‘ഇന്ത്യയിൽ മാധ്യമപ്രവർത്തനം വെല്ലുവിളി നേരിടുന്നു’

Mail This Article
ന്യൂയോർക്ക് ∙ ഇന്ത്യയിൽ മാധ്യമ പ്രവർത്തനം വെല്ലുവിളികൾ നേരിടുകയും മാധ്യമ പ്രവർത്തകർ ആക്രമിക്കപ്പെടുകയും ചെയ്യുന്ന സ്ഥിതിയുണ്ടെന്ന് ഔട്ട്ലുക്ക് സീനിയർ എഡിറ്റർ കെ. കെ. ഷാഹിന. വാഷിങ്‌ടൻ ഡിസിയിൽ നാഷണൽ പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിൽ സംസാരിക്കവെയാണ് ഷാഹിന ഇക്കാര്യം ചൂണ്ടിക്കാട്ടിത്.
കമ്മിറ്റി ടു പ്രൊട്ടക്ട് ജേർണലിസ്റ്റ് നൽകുന്ന 2023 ലെ ഇന്റർനാഷനൽ പ്രസ് ഫ്രീഡം അവാർഡ് സ്വീകരിക്കാൻ എത്തിയതായിരുന്നു ഷാഹിന. ന്യൂയോർക്ക് സിറ്റിയിൽ വ്യാഴാഴ്ച നടന്ന വർണാഭമായ ചടങ്ങിൽ അവർ അവാർഡ് ഏറ്റുവാങ്ങി. ഏഷ്യാനെറ്റ് ന്യൂസ്, ജനയുഗം, തെഹൽക്ക, ദ ഓപ്പൺ, ദ ഫെഡറൽ തുടങ്ങിയ മാധ്യമങ്ങളിലും ഷാഹിന നേരത്തേ ജോലി ചെയ്തിരുന്നു.

ഫെർഡിനാന്റ് അയീറ്റേ (ടോഗോ), നിക ഗ്വറാമിയ(ജോർജിയ), മരിയ തെരേസ മൊണ്ടാനോ(മെക്സിക്കോ) എന്നിവരായിരുന്നു മറ്റു ജേതാക്കൾ. ഈ പുരസ്കാരം ലഭിക്കുന്ന ആദ്യ മലയാളിയാണ് ഷാഹിന.
നിർഭയമായി മാധ്യമപ്രവർത്തനം നടത്തുന്ന ജേർണലിസ്റ്റുകളെ ആദരിക്കുന്നതിനായി 1996 മുതൽ സിപിജെ (കമ്മിറ്റി ഫോർ പ്രൊട്ടക്റ്റ് ജേണലിസ്റ്റ്) നൽകി വരുന്ന പുരസ്കാരമാണിത്. ഇന്ത്യയിൽ നിന്ന് ഇതുവരെ മൂന്ന് മാധ്യമപ്രവർത്തകർക്ക് മാത്രമാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്. കശ്മീർ ജേണലിസ്റ്റായ യൂസഫ് ജമീൽ (1996), ഛത്തീസ്ഗഢിൽ നിന്നുള്ള മാലിനി സുബ്രഹ്മണ്യൻ (2016), ഡൽഹിയിൽ നിന്നുള്ള നേഹ ദീഷിത് (2019) എന്നിവർ.
മഅദനിക്കെതിരായ കേസിൽ കർണാടക പൊലീസ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയ സാക്ഷികൾ വ്യാജസാക്ഷികളാണെന്ന് തെളിയിച്ചു തെഹൽക്കയിൽ പ്രസിദ്ധീകരിച്ച വാർത്തയുമായി ബന്ധപ്പെട്ട് നേരത്തെ ഷാഹിനക്കെതിരേ യുഎപിഎ കേസെടുത്തിരുന്നു. 13 വർഷമായി തുടരുന്നു.
ഓൺലൈൻ ആക്രമണവും ട്രോളിംഗും നടക്കുന്നുണ്ടെന്നു ഷാഹിന പറഞ്ഞു. പക്ഷെ എനിക്കതു ശീലമായി. പലപ്പോഴും ഞാൻ അത് ശ്രദ്ധിക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ല. 2010 മുതൽ ഇന്ത്യയിലെ തീവ്രവാദ വിരുദ്ധ നിയമപ്രകാരം കുറ്റം ചുമത്തപ്പെട്ട 17 പത്രപ്രവർത്തകരെ കുറിച്ച് സി. പി. ജെക്ക് അറിയാമെന്ന് സമിതിയുടെ ഇന്ത്യൻ പ്രതിനിധി കുനാൽ മജുംദർ പറഞ്ഞു. ആറ് പേർ ഇപ്പോഴും വിചാരണ കാത്ത് ജയിലിലാണെന്നും ഒമ്പത് പേർ ജാമ്യത്തിൽ പുറത്തിറങ്ങിയെന്നും അദ്ദേഹം പറഞ്ഞു. രണ്ടുപേരെ വെറുതെവിട്ടു. ആരും ശിക്ഷിക്കപ്പെട്ടില്ല.
ഇന്ത്യയിലെ നടപടിക്രമങ്ങൾ തന്നെ ശിക്ഷയാണ്. ഷാഹിന പറഞ്ഞു. എന്നാൽ എനിക്ക് എഴുതാനും പ്രസിദ്ധീകരിക്കുന്നതു തുടരാനും കഴിഞ്ഞു. ഈ പ്രതിസന്ധിയിൽ നിന്ന് അവസരങ്ങൾ സൃഷ്ടിക്കാൻ എനിക്കു കഴിഞ്ഞു. പീഡനങ്ങൾക്കിടയിലും ഇന്ത്യയിൽ നല്ല പത്രപ്രവർത്തനം നടത്തുന്ന റിപ്പോർട്ടർമാരും പ്രസിദ്ധീകരണങ്ങളും ഉണ്ടെന്ന് അവർ പറഞ്ഞു. കോടതികൾ, മന്ദഗതിയിലാണെങ്കിലും സ്വതന്ത്രമായി തുടരുന്നു. ജുഡീഷ്യറിയാണ് ഇപ്പോഴും ഞങ്ങളുടെ ഏക പ്രതീക്ഷ, അവർ പറഞ്ഞു.