ADVERTISEMENT

ഫീനിക്സ് ∙ കലാക്ഷേത്ര യുഎസ്എയുടെ ചെണ്ട പഠനവിദ്യാലയത്തിലെ കലാകാരന്മാരുടെ അരങ്ങേറ്റം ശനിയാഴ്ച ഒക്ടോബർ 14ന് സ്കോട്ട്ഡൈല്  നഗരത്തിലെ ഹൊറിസോൺ പാർക്ക് ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. മേളകലാരത്നം  കലാമണ്ഡലം ശിവദാസ് ഗുരുക്കളുടെ ശിഷ്യത്വത്തിൽ  രാജേഷ് നായരുടെ നേതൃത്വത്തിലാണ്  അഞ്ചു കുട്ടികളടക്കം 11 കലാകാരുടെ ചെണ്ടവാദ്യം അരങ്ങേറ്റം നടക്കുന്നത്. കലാക്ഷേത്രയുടെ രണ്ടാമത്തെ ബാച്ചിന്റെ അരങ്ങേറ്റമാണിത്. കഴിഞ്ഞ തവണ ഏകദേശം മുപ്പതു കലാകാരൻമാർ ചെണ്ട വാദ്യ കലയിൽ അരങ്ങേറ്റം നടത്തിയതായി കലാക്ഷേത്ര യുഎസ്എയുടെ മുഖ്യ സംഘാടകരിൽ ഒരാളായ സുധീർ കൈതവന അറിയിച്ചു. 

 

മേളകലയിലെ രാജരസം തുളുമ്പുന്ന പഞ്ചാരിയുടെ അഞ്ച് കാലങ്ങളിൽ കാലപ്പൊരുത്തം കൈവിടാതെ കോല്‍പെരുക്കത്തിലൂടെ വാദ്യമേളം അഭ്യസിച്ചവരില്‍  12 വയസ്സുകാർ മുതല്‍ മധ്യവയസ്‌കര്‍ വരെയുണ്ട്. കലാകാരന്മാരുടെ ഉന്നമനത്തിനും അതിലൂടെ കേരളത്തിന്റെ കലയും സാഹിത്യവും സാംസ്‌കാരിക പൗരാണിക പൈതൃകവും പുതു തലമുറയ്ക്ക് പകർന്നു കൊടുക്കുക എന്ന ലക്ഷ്യത്തോടെ വളരെ മികച്ച രീതിയിൽ സുത്യർഹമായ സേവനം നടത്തിവരുന്ന പ്രമുഖ പ്രവാസി സംഘടനയാണ് കലാക്ഷേത്ര  യൂ.എസ്.ഏ.  ചെണ്ട സ്കൂൾ കൂടാതെ കലാക്ഷേത്രയുടെ ആഭിമുഖ്യത്തിൽ മലയാളം ഭാഷ സ്കൂൾ, മ്യൂസിക് സ്കൂൾ തുടങ്ങി വിവിധ സ്‌കൂളുകൾ പ്രവർത്തിക്കുന്നുണ്ട്.

 

മേളകലാരത്നം കലാമണ്ഡലം  ശിവദാസ് കേരള കലാമണ്ഡലം സർവകലാശാലയിൽ നിന്ന് കഥകളി ചെണ്ടയില്‍ ബിരുദവും ബിരുദാനന്ദ ബിരുദവും നേടി 1986 മുതല്‍ ഇരിഞ്ഞാലക്കുട ഉണ്ണായി വാരിയര്‍ കലാനിലയത്തില്‍ പ്രവർത്തിച്ചു വരുന്നു.  ചെണ്ട മേളം, തായമ്പക, കഥകളി ചെണ്ട എന്നീ രംഗങ്ങളില്‍ കഴിവ് തെളീയിച്ച അനുഗൃഹീത കലാകാരനാണ് ശ്രീ ശിവദാസ്. ഇന്ത്യന്‍ മിനിസ്റ്ററി ഓഫ് ഹ്യുമന്‍ റിസോഴ്‌സിന്റെ സീനിയര്‍ ഫെല്ലോഷിപ്പടക്കം കേരളത്തിലും പുറത്തുമായി ഒട്ടനവധി പുരസ്‌കാരങ്ങൾ അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.  മുപ്പതിലേറെ രാജ്യങ്ങളിൽ   നിരവധി കലാസാംസ്‌കാരിക പരിപാടികളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് ശിവദാസ് പങ്കെടുത്തിട്ടുണ്ട്. ആകാശവാണിയിലും ദൂരദര്‍ശനിലും എ-ഗ്രേഡ് ആര്‍ട്ടിസ്റ്റായ അദ്ദേഹം ‘ചെണ്ട പഠനസഹായി’ ‘ഇലഞ്ഞിത്തറ മേളം’ തുടങ്ങിയ ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.

 

പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് സ്വദേശിയായ രാജേഷ് നായർ വാദ്യകലാ പാരമ്പര്യമുള്ള കുടുംബാംഗവും, നന്നേ ചെറുപ്പത്തിൽ തന്നെ കലാമണ്ഡലം ശിവദാസിന്‍റെ ശിക്ഷണത്തിൽ തായമ്പക അഭ്യസിച്ച്, ആത്മീയാചാര്യനും, ഗീതാ പ്രഭാഷകനുമായ സ്വാമീ ചിന്മയാനന്ദ സരസ്വതിയുടെ തിരുമുമ്പിൽ അരങ്ങേറ്റം കുറിക്കുകയും ചെയ്തു. അമേരിക്കയിലും മറ്റ് രാജ്യങ്ങളിലുമായി നിരവധി ശിഷ്യ സമ്പത്തുള്ള ശ്രീ രാജേഷ് നായർ വിദ്യഭ്യാസ കാലഘട്ടത്തിനു ശേഷം അമേരിക്കയിലെ മിഷിഗണിൽ സ്ഥിരതാമസമാക്കി,  ഭാരതത്തിന്റെ  തനതായ കലാരൂപകളെയും സാംസ്കാരിക വൈവിധ്യവും പ്രോത്സാഹിക്കുവാനുമായി മിഷിഗൺ കലാക്ഷേത്രയെന്നൊരു  സ്ഥാപനം തുടങ്ങി നിരവധി കലാകാരന്മാരെ ഓരോവർഷവും വാർത്തെടുക്കുകയും, കലാപരിപോഷണത്തിന്‍റെ ഭാഗമായി  നോർത്ത് അമേരിക്കയിലുടനീളം വിവിധ നഗരങ്ങളിൽ കലാസാംസംസ്കാരിക പരിപാടികൾ സംഘടിപ്പിക്കുകയും  ചെയ്യുന്നു. 

 

ഏകദേശം ഒന്നര വർഷത്തോളം  നീണ്ട പരിശീലന ക്ലാസിനുശേഷമാണ് മേളം അഭ്യസിക്കുന്നവര്‍ അരങ്ങേറ്റം നടത്തുന്നത്. അരിസോനയിലെ മേള പ്രേമികളെ  ഈ മേളാഘോഷ ഉത്സവത്തിലേക്ക് സഹർഷം സ്വാഗതം ചെയ്യുന്നതായി ഈ പരിപാടിയുടെ പ്രായോജകർ അറിയിച്ചു. പ്രവേശനം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് 480.246.7546.

 

English Summary: Kalakshetra USA's Chandamela debut in Arizona on October 14th

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com