മാഡിസൺ ഹൈസ്‌കൂളിൽ തിങ്കളാഴ്ച മുതൽ മൊബൈൽ ഫോണുകൾ നിരോധിക്കും
Mail This Article
ഹൂസ്റ്റൺ ∙ ഹൂസ്റ്റണിലെ മാഡിസൺ ഹൈസ്‌കൂളിൽ തിങ്കളാഴ്ച മുതൽ സെൽ ഫോണുകൾ നിരോധിക്കും. പുതിയ സെൽഫോൺ നയത്തിൽ പ്രതിഷേധിച്ച് നിരവധി വിദ്യാർഥികൾ ഇറങ്ങിപ്പോയി, ഈ ആഴ്‌ച സ്‌കൂളിൽ സെൽഫോണ്‍ കേന്ദ്രീകരിച്ച് പല തവണ വഴക്ക് നടന്നിട്ടുണ്ടെന്നും അത് കാരണം വിദ്യാർഥികൾക്ക് ക്യാമ്പസിൽ ആയിരിക്കുമ്പോൾ അവ ഉപയോഗിക്കാൻ കഴിയില്ലെന്നും വ്യക്തമാക്കി. ചില വഴക്കുകൾ ക്രൂരമായ മർദ്ദനങ്ങളിലാണ് അവസാനിച്ചത്.
എല്ലാവരെയും സുരക്ഷിതരാക്കുന്നതിനായി കൂടുതൽ എച്ച്ഐഎസ്‌ഡി പൊലീസ് അടുത്തയാഴ്ച മാഡിസൺ ഹൈസ്‌കൂളിൽ ഹാജരാകുമെന്ന് ജില്ലാ അധികൃതർ അറിയിച്ചു. അടുത്തിടെ കാമ്പസിൽ നടന്ന വഴക്കുകളെക്കുറിച്ചുള്ള ആശങ്കകൾ കാരണം സ്കൂൾ നിലവിൽ ലോക്ക്ഡൗണിലാണ്. തിങ്കളാഴ്ച മുതൽ സ്‌കൂൾ കെട്ടിടത്തിനുള്ളിൽ വിദ്യാർഥികളെ, ഏത് സമയത്തും അവരുടെ സെൽ ഫോൺ ഉപയോഗിക്കാൻ അനുവദിക്കില്ല. വിദ്യാർഥികൾ സ്കൂളിലേക്ക് വരുമ്പോൾ ഫ്രണ്ട് ഓഫിസിൽ ഫോൺ കൊടുത്ത് തിരിച്ചു പോകുമ്പോൾ ഫോൺ എടുക്കാവുന്നത് ആണെന്ന് രക്ഷിതാക്കൾക്ക് നൽകിയ പ്രസ്താവനയിൽ പറയുന്നു.