ADVERTISEMENT

ന്യൂയോർക്ക്/ കോട്ടയം ∙ ശബരിമലയിൽ അയ്യപ്പന് വേദമന്ത്രം ചൊല്ലിയ നാവും മനസ്സുമായി പി.എൻ.നാരായണൻ നമ്പൂതിരി യുഎസിലെത്തിയിട്ട് രണ്ടു മാസമാകുന്നു. സന്നിധാനത്ത് അയ്യനെ പൂജിക്കാൻ ഭാഗ്യം ലഭിച്ച നാരായണൻ നമ്പൂതിരിക്ക് ഇവിടെ പുതിയ നിയോഗം. 

പി.എൻ.നാരായണൻ നമ്പൂതിരി
പി.എൻ.നാരായണൻ നമ്പൂതിരി

ശബരിമലയിൽ മേൽശാന്തിയായിരുന്ന നാരായണൻ നമ്പൂതിരി മിസോറി സംസ്ഥാനത്തെ സെന്റ് ലൂയിസ് ഹിന്ദു ക്ഷേത്രത്തിലെ പൂജാരിയായി ചുമതലയേറ്റത് കഴിഞ്ഞ മാസമാണ്. സെന്റ് ലൂയിസ് ഹിന്ദു ക്ഷേത്രത്തിലെ അയ്യപ്പ ക്ഷേത്രത്തിലാണ് നാരായണൻ നമ്പൂതിരി പൂജ ചെയ്യുന്നത്. 

∙ സെന്റ് ലൂയിസ് ഹിന്ദു ക്ഷേത്രം
25 വർഷത്തെ പഴക്കമുണ്ട് സെന്റ് ലൂയിസിലെ ഹിന്ദു ക്ഷേത്രത്തിന്. വെങ്കിടേശ്വരനാണ് പ്രധാന പ്രതിഷ്ഠ. ശ്രീരാമൻ–സീത, കൃഷ്ണൻ–രാധ, ഗണപതി, ഹനുമാൻ, സുബ്രഹ്മണ്യൻ, ലക്ഷ്മീദേവി, അയ്യപ്പൻ തുടങ്ങിയ പ്രതിഷ്ഠകളും ക്ഷേത്രത്തിലുണ്ട്. 18 മൂർത്തികളുള്ള വലിയ ക്ഷേത്രമാണിത്. നാരായണൻ നമ്പൂതിരിയെ കൂടാതെ ആറു പൂജാരിമാർ കൂടി ഉണ്ട്. ശബരിമല സങ്കൽപത്തിലാണ് ഇവിടുത്തെ അയ്യപ്പ ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.

 pn-narayanan-namboothiri
2013–14 കാലഘട്ടത്തിലാണ് നാരായാണൻ നമ്പൂതിരി ശബരിമല മേൽശാന്തിയായിരുന്നത്.

‘‘പല ഭാഷകൾ സംസാരിക്കുന്ന, വ്യത്യസ്ത സംസ്കാരം പിന്തുടരുന്നവരാണ് യുഎസിൽ ജീവിക്കുന്നത്. ഇവിടം ഒരു വലിയ ക്യാൻവസാണ്. വലിയൊരു അനുഭവമാണ് ഇവിടെ എത്തിയതോടെ ലഭിച്ചത്. സെന്റ് ലൂയിസ് ഹിന്ദു ക്ഷേത്രം കന്നഡ – തെലുങ്ക് സമൂഹത്തിന്റേതാണ്. യുഎസിൽ ജീവിക്കുമ്പോഴും അവർ അവരുടെ സംസ്കാരം നിലനിർത്താനും നെഞ്ചോടു ചേർക്കാനും അതു പുതുതലമുറയ്ക്ക് പകർന്ന് നൽകാനുമാണ് ശ്രമിക്കുന്നത്. യുഎസിലെ ആഡംബര ജീവിതത്തിനൊപ്പം അവർ സംസ്കാരത്തെയും വിശ്വാസത്തെയും ചേർത്തുനിർത്തുന്നു. ആഗമശാസ്ത്ര പ്രകാരം ആണ് കന്നഡ – തെലുങ്ക് സമൂഹത്തിന്റെ ആരാധന. കേരളത്തിൽ തന്ത്രശാസ്ത്ര പ്രകാരം ആണ് പൂജ. ഈ മാറ്റം ചെറിയ വെല്ലുവിളിയായിരുന്നു.’’ – നാരായണൻ നമ്പൂതിരി പറയുന്നു.

പി.എൻ.നാരായണൻ നമ്പൂതിരി ഭാര്യയോടൊപ്പം.
നാരായാണൻ നമ്പൂതിരി ഭാര്യ രതി നാരായണനൊപ്പം

∙ ആത്മീയത മാത്രമല്ല പ്രധാനം
യുഎസിലെ ഇന്ത്യൻ വംശജരുടെ ആത്മീയോന്നതി മാത്രമല്ല ക്ഷേത്രത്തിന്റെ ലക്ഷ്യം. സാമൂഹിക സേവനം കൂടി ലക്ഷ്യമിട്ടാണ് പ്രവർത്തനം. ലൈബ്രറി, സ്റ്റാർ ഹോട്ടൽ സൗകര്യങ്ങളുള്ള അടുക്കള എന്നിവയും ഉണ്ട്. ആയിരത്തിലധികം പേർക്ക് ഒത്തുകൂടാനും ആഹാരം കഴിക്കാനും ഇവിടെ സൗകര്യമുണ്ട്. വളരെ തുച്ഛമായ വിലയ്ക്ക് ഇവിടെനിന്ന് ആഹാരം വാങ്ങാം. ശനി, ഞായർ ദിവസങ്ങളിലാണ് പ്രവർത്തനം.

 pn-narayanan-namboothiri
25 വർഷത്തെ പഴക്കമുണ്ട് സെന്റ് ലൂയിസിലെ ഹിന്ദു ക്ഷേത്രത്തിന്.

വിശാലമായ ലൈബ്രറിയിൽ പുരാണ ഗ്രന്ഥങ്ങളും മറ്റു പുസ്തകങ്ങളും ലഭ്യമാണ്. ഹിന്ദി, ഇംഗ്ലിഷ്, തെലുങ്ക്, കന്നഡ ഭാഷയിലെ പുസ്തകങ്ങളുണ്ട്. ഇതെല്ലാം കേരളത്തിലെ മഹാക്ഷേത്രങ്ങളിലെങ്കിലും പിന്തുടരാവുന്ന മാതൃകയാണെന്ന് നാരായണൻ നമ്പൂതിരി പറയുന്നു. ‘‘അറിവിന്റെ വഴിയിലൂടെ സഞ്ചരിക്കാനുള്ള ഇടങ്ങളായി നമ്മുടെ ക്ഷേത്രങ്ങളും മാറണം. നമ്മുടെ സംസ്കാരത്തെ തള്ളിപ്പറയാത്ത സാഹചര്യം ഉണ്ടാകണം.’’ – അദ്ദേഹം പറയുന്നു.

 pn-narayanan-namboothiri
നാരായാണൻ നമ്പൂതിരി ക്ഷേത്ര ഭാരവാഹിക്കൊപ്പം.

ക്ഷേത്രത്തിന്റെ 25–ാം വാർഷികം ബ്രഹ്മോത്സവം എന്ന പേരിൽ മേയ് 24 മുതൽ 28 വരെ ആഘോഷിക്കും. ഈ വർഷം ആദ്യമായി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല സമർപ്പിച്ചു. നിരവധി പേർ പൊങ്കാലയർപ്പിക്കാൻ എത്തിയിരുന്നു, കന്നഡ, തെലുങ്ക് സമൂഹത്തിന്റെ ആഘോഷമായ രഥസപ്തമിയും കഴിഞ്ഞ ദിവസം നടന്നു. 

 pn-narayanan-namboothiri
സെന്റ് ലൂയിസ് ഹിന്ദു ക്ഷേത്രത്തിലെ അയപ്പ പ്രതിഷ്ഠ.

രാവിലെ 9 മുതൽ 12 വരെയും വൈകിട്ട് 5 മുതൽ 8 വരെയുമാണ് ക്ഷേത്രത്തിലെ ദർശനസമയം. ശനി, ഞായർ ദിവസങ്ങളിൽ രാവിലെ 8.30 മുതൽ രാത്രി 8.30 വരെ നട തുറക്കും. തിരുപ്പതിയിലേതിന് സമാനമായി ലഡുവാണ് പ്രസാദമായി നൽകുന്നത്. വാഹന പൂജയും അർച്ചനയുമാണ് ക്ഷേത്രത്തിൽ കൂടുതലായി നടക്കുന്ന വഴിപാടുകൾ.

കോതമംഗലം തൃക്കാരിയൂർ പനങ്ങാറ്റംപള്ളി ഇല്ലത്തെ നാരായണൻ നമ്പൂതിരി 2013–14 കാലഘട്ടത്തിലാണ് ശബരിമല മേൽശാന്തിയായിരുന്നത്. പെരുമ്പാവൂർ ധർമശാസ്താ ക്ഷേത്രത്തിലെ പൂജാരിയായിരിക്കുമ്പോഴാണ് ശബരിമലയിൽ പൂജ ചെയ്യാൻ നിയോഗം ലഭിക്കുന്നത്.

English Summary:

Former Sabarimala Melshanti P. N. Narayanan Namboothiri has taken over as the Priest of St. Louis Hindu Temple in US

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com