ADVERTISEMENT

 

ഹൂസ്റ്റണ്‍∙ ഇന്ത്യ– കാനഡ നയതന്ത്ര പോരില്‍ വെട്ടിലായിരിക്കുന്നത് സാക്ഷാല്‍ ബൈഡന്‍ ഭരണകൂടമാണ്. അയല്‍ രാജ്യമായ കാനഡയുമായുള്ള സഹകരണം പ്രധാനമാണ്. ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ പ്രധാന പങ്കാളിയായ ഇന്ത്യയെ പിണക്കാനും വയ്യ. ചൈനയെ പ്രതിരോധിക്കാനുള്ള യുഎസിന്റെ പ്രധാന തുറുപ്പു ചീട്ടാണ് ഇന്ത്യയുമായുള്ള അടുപ്പം. 

 

ഇപ്പോഴിതാ വിഷയത്തില്‍ ബൈഡന്‍ ഭരണകൂടം പുതിയൊരു തീരുമാനം എടുത്തതായാണ് സൂചന. കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര തര്‍ക്കത്തില്‍ നിന്ന് പരമാവധി വിട്ടുനില്‍ക്കാന്‍ ശ്രമിക്കുമെന്ന് ബൈഡന്‍ ഭരണകൂടം തീരുമാനമെടുത്തതായി റിപ്പോർട്ടുകൾ പറയുന്നു. നരേന്ദ്ര മോദി സര്‍ക്കാരുമായുള്ള ബന്ധത്തില്‍ കൈവരിച്ച പുരോഗതിയെ തടസ്സപ്പെടുത്താതിരിക്കാന്‍ ഇത് അനിവാര്യമാണെന്ന് പൊളിറ്റിക്കല്‍ സ്ട്രാറ്റജി സ്ഥാപനമായ സിഗ്‌നം ഗ്ലോബല്‍ അഡൈ്വസേഴ്സിന്റെ സ്ഥാപകന്‍ പറയുന്നു.

 

''ചൈനയെ മറികടക്കാന്‍ സഹായിക്കുന്നതിന് ഇന്ത്യയുമായി ഇടപഴകാന്‍ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ഞങ്ങള്‍ ചെയ്യുന്നു. കാനഡയുമായുള്ള ഇന്ത്യയുടെ തര്‍ക്കത്തില്‍ അമേരിക്ക ഒരുപരിധിയില്‍ കൂടുതല്‍ ഇടപെടുമെന്ന് ഞാന്‍ കരുതുന്നില്ല.'' - സിഗ്‌നം ചെയര്‍മാന്‍ ചാള്‍സ് മിയേഴ്‌സ് ബിഎന്‍എന്‍ ബ്ലൂംബെര്‍ഗ് ടെലിവിഷനില്‍ പറഞ്ഞു. എവര്‍കോറിലെ മുന്‍ വൈസ് ചെയര്‍മാനായിരുന്ന മൈയേഴ്സ്, ബൈഡന് വേണ്ടി പണം സ്വരൂപിക്കുന്ന ഏറെക്കാലമായുള്ള ഡെമോക്രാറ്റിക് പാര്‍ട്ടി ദാതാവാണ്.

 

ജൂണ്‍ 18 ന് വാന്‍കൂവറിന്റെ പ്രാന്തപ്രദേശമായ സറേയില്‍ വെടിയേറ്റ് കനേഡിയന്‍ പൗരനായ ഹര്‍ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് കാനഡയും ഇന്ത്യയും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.  ഇന്ത്യ വിഭജിച്ച് ഖലിസ്ഥാൻ  രാഷ്ട്രമെന്ന ആവശ്യത്തിന് വേണ്ടി വാദിച്ചിരുന്ന നിജ്ജാറിന്റെ കൊലപാതകവുമായി ഇന്ത്യന്‍ സര്‍ക്കാരിന് ബന്ധമുണ്ടെന്നതിന് വിശ്വസനീയമായ തെളിവുകളുണ്ടെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ ആരോപിച്ചിരുന്നു. 

 

കനേഡിയന്‍ മണ്ണില്‍  കനേഡിയന്‍ പൗരനെ കൊലപ്പെടുത്തുന്നതില്‍  വിദേശ സര്‍ക്കാരിന്റെ ഏതെങ്കിലും പങ്കാളിത്തം രാജ്യത്തിന്റെ  പരമാധികാരത്തിന്റെ അസ്വീകാര്യമായ ലംഘനമാണെന്നും ട്രൂഡോ ആരോപിച്ചിരുന്നു. കേസിന്റെ അന്വേഷണത്തില്‍ കാനഡയുമായി സഹകരിക്കണമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെന്‍ ഇന്ത്യയോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യ ഈ വിഷയത്തില്‍ സ്വീകാര്യമായ നടപടി സ്വീകരിക്കണമെന്നാണ് യുഎസ് ആഗ്രഹിക്കുന്നത്. 

 

എന്നാല്‍ യുഎസും മറ്റ് സഖ്യകക്ഷികളും ഇന്ത്യന്‍ നയതന്ത്രജ്ഞരെ പുറത്താക്കുന്നത് പോലുള്ള കടുത്ത പ്രതികാര നടപടികളൊന്നും സ്വീകരിക്കുന്നതില്‍ നിന്ന് വിട്ടുനിന്നു എന്നത് ശ്രദ്ധേയമാണ്. കൊലപാതകത്തില്‍ പങ്കാളിത്തം നിഷേധിച്ച ഇന്ത്യന്‍ സര്‍ക്കാര്‍, നിജ്ജാറിനെ തീവ്രവാദിയെന്ന് വിശേഷിപ്പിക്കുകയും കാനഡയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്കുള്ളിലെ 'ഇന്ത്യ വിരുദ്ധ പ്രവര്‍ത്തനങ്ങളെ' ചെറുക്കാതിരിക്കുകയും ചെയ്ത ട്രൂഡോയുടെ സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തു.

 

കാനഡ മുതിര്‍ന്ന ഇന്ത്യന്‍ നയതന്ത്രജ്ഞനെ രാജ്യത്ത് നിന്ന് പുറത്താക്കിതിനു പിന്നാലെ ഇന്ത്യ തിരിച്ചടിച്ചിരുന്നു. കനേഡിയന്‍മാര്‍ക്കുള്ള വീസ അപേക്ഷകള്‍ ഇന്ത്യ താല്‍ക്കാലികമായി നിര്‍ത്തിവയക്കുകയും ചെയ്തു. ഈ തീരുമാനം ദീര്‍ഘകാലത്തേക്ക് പിന്‍വലിക്കാതിരുന്നാല്‍ കാനഡയില്‍ നിന്നുള്ള ബിസിനസ്സും വിനോദ യാത്രകളും തടസ്സപ്പെടുത്തും.

 

''പ്രധാനമന്ത്രി ട്രൂഡോ ഈ ആരോപണങ്ങള്‍ പരസ്യമാക്കുന്നുണ്ടെങ്കില്‍ അതിന് മതിയായ തെളിവുകള്‍ അദ്ദേഹത്തിന്റെ പക്കല്‍ ഉണ്ടായിരുന്നിരിക്കണം. ആരോപണം അത്രത്തോളം ഗൗരവമുള്ളതാണെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. ആരോപണം സത്യമാണെങ്കില്‍, അത് കനേഡിയന്‍ മണ്ണില്‍ ഭരണകൂടം സ്പോണ്‍സര്‍ ചെയ്യുന്ന ഭീകരതയുടെ ഉദാഹരണമാണ്.'- മയേഴ്‌സ് പറഞ്ഞു. എന്നാല്‍ വിഷയം ഇത്രമാത്രം ഗൗരവതരമാണെങ്കിലും ഇതില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ യുഎസ് ശ്രമിക്കുമെന്നാണ് അദ്ദേഹം വിലയിരുത്തുന്നത്. അല്ലാത്തപക്ഷം ഇന്ത്യയുമായി നിലനില്‍ക്കുന്ന ഊഷ്മളമായ ബന്ധം തകരും എന്ന ചിന്തയാണ് യുഎസിനെ നയിക്കുന്നത് എന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. 

 

English Summary: US reluctant to interfere in India Canada issue

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT