ADVERTISEMENT

ന്യൂയോർക്ക് ∙ ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭാ സമ്മേളനത്തോടനുബന്ധിച്ചു യുഎൻ ആസ്ഥാനത്തു നടക്കുന്ന സുസ്ഥിര വികസന ഉച്ചകോടിയിൽ പങ്കെടുക്കാൻ മലപ്പുറം മഅദിൻ അക്കാദമിക്കു ക്ഷണം. സുസ്ഥിര വികസന ലക്ഷ്യങ്ങൾക്കു പിന്തുണ നൽകുന്നതിന് ഇന്ന് നടക്കുന്ന വിശ്വാസാധിഷ്ഠിത നെറ്റ്‌വർക്കുകളുടെ സം​ഗമത്തിൽ മഅദിൻ അക്കാദമിയുടെയും വിവിധ രാജ്യാന്തര സംഘടനകളുടെയും കൂട്ടായ്മയായ ഇന്റർനാഷനൽ ഇന്റർഫെയ്ത്ത് ഹാർമണി ഇനിഷ്യേറ്റീവ് ഡയറക്ടർ ഉമർ മേൽമുറി പങ്കെടുക്കും. ബുധൻ, വ്യാഴം ദിവസങ്ങളിൽ ഐക്യരാഷ്ട്ര സംഘടനാ ആസ്ഥാനത്തു നടക്കുന്ന തുടർ പരിപാടികളിലും മഅദിൻ പ്രതിനിധി സംബന്ധിക്കും. മത സൗഹാർദ പ്രചാരണത്തിനായുള്ള രാജ്യാന്തര വേദിയായ റിലീജിയൻ ഫോർ പീസിന്റെ നേതൃത്തിലുള്ള സംഘടനകളാണ് സം​ഗമത്തിന് മേൽനോട്ടം വഹിക്കുന്നത്.

umar
ഇന്റർനാഷനൽ ഇന്റർഫെയ്ത്ത് ഹാർമണി ഇനിഷ്യേറ്റീവ് ഡയറക്ടർ ഉമർ മേൽമുറി

2030 ലേക്കു ലക്ഷ്യമിട്ട 17 സുസ്ഥിര വികസന ലക്ഷ്യങ്ങളിൽ ഒന്നു പോലും നേടാനാവാത്ത രാജ്യങ്ങളുണ്ടെന്ന റിപ്പോർട്ടുകൾക്കിടയിലാണ് ഇന്നു മുതൽ രണ്ടു ദിവസങ്ങളിലായി ഉച്ചകോടിയും തുടർന്ന് പൊതുസഭയും ചേരുന്നത്. സമൂഹത്തിലെ താഴെത്തട്ടിലുള്ളവരുമായി നേരിട്ട് സംവദിക്കുന്ന വ്യക്തികളെയും കൂട്ടായ്മകളെയും ശക്തിപ്പെടുത്തുകയും സുസ്ഥിര വികസന ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് അവർക്ക് പിന്തുണയേകുകയും ചെയ്യുകയാണ് വിശ്വാസാധിഷ്ഠിത നെറ്റ്‌വർക്കുകളുടെ സം​ഗമത്തിന്റെ  ഉദ്ദേശ്യം. 

മതങ്ങൾക്കിടയിലെ സഹകരണം വളർത്തുന്നതിനും സുസ്ഥിര വികസനം  കൈവരിക്കുന്നതിനുമുള്ള ആഗോള ശ്രമത്തിൽ പങ്കാളിത്തം വഹിക്കാൻ മഅദിൻ അക്കാദമിക്കു ലഭിച്ച വിശേഷാവസരമാണിതെന്ന് മഅദിൻ ചെയർമാൻ സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. കോവി‍ഡ് നിയന്ത്രണങ്ങൾ കാരണം ഓൺലൈനിലേക്കു ചുരുങ്ങിയ ഇത്തരം കൂട്ടായ്മകൾ വീണ്ടും നേരിട്ടുള്ള സമ്മേളനങ്ങളിലേക്കു തിരിച്ചു വരുന്നുവെന്നത് ശുഭോദർക്കമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

2011ൽ മലേഷ്യയിലെ ഇന്റർനാഷനൽ ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റി, മലേഷ്യൻ പ്രധാനമന്ത്രിയുടെ യൂണിറ്റി ആൻഡ് ഇന്റഗ്രേഷൻ വിഭാഗം എന്നിവയോടൊപ്പം മഅദിൻ അക്കാദമി മുൻകൈയെടുത്ത് മലേഷ്യ ആസഥാനമായി രൂപീകരിച്ച ഇന്റർനാഷനൽ ഇന്റർഫെയ്ത്ത് ഹാർമണി ഇനിഷ്യേറ്റീവിലൂടെ അക്കാദമി വിവിധ യുഎൻ സംഘടനകളുമായും മറ്റ് രാജ്യാന്തര സംഘടനകളുമായും സഹകരിച്ച് പ്രവർത്തിക്കുന്നു.  ഇതിനായി എട്ട് രാജ്യാന്തര മതസൗഹാർദ സമ്മേളനങ്ങൾ സംഘടിപ്പിക്കുകയും  2018ലെ വൈസനിയം കോൺഫറൻസിൽ യുഎൻ അലയൻസ് ഓഫ് സിവിലൈസേഷനുമായി ധാരണാപത്രം ഒപ്പിടുകയും ചെയ്തിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com