നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസന ദിനാചരണം മാർച്ച് 3ന്
Mail This Article
ന്യൂയോർക്ക് ∙ നോർത്ത് അമേരിക്ക മാർത്തോമ്മാ സഭ ഭദ്രാസനം മാർച്ച് 3നു ഭദ്രാസന ദിനമായി ആചരിക്കുന്നു. മാർച്ച് മാസത്തിലെ ആദ്യ ഞായറാഴ്ചയാണ് എല്ലാ വർഷവും ഭദ്രാസന ഞായറാഴ്ചയായി ആചരിക്കുന്നത്. മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ അംഗങ്ങൾ എന്ന നിലയിൽ ഒരുമിച്ചുള്ള യാത്രയിൽ ലഭിച്ച ദൈവിക മാർഗനിർദേശങ്ങൾക്കും അനുഗ്രഹങ്ങൾക്കും സർവ്വശക്തനായ ദൈവത്തിന് നന്ദി പറയാനുള്ള അവസരമാണ് ഭദ്രാസന ഞായർ. ലോകത്തിന്റെ ഈ ഭാഗത്ത് ആരാധനാ സമൂഹങ്ങൾ സ്ഥാപിക്കാൻ പ്രയത്നിച്ച പയനിയർമാരെ നന്ദിയോടെ സ്മരിക്കാം. നമ്മുടെ വൈദികരെയും അല്മായരെയും ഭദ്രാസനത്തിലെ എല്ലാ സംഘടനകളെയും മിഷൻ സംരംഭങ്ങളെയും പ്രാർഥനാപൂർവ്വം ഉയർത്തിപ്പിടിക്കാം. നമുക്ക് ഒരുമിച്ച് ധാരാളം ഫലം കായ്ക്കാനും ദൈവത്തിന് മഹത്വം നൽകാനും പ്രാർത്ഥിക്കാം. ഇതുമായി ബന്ധപ്പെട്ട് ഭദ്രാസന എപ്പിസ്കോപ്പ റൈറ്റ് റവ. ഡോ. എബ്രഹാം മാർ പൗലോസ് പുറത്തിറക്കിയ സന്ദേശത്തിൽ പറയുന്നു.
അന്നേ ദിവസം ഭദ്രാസനം തയാറാക്കിയ പ്രത്യേക ആരാധന ക്രമം ഉപയോഗിക്കേണ്ടതാണ്. രൂപതയുടെ വിവിധ പ്രവർത്തനങ്ങൾ, മിഷൻ പദ്ധതികൾ, പരിപാടികൾ എന്നിവയെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി മുൻകാലങ്ങളിൽ ചെയ്തതുപോലെ 'പുൾ പിറ്റ് ചേഞ്ച്' (പ്രസംഗപീഠം കൈമാറ്റവും) ക്രമീകരിച്ചിട്ടുണ്ട്. കൈകോർക്കാം. ഭദ്രാസന ശുശ്രൂഷയിൽ പിന്തുണ നൽകാനും പങ്കുചേരാനും ദൈവം എല്ലാവരേയുംശക്തിപ്പെടുത്തട്ടെ എന്നു തിരുമേനി ആശംസിച്ചു.