വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനെ പ്രശംസിച്ച് യുഎസ്
Mail This Article
ഹൂസ്റ്റണ്‍ ∙ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാനോളം പുകഴ്ത്താന്‍ യുഎസ് അടക്കമുള്ള രാജ്യങ്ങളുടെ തലവന്‍മാര്‍ മടിക്കാറില്ല. എന്നാല്‍ മോദിയുടെ മന്ത്രിസഭയിലെ ഒരു അംഗത്തെ യുഎസ് പോലുള്ള ഒരു രാജ്യം അത്രകണ്ട് പുകഴ്ത്തണമെങ്കില്‍ അതു വെറുതേ ആവില്ല. െൈബഡന്‍ ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ വിദേശകാര്യ മന്ത്രി എസ് ജയശങ്കറിനെയാണ് പ്രശംസിച്ചു രംഗത്തുവന്നിരിക്കുന്നത്.
ജയശങ്കര്‍ 'അവിശ്വസനീയമാംവിധം കഴിവുള്ളവന്‍' ആണെന്നും ആധുനിക ഇന്ത്യ-യുഎസ് ബന്ധങ്ങളുടെ 'ശിൽപി' എന്നും വിശേഷിപ്പിച്ചാണ് യുഎസ് രംഗത്തുവന്നിരിക്കുന്നത്. അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിലെ എക്കാലത്തെയും ഉയര്‍ന്ന റാങ്കിലുള്ള ഇന്ത്യന്‍-അമേരിക്കന്‍ മാനേജ്‌മെന്റ് ആന്‍ഡ് റിസോഴ്സ് ഡപ്യൂട്ടി സെക്രട്ടറി റിച്ചാര്‍ഡ് വര്‍മയാണ് ഒരു പൊതുപരിപാടിയില്‍ അദ്ദേഹത്തെ ഇങ്ങനെ വിശേഷിപ്പിച്ചത്. ഇന്ത്യന്‍ എംബസിയില്‍ ഇന്ത്യന്‍ സംസ്‌കാരത്തിന്റെ വൈവിധ്യവും ചടുലതയും ആഘോഷിക്കുന്ന പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹം ഇങ്ങനെ വിലയിരുത്തിയത്.
വിദേശകാര്യ മന്ത്രിയുടെ നേതൃത്വമില്ലായിരുന്നു എങ്കില്‍ ഞങ്ങള്‍ ഇന്ന് എത്തി നില്‍ക്കുന്ന ശക്തമായ സ്ഥലത്ത് ഒരിക്കലും എത്തുമായിരുന്നില്ല. - ബറാക് ഒബാമയുടെ ഭരണത്തിന്‍ കീഴില്‍ ഇന്ത്യയിലെ യുഎസ് അംബാസഡറായി സേവനമനുഷ്ഠിച്ച വര്‍മ വിലയിരുത്തി. ഈ സ്ഥാനത്ത് എത്തുന്ന ആദ്യ ഇന്ത്യന്‍ അമേരിക്കന്‍ വംശജനാണ് അദ്ദേഹം.
അടുത്തിടെ, ജയശങ്കര്‍ അമേരിക്കയില്‍ ഒരാഴ്ചത്തെ സന്ദര്‍ശനം നടത്തിയിരുന്നു. അദ്ദേഹം യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്യുകയും സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ കാണുകയും കമ്മ്യൂണിറ്റി, തിങ്ക് ടാങ്ക് പരിപാടികളില്‍ പങ്കെടുക്കുകയും ചെയ്തു. മഹാത്മാഗാന്ധിയുടെ പൈതൃകത്തെ ഉദ്ധരിച്ച് ഉന്നത ഉദ്യോഗസ്ഥനായ വര്‍മ, ഇന്ത്യയും യുഎസും തമ്മിലുള്ള ഉഭയകക്ഷി ബന്ധം പങ്കിട്ട ആശയങ്ങളിലും പങ്കിട്ട മൂല്യങ്ങളിലും കെട്ടിപ്പടുത്തതാണെന്നും പറഞ്ഞു.
യുഎസില്‍ സ്ഥിരതാമസമാക്കാന്‍ തീരുമാനിച്ച ഒരു പിതാവിന്റെ കഥ പരാമര്‍ശിച്ച അദ്ദേഹം ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയാകാനുള്ള തന്റെ യാത്ര ഒരു 'അമേരിക്കന്‍ കഥ' മാത്രമല്ല, ഒരു 'ഇന്ത്യന്‍ കഥ' കൂടിയാണെന്ന് പറഞ്ഞു. '60 വര്‍ഷം മുമ്പ്, പോക്കറ്റില്‍ വെറും 14 ഡോളറും (നിലവില്‍ 1,164 രൂപ) ഒരു ബസ് ടിക്കറ്റും മാത്രം വച്ചുകൊണ്ട് ഈ രാജ്യത്ത് സ്ഥിരതാമസമാക്കാന്‍ തിരഞ്ഞെടുത്ത വ്യക്തിയാണ് എന്റെ അച്ഛന്‍. അദ്ദേഹം ഇക്കാര്യം ഞങ്ങളെ ഇടയ്ക്കിടെ ഓര്‍മിപ്പിക്കാറുമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
തന്റെ മകൻ തന്റെ വേരുകളുള്ള രാജ്യത്ത് യുഎസ് അംബാസഡറായി സേവനമനുഷ്ഠിക്കുകയും ഇപ്പോള്‍ ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറിയായി സേവനമനുഷ്ഠിക്കുകയും ചെയ്യുന്നത് നീണ്ട ഷോട്ടുകളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയതാണ്. പക്ഷേ ഇത് അമേരിക്കന്‍ കഥയാണ്. ഒപ്പം ഇന്ത്യന്‍ കഥയും.- അദ്ദേഹം പറഞ്ഞു.
ഇന്ത്യ-യുഎസ് പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ഇന്ത്യന്‍-അമേരിക്കന്‍ കമ്മ്യൂണിറ്റിയുടെ കഠിനാധ്വാനത്തെ അദ്ദേഹം അഭിനന്ദിക്കുകയും 'ഈ നൂറ്റാണ്ടിലെ ഏറ്റവും സുദൃഢമായ ബന്ധങ്ങളിലൊന്നാണ്' ഇതെന്നുംപറഞ്ഞു. ഗാന്ധിജിയുടെയും മാര്‍ട്ടിന്‍ ലൂഥര്‍ കിങിന്റെയും ആശയങ്ങളില്‍ ഉരുത്തിരിഞ്ഞ ബന്ധം നാളെ ലോകത്തിന് തന്നെ വഴി കാട്ടുന്നതായിരിക്കും എന്നും അദ്ദേഹം വിലയിരുത്തുന്നു. ഇന്ത്യാ യുഎസ് ബന്ധത്തിലെ ഏറ്റവും കരുത്തുറ്റ പ്രസ്താവനകളിലൊന്നായി ഈ പരാമര്‍ശത്തെ രാഷ്ട്രീയ വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.