മലങ്കര മാർത്തോമ്മാ സുറിയാനി സഭയ്ക്ക് മൂന്ന് വികാരി ജനറൽമാർ

Mail This Article
ന്യൂയോർക്ക് /തിരുവല്ല ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ വികാരി ജനറാളന്മാരുടെ നിയോഗ ശുശ്രൂഷ ഡിസംബർ 1 വെള്ളിയാഴ്ച രാവിലെ 7 മണിക്ക് ചരൽക്കുന്ന് ക്രിസ്ത്യൻ എജ്യുക്കേഷൻ ചാപ്പലിൽ വച്ച് ഭക്തിനിർഭരമായ ചടങ്ങിൽ നടത്തപ്പെട്ടു. റവ. തോമസ് കെ ജേക്കബ് ( വികാരി, തോന്ന്യമാല സെന്റ് തോമസ് മാർത്തോമാ ഇടവക), റവ.ഡോ. ഷാം പി തോമസ് (ഡയറക്ടർ, ബാംഗ്ലൂർ എക്യുമെനിക്കൽ ക്രിസ്ത്യൻ സെന്റർ), റവ. കെ വി ചെറിയാൻ (വികാരി, മല്ലപ്പള്ളി സെൻറ് ആൻഡ്രൂസ് മാർത്തോമ ഇടവക) എന്നീ കശീശന്മാരെയാണ് സഭയുടെ പുതിയ മൂന്ന് വികാരി ജനറാളന്മാരായി നിയമിച്ചത്.
മാർത്തോമ്മാ സഭയിൽ പ്രധാന സ്ഥാനമാണ് വികാരി ജനറാളന്മാർക്ക് . വികാരി ജനറൽ മെത്രാപ്പോലീത്തയുടെ ഡെപ്യൂട്ടി ആയി പ്രവർത്തിക്കുകയും ഇടവകകളുടെ ഭരണപരമായ ഉത്തരവാദിത്വങ്ങളുടെ മേൽനോട്ടത്തിൽ സഹായിക്കുകയും ചെയ്യുന്നു. ഇടവകകളുടെ ഏകോപനും , ഭരണം, അജപാലനം, പരിപാലനം എന്നിവയിൽ വികാരി ജനറാളന്മാർ നിർണായക പങ്കുവഹിക്കുന്നു. സഭയുടെ പ്രാദേശിക തലത്തിലും കേന്ദ്ര തലത്തിലും സുഗമമായ പ്രവർത്തനം ഉറപ്പാക്കുവാൻ മെത്രാപ്പോലീത്ത, മറ്റു ബിഷപ്പുമാർ, വൈദികർ എന്നിവരുമായി ചേർന്ന് പ്രവർത്തിക്കുന്നു. പുതിയതായി ചുമതലയിലേക്ക് പ്രവേശിക്കുന്ന വികാരി ജനറാൾമാരുടെ സേവനം സഭയുടെ വികസനത്തിനും,സുവിശേഷ വ്യാപനത്തിനും,മുഖാന്തമായിത്തീരുവാൻ ഇടയാകട്ടെ എന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത ആശംസിച്ചു.