തെയ്യം നിറഞ്ഞാടിയ വേദിയിൽ ബോസ്റ്റൺ കൾച്ചറൽ അസോസിയേഷന്റെ ഓണാഘോഷം

Mail This Article
ബോസ്റ്റൺ∙ ഓർത്തിരിക്കാൻ ഒരുപാട് സുന്ദര നിമിഷങ്ങൾ സമ്മാനിച്ച് യു.കെ ബോസ്റ്റൺ മലയാളി അസോസിയേഷൻ കാമിന്റെ(CAM) ഓണാഘോഷം നടത്തപ്പെട്ടു. ബോസ്റ്റൺ ഹാവൻ ഹൈ സ്കൂളിന്റെ ആഡിറ്റോറിയത്തിൽ നടത്തപ്പെട്ട ആഘോഷങ്ങൾക്ക് പ്രസിഡൻറ് നോബിളും സെക്രട്ടറി മനീഷും ചേർന്ന് നിലവിളക്ക് തെളിയിച്ച് ആരംഭം കുറിച്ചു. തുടർന്ന് അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ അരങ്ങിലെത്തി.
കേരളപുരുഷൻ , മലയാളി മങ്ക, കേരള കുമാരൻ. കേരള കുമാരി മത്സരങ്ങൾ കൗതുകവും പുതുമയുമുള്ള അനുഭവമായിരുന്നു ബോസ്റ്റൺ മലയാളി സമൂഹത്തിന്. നാട്ടോർമ്മകൾ ഉണർത്തി അരങ്ങിലെത്തിയ ഓണക്കളിയും ഇത്തവണത്തെ പ്രത്യേകതയായിരുന്നു. അനുഗ്രഹീത കലാകാരി ശ്വേതാ മുകുന്ദിന്റെ നേതൃത്വത്തിൽ അരങ്ങിലെത്തിയ തെയ്യം കലാരൂപത്തോടൊപ്പം മുടിയാട്ടും അകമ്പടിയായി വെളിച്ചപ്പാടും കുമ്മാട്ടിയും നിറഞ്ഞാടിയപ്പോൾ ഈ വർഷത്തെ ഓണാഘോഷങ്ങൾക്ക് ഹൃദയങ്ങളിൽ വിഭ്രമാത്മക സൗന്ദര്യത്തിന്റെ മാനം കൈവന്നു.
അപൂർവ്വമായി മാത്രം പ്രവാസികൾക്ക് ലഭിക്കുന്ന ദൃശ്യ വിരുന്നാണ് തെയ്യം അവതരണത്തിലൂടെ ബോസ്റ്റണിലെ മലയാളികൾക്ക് ലഭിച്ചത്. രുചിഭേദങ്ങൾ നിറഞ്ഞ സദ്യയും വടംവലി മത്സരവും, ആഘോഷങ്ങളോട് അനുബന്ധിച്ച് നടത്തപ്പെട്ട വിവിധങ്ങളായ മത്സരങ്ങളിലെ വിജയികൾക്ക് സമ്മാനവും വിതരണം ചെയ്ത് ട്രഷറർ ജെറിയുടെ നന്ദിപ്രകാശനത്തോടെ ആഘോഷങ്ങൾക്ക് സമാപ്തിയായി.