നെ സമ്മതിക്കുന്നു. പത്ത് വർഷത്തിലധികമായി പടർന്ന് പന്തലിച്ച ഈ തൊഴിൽ ഇപ്പോൾ ചെയ്യുന്നത് പ്രധാനമായും കൗമാരപ്രായക്കാരായ കുട്ടികളാണ്. കൃശഗാത്രരായ ഈ കുട്ടികൾക്ക് അതിവേഗം ഓടി അതിർത്തി കാക്കുന്ന നിയമപാലകരെ വെട്ടിച്ച്, ഓരോ കുടിയേറ്റക്കാരനിൽ നിന്നും 2,000 മുതൽ 9,000 വരെ ഡോളർ വാങ്ങി അതിർത്തി കടത്തിവിടാൻ കഴിയുന്നു.

അൽപാസോയ്ക്കു പടിഞ്ഞാറുള്ള സൺലാൻഡ് പാർക്കിനും അനാപ്രാ (മെക്സിക്കോ) ഭാഗത്തെ ബോർഡർ വേലിയുടെ വിടവിൽ സദാ കണ്ണും നട്ടിരിക്കുന്ന സൗൾ (മുഴുവൻ പേർ പറയില്ല) ഒരു കയോട്ടിയാണ്. അപകടം നിറഞ്ഞ മലയിടുക്കുകളിലൂടെ അവൻ ഒരു ശരം കണക്കെപായുന്നു. കുടിയേറ്റക്കാരെ 30 അടി ഉയരമുള്ള വേലിക്കിടയിലൂടെയോ തീരെ ദുർബലമായി കോണി കയറിയോ അപ്പുറത്തേയ്ക്കു എത്തിക്കുവാൻ അവന് അസാധാരണ കഴിവുണ്ട്.

ഇവനും ഇവനെപ്പോലെയുള്ള മറ്റുള്ളവർക്കും ഇത് ചാകരക്കാലമാണ്. കോവിഡ് കാലത്തുണ്ടായിരുന്ന ടൈറ്റിൽ 42 അവസാനിച്ചത് ഇവർക്ക് അനുഗ്രഹമായി. ടൈറ്റിൽ 42 പ്രാബല്യത്തിലായിരുന്നപ്പോൾ രോഗം പകരുമെന്ന ഭീതിയിൽ അതിർത്തിയിൽ പിടികൂടുന്നവരെ ഉടനെ തന്നെ മെക്സിക്കോയ്ക്കു അയച്ചിരുന്നു. 42 ന്റെ അഭാവത്തിൽ മനുഷ്യക്കടത്തിന്റെ കൂലി വർധിച്ചു. കടത്തും വർധിച്ചു. ഇപ്പോൾ ആളൊന്നിന് 2,000 ഡോളർ മുതൽ 5,000 ഡോളർ വരെ, ചിലപ്പോൾ 9,000 ഡോളർ വരെയും റിയോഗ്രാൻഡിലോ ന്യൂമെക്സിക്കോ അതിർത്തിയിലോ വരെ എത്തിക്കുവാൻ വാങ്ങുന്നതായാണ് അറിവ്.

കുടിയേറ്റക്കാർക്ക് ഇപ്പോൾ യുഎസ് ഗവൺമെന്റ് ഏർപ്പെടുത്തിയിട്ടുള്ള ഫോൺ ആപ് ഡൗൺ ലോഡ് ചെയ്തു അഭയാർഥി അപേക്ഷയ്ക്കു അപ്പോയിന്റ്മെന്റ് നേടാം. 2020 അവസാനത്തോടെ പുറത്തിറക്കിയ ആപ് സി ബി പി വൺ ആപ്പിൽ സൗജന്യമാണ്. ഒരു ദിവസം ഈ ആപ്പിൽ ഏതാണ്ട് 1,070 സ്ലോട്ടുകൾ ഉണ്ടാവും. ഈ വർഷം ജനുവരി പകുതി മുതൽ ഏപ്രിൽ വരെ ഏതാണ്ട് 79,000 പേർ ആപ് പ്രയോജനപ്പെടുത്തിയതായി കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ പറഞ്ഞു. സി യു ഡാഡ് ഹുവാരസ് ഡൗൺ ടൗണിൽ കുടിയേറ്റക്കാർ ധാരാളമായി വൈ ഫൈ സഹായത്തോടെ ഈ ആപ് ഉപയോഗിച്ചിരുന്ന കേന്ദ്രം മേയ് 22 ന് മെക്സിക്കൻ പൊലീസ് അടച്ചു പൂട്ടി.

English Summary: Officials investigate whether DeSantis was involved with recent flight bringing asylum seekers

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com