ബൈഡന് പറഞ്ഞു, എന്റെ പ്രായത്തെക്കുറിച്ച് എനിക്ക് നല്ല ധാരണയുണ്ട്, വയസ്സ് പ്രസിഡന്റിന് പാരയാകുമോ?

Mail This Article
ഹൂസ്റ്റണ്‍: ഇന്ത്യയില്‍ 89 വയസ്സും 90 വയസ്സുമൊക്കെയുള്ളവര്‍ പ്രസിഡന്റും പ്രധാനമന്ത്രിയും മുഖ്യമന്ത്രിയുമൊക്കെ ആകുന്നത് അത്ര പുതുമയുള്ള കാര്യമല്ല. ചെറുപ്പക്കാര്‍ വല്ലപ്പോഴുമൊക്കെ നേതൃനിരയില്‍ എത്തുമ്പോഴാണ് നമ്മുടെ നാട്ടില്‍ അതു വാര്‍ത്തയാകുന്നത്. ചെറുപ്പക്കാര്‍ നേതൃസ്ഥാനം ആഗ്രഹിക്കുന്നതു തന്നെ വലിയ പാതകം എന്ന മട്ടിലാണ് ഇവിടെ ആളുകളുടെ പെരുമാറ്റം തന്നെ. എന്നാല്‍ യുഎസിലാകട്ടെ ഇപ്പോള്‍ തിരഞ്ഞെടുപ്പുമായുള്ള ബന്ധപ്പെട്ടുള്ള ചര്‍ച്ചകളിലെല്ലാം നിറഞ്ഞു നില്‍ക്കുന്നത് പ്രസിഡന്റ് ബൈഡന്റെ പ്രായമാണ്. തൊട്ടുപിന്നിലുള്ള ഡൊണാള്‍ഡ് ട്രംപിനാകട്ടെ ബൈഡനേക്കാള്‍ വെറും നാലു വയസ്സിന്റെ ഇളപ്പം മാത്രമാണുള്ളത്.
എന്നാല്‍ ട്രംപ് അമേരിക്കയെ നശിപ്പിച്ചതു കൊണ്ടുമാത്രമാണ് ഈ വയസ്സാം കാലത്ത് തനിക്ക് ഈ പണിക്ക് ഇറങ്ങേണ്ടി വന്നതെന്നാണ് ബൈഡന്റെ പുതിയ വാദം. ജനങ്ങള്‍ തന്റെ പ്രായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് തനിക്ക് മനസ്സിലായെന്നും എന്നാല്‍ ഡൊണാള്‍ഡ് ട്രംപ് യുഎസ് ജനാധിപത്യത്തെ 'നശിപ്പിക്കാന്‍' ആഗ്രഹിച്ചതിനാലാണ് താന്‍ വീണ്ടും തിരഞ്ഞെടുപ്പിനായി മത്സരിക്കുന്നതെന്നുമാണ് ട്രംപ് വ്യക്തമാക്കിയിരിക്കുന്നത്.
80 വയസ്സുള്ള ഒരാള്‍ സാധാരണയായി പ്രായത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഒഴിവാക്കുകയാണ് പതിവ്. എന്നാല്‍ ന്യൂയോര്‍ക്കിലെ ഒരു ബ്രോഡ്വേ തിയേറ്ററില്‍ നടന്ന ഒരു ധനസമാഹരണത്തിനിടെ ബൈഡന്‍ വിഷയം അഭിസംബോധന ചെയ്തു. യുക്രെയ്ന്‍, കോവിഡ് തുടങ്ങിയ പ്രതിസന്ധികളെ നേരിടാന്‍ തന്റെ പ്രായം കൊണ്ടുള്ള അനുഭവം സഹായിച്ചതായി പറഞ്ഞു.
''പലരും എന്റെ പ്രായത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതായി തോന്നുന്നു,'' 'എന്നെ വിശ്വസിക്കൂ, മറ്റാരെക്കാളും എനിക്കിത് അറിയാം. ജനാധിപത്യം അപകടത്തിലായതിനാലാണ് ഞാന്‍ മത്സരിക്കുന്നത്. കാരണം 2024 ല്‍ ജനാധിപത്യം വീണ്ടും ബാലറ്റില്‍ വരുന്നു. പിന്നെ ഒരു ചോദ്യവും വേണ്ട: ഡൊണാള്‍ഡ് ട്രംപും അദ്ദേഹത്തിന്റെ MAGA റിപ്പബ്ലിക്കന്‍മാരും അമേരിക്കന്‍ ജനാധിപത്യത്തെ നശിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. മത്സരിക്കുകയല്ലാതെ എനിക്കു മുന്നില്‍ മറ്റു പോംവഴികളില്ല. - ബൈഡന്‍ പറഞ്ഞു.
'സ്വേച്ഛാധിപതികളെ' താന്‍ 'വണങ്ങുകയില്ല' എന്ന് ഡെമോക്രാറ്റ് കൂട്ടിച്ചേര്‍ത്തു, അമേരിക്കയെ വീണ്ടും മഹത്തരമാക്കുക (MAGA) എന്ന ട്രംപിന്റെ മുദ്രാവാക്യം റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ റഷ്യന്‍ മേധാവിത്വ സിദ്ധാന്തത്തിന് തുല്യമാണ്. 2020-ല്‍ അദ്ദേഹം തോല്‍പ്പിച്ച ട്രംപിനെതിരെ അടുത്ത വര്‍ഷം വീണ്ടും മത്സരിക്കുന്നതിന് മുമ്പ് ബൈഡന്റെ പ്രായത്തെക്കുറിച്ച് അമേരിക്കന്‍ വോട്ടര്‍മാര്‍ക്ക് ആശങ്കയുണ്ടെന്ന് അഭിപ്രായ വോട്ടെടുപ്പുകള്‍ കാണിക്കുന്നു.
വാഷിംഗ്ടണ്‍ പോസ്റ്റിലെ സ്വാധീനമുള്ള യുഎസ് കോളമിസ്റ്റായ ഡേവിഡ് ഇഗ്‌നേഷ്യസ്, കഴിഞ്ഞയാഴ്ച ബൈഡനോട് മത്സരിക്കരുതെന്ന് ആവശ്യപ്പെട്ടത് വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. ട്രംപിനെ തോല്‍പ്പിക്കുന്നതില്‍ ബിഡന്‍ തന്റെ 'ഏറ്റവും വലിയ നേട്ടത്തെ' തുരങ്കം വയ്ക്കുമെന്ന് പറഞ്ഞു. ഈ ആഴ്ച ന്യൂയോര്‍ക്കില്‍ നടക്കുന്ന യുഎന്‍ ജനറല്‍ അസംബ്ലിയില്‍ പങ്കെടുക്കുന്ന ബൈഡന് രണ്ടാം ടേമിന്റെ അവസാനം 86 വയസ്സ് തികയും. അദ്ദേഹത്തിന്റെ റിപ്പബ്ലിക്കന്‍ എതിരാളികള്‍ ഈ വിഷയം നിരന്തരം ജനമധ്യത്തില്‍ അവതരിപ്പിക്കുന്നത് ബൈഡന് വലിയ തിരിച്ചടിയാകുന്നതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
77 വയസ്സുള്ള ട്രംപ് - അടുത്ത വര്‍ഷം വിജയിച്ചാല്‍ തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ പ്രസിഡന്റായിരിക്കും - ഞായറാഴ്ച സംപ്രേക്ഷണം ചെയ്ത ഒരു അഭിമുഖത്തില്‍ ബൈഡന് ''വളരെ പ്രായമായില്ല'' എന്നാല്‍ ''കഴിവില്ല'' എന്നാണ് ട്രംപ് പരിഹസിച്ചത്. ബൈഡന്റെ പ്രായത്തെ ട്രംപ് ഒരിക്കലും നേരിട്ട് ആക്രമിക്കുന്നത് ഇതുവരെ കണ്ടിട്ടില്ല. പക്ഷേ ബൈഡന്‍ കഴിവുകെട്ടവനാണെന്നും കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കുന്നതില്‍ അശക്തനാണെന്നും അദ്ദേഹം തുടര്‍ച്ചയായി പരിഹസിക്കുന്നത് പതിവാണ്.
English Summary: US president Joe Biden said that he understood a focus on his age as he was running for re-election.