ADVERTISEMENT

ഹൂസ്റ്റണ്‍∙ പ്രസിഡന്റ് ജോ ബൈഡന്‍ അടക്കമുള്ളവര്‍ ഉയര്‍ത്തുന്ന വാദമാണ് ഡോണൾഡ് ട്രംപ് അധികാരത്തില്‍ തിരിച്ചെത്തിയാല്‍ ജനാധിപത്യം തന്നെ അപകടത്തിലാകുമെന്ന്. ഇപ്പോഴിതാ ഡോണൾഡ് ട്രംപ് തന്നെ പ്രഖ്യാപിച്ചിരിക്കുന്നു, താന്‍ അധികാരത്തില്‍ എത്തിയാല്‍ ഒരു ദിവസത്തേക്ക് ഏകാധിപതി ആയിരിക്കുമെന്ന്. 

2024ലെ റിപ്പബ്ലിക്കന്‍ പ്രസിഡന്‍ഷ്യല്‍ സ്ഥാനാര്‍ത്ഥിത്വത്തില്‍ മുന്‍ നിരയിലാണ് ട്രംപിന്റെ സ്ഥാനം. ബൈഡനുമായുള്ള റീറണ്‍ ആയിരിക്കും ഈ വര്‍ഷം നടക്കുന്ന തിരഞ്ഞെടുപ്പ് എന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ജോ ബൈഡന്‍റെ പ്രസംഗങ്ങളില്‍ ട്രംപിന് രണ്ടാം ടേം ലഭിച്ചാല്‍ അമേരിക്കന്‍ ജനാധിപത്യത്തിന് അന്ത്യമാകുമെന്ന് വാദിക്കുന്നുണ്ട്. അതേസമയം തന്നെ സ്വേച്ഛാധിപതിയെന്ന് വിളിച്ച് വോട്ട് നേടാനാണ് എതിരാളികള്‍ ശ്രമിക്കുന്നതെന്ന് ഫോക്സ് ന്യൂസ് ടൗണ്‍ഹാളില്‍ സംസാരിക്കവെ ട്രംപ് പറഞ്ഞു. 'ഞാന്‍ യുദ്ധങ്ങളില്‍ ഏര്‍പ്പെട്ടിരുന്നില്ല. ഞങ്ങള്‍ സൈന്യത്തെ ഇവിടേക്ക് തിരികെ കൊണ്ടുവന്നു. അദ്ദേഹം (ജോ ബൈഡന്‍) ഇത് ഒരു രാഷ്ട്രീയ തന്ത്രമായി ഉപയോഗിക്കുന്നു.' എന്നിങ്ങനെയായിരുന്നു ട്രംപിന്റെ ആരോപണങ്ങള്‍. 

എന്നാലും യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ നിയമവിരുദ്ധമായ ക്രോസിങുകള്‍ അടച്ചുപൂട്ടുക, ഊര്‍ജ പദ്ധതികള്‍ ശക്തിപ്പെടുത്തുക എന്നീ രണ്ട് കാര്യങ്ങള്‍ ചെയ്യാന്‍ താന്‍ 'ഒരു ദിവസത്തേക്ക് ഏകാധിപതി' ആവാന്‍ പദ്ധതിയിടുന്നതായി മുന്‍ പ്രസിഡന്റ് പറഞ്ഞു. എന്നാല്‍ ഇതു കേവലം ഒരു ദിവസത്തേക്ക് മാത്രമായിരിക്കും. അതു ജനനന്മ ലക്ഷ്യമിട്ടുകൊണ്ടും ആയിരിക്കും. ഈ പദ്ധതികള്‍ക്കെതിരേയുള്ള എതിര്‍പ്പുകള്‍ വകവയ്ക്കില്ലെന്നും ട്രംപ് ജനക്കൂട്ടത്തോട് വ്യക്തമാക്കി. 

അധികാരത്തിലിരിക്കെ ഡെമോക്രാറ്റിക് നിയന്ത്രിത ജനപ്രതിനിധി സഭയില്‍ നിന്ന് രണ്ടുതവണ ഇംപീച്ച് നടപടികൾക്ക് വിധേയനായ ട്രംപ്, സെനറ്റിലെ റിപ്പബ്ലിക്കന്‍മാരുടെ പിന്തുണയോടെ രണ്ട് തവണയും കുറ്റവിമുക്തനാക്കപ്പെട്ടു. അതേസമയം ബൈഡന്‍ വിജയിച്ച 2020 ലെ തിരഞ്ഞെടുപ്പിനെ അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് മാര്‍ച്ച് 4 ന് ട്രംപ് വിചാരണയ്ക്ക് വിധേയനാകും.

ഒരു മുന്‍ പ്രസിഡന്റ് എന്ന നിലയില്‍, 2020 ലെ തിരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയ ആരോപണങ്ങളില്‍ മേല്‍ നടക്കുന്ന വിചാരണയില്‍ നിന്ന് അദ്ദേഹത്തിന് പരിരക്ഷയുണ്ടെന്ന ട്രംപിന്റെ അഭിഭാഷകന്റെ വാദങ്ങളില്‍ മൂന്ന് ജഡ്ജിമാരുടെ അപ്പീല്‍ കോടതി പാനല്‍ ആഴത്തിലുള്ള സംശയം പ്രകടിപ്പിച്ചു. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച 77 വയസുകാരനായ ട്രംപ്, ഡെമോക്രാറ്റുകളും പ്രസിഡന്റ് ബൈഡനും തനിക്കെതിരേ 'വളരെ അന്യായമായ' രാഷ്ട്രീയ പ്രേരിത പ്രോസിക്യൂഷന്‍ നടത്തുന്നുവെന്ന് ആരോപിക്കുകയും ചെയ്തു. 

അവര്‍ക്ക് തോന്നുന്നത് വിജയിക്കാനുള്ള വഴി അതാണെന്ന്. അതിനാണ് അവര്‍ ശ്രമിക്കുന്നതും. അത്തരമൊരു നീക്കം ഉണ്ടായാല്‍ ഈ നാട്ടില്‍ കലാപമാകും ഫലമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കുന്നു. ജോര്‍ജിയയിലും ട്രംപ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ നേരിടുന്നുണ്ട്. വൈറ്റ് ഹൗസില്‍ നിന്ന് പുറത്തുപോകുമ്പോള്‍ തന്നോടൊപ്പം അതീവ രഹസ്യ രേഖകള്‍ അനധികൃതമായി കൊണ്ടുപോയി എന്ന കുറ്റത്തിന് ഫ്‌ലോറിഡയിലും ട്രംപിനെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്.

അതിനിടെ ട്രംപിനെതിരേയുള്ള കേസുകള്‍ തനിക്ക് അനുകൂല സാഹചര്യമാക്കുന്നതിനുള്ള ശ്രമത്തിലാണ് റോണ്‍ ഡിസാന്റിസ്. പ്രൈമറിയില്‍ തീരുമാനമെടുക്കാത്ത അയോവ റിപ്പബ്ലിക്കന്‍മാരോട്, പ്രത്യേകിച്ച് ട്രംപിനെ ഇഷ്ടപ്പെടുന്നവരോട്, എന്നാല്‍ ബദല്‍ തേടുന്നവരോട് ഡിസാന്റിസ് നേരിട്ട് പിന്തുണ അഭ്യര്‍ത്ഥിച്ചിരിക്കുകകയാണ്. 2024 ലെ തിരഞ്ഞെടുപ്പ് സീസണിലെ ആദ്യ വോട്ടുകള്‍ രേഖപ്പെടുത്തുന്നതിന് മുമ്പ് ട്രംപിന് നല്‍കുന്ന പിന്തുണ പുനപരിശോധിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭ്യര്‍ഥന. അതിനു കാരണമായി പറയുന്നതാകട്ടെ ബൈഡന്‍-ട്രംപ് വീണ്ടും മത്സരം റിപ്പബ്ലിക്കന്‍മാര്‍ക്ക് അപകടകരമായ പന്തയമാകുമെന്നാണ് അദ്ദേഹത്തിന്റെ വാദം. 

'ഇത് റിപ്പബ്ലിക്കന്‍മാരെ സംബന്ധിച്ചിടത്തോളം പ്രശ്‌നം ഉയര്‍ത്തുന്നു: 2024 ലെ തിരഞ്ഞെടുപ്പ് എന്തിനെക്കുറിച്ചായിരിക്കണമെന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു?'' ഡെസ് മോയിന്‍സിലെ ഒരു ഫോക്‌സ് ന്യൂസ് ടൗണ്‍ ഹാളില്‍ ഡിസാന്റിസ് ചോദിച്ചു. 'ഡോണൾഡ് ട്രംപ് നോമിനി ആണെങ്കില്‍, തിരഞ്ഞെടുപ്പ് നിയമപരമായ പ്രശ്നങ്ങള്‍, ക്രിമിനല്‍ വിചാരണകള്‍, ജനുവരി 6 എന്നിവയെ ചുറ്റിക്കറങ്ങു. അത് അദ്ദേഹത്തിന്റെ റഫറണ്ടമായിരിക്കും.'

മുന്‍ പ്രസിഡന്റിനെ ഇപ്പോഴും ഇഷ്ടപ്പെടുന്ന റിപ്പബ്ലിക്കന്‍മാര്‍ക്ക് ഒരു ബദലായി സ്വയം അവതരിപ്പിക്കുന്ന ഡിസാന്റിസ് ട്രംപ് അനുകൂലികളുടെ മനസ്സ് മാറ്റാന്‍ മാസങ്ങളായി ശ്രമിക്കുന്നു. ട്രംപ് പരാജയപ്പെട്ട മേഖലകളില്‍ തനിക്ക് വിജയം വരിക്കാന്‍ കഴിയുമെന്ന് ഫ്‌ളോറിഡ ഉദാഹരണമാക്കി അദ്ദേഹം അവകാശപ്പെടുന്നു. 2020-ല്‍ കോവിഡ് രൂക്ഷമായതിനാല്‍ സ്‌കൂളുകളും ബിസിനസുകളും അടച്ചുപൂട്ടാനുള്ള സമ്മര്‍ദത്തെ ചെറുത്തതും ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. 

അനധികൃത കുടിയേറ്റം അവസാനിപ്പിക്കുന്നതില്‍ മുന്‍ പ്രസിഡന്റ് പരാജയപ്പെട്ടുവെന്നും അതിര്‍ത്തി മതില്‍ പൂര്‍ണ്ണമായി നിര്‍മ്മിച്ചില്ലെന്നും വാദിച്ച് ട്രംപിനെ അദ്ദേഹം പ്രതിരോധത്തിലുമാഴ്ത്തുന്നു. ഡിസാന്റിസിന് വോട്ട് ചെയ്യുന്നതിലൂടെ, മത്സരത്തിന്റെ ചലനാത്മകത ഉയര്‍ത്താനും ട്രംപിനെ പരാജയപ്പെടുത്താന്‍ കഴിയുമെന്ന് കാണിക്കാനും അയോവാന്‍സിന് കഴിയുമെന്നും അദ്ദേഹം പറയുന്നു. 

ട്രംപിന് പിന്നില്‍ രണ്ടാം സ്ഥാനത്തുള്ള ഡിസാന്റിസിന്റെ ഏറ്റവും വലിയ എതിരാളിയായ മുന്‍ യുഎന്‍ അംബാസഡര്‍ ട്രംപും നിക്കി ഹേലിയും സംസ്ഥാനത്ത് ചെലവഴിച്ച കുറഞ്ഞ സമയവും 99 കൗണ്ടികളിലെയും തന്റെ സ്വന്തം സന്ദര്‍ശനങ്ങളെ താരതമ്യം ചെയ്തുകൊണ്ട് താന്‍ സംസ്ഥാനത്ത് ചെലവഴിച്ച ഗണ്യമായ സമയത്തെക്കുറിച്ച് അദ്ദേഹം വോട്ടര്‍മാരെ ഓര്‍മിപ്പിക്കുന്നുമുണ്ട്.

English Summary:

Donald Trump Says Will Be Dictator For One Day To Achieve 2 Things

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com