ADVERTISEMENT

ഹൂസ്റ്റണ്‍ ∙ അഭിപ്രായ സര്‍വേയില്‍ ഡൊണാള്‍ഡ് ട്രംപിന്  പിന്നിലാണ് പ്രസിഡന്റ് ജോ ബൈഡന്‍. തിരഞ്ഞെടുപ്പിന്റെ എല്ലാ മേഖലയിലും പിന്നിലാണെങ്കിലും ഒരു മേഖലയില്‍ മാത്രം അദ്ദേഹം മുന്നിട്ടു നില്‍ക്കുന്നു, പ്രചാരണത്തിനായുള്ള പണത്തിന്റെ കാര്യത്തില്‍. ഒന്നിലധികം ക്രിമിനല്‍, സിവില്‍ കേസുകളിൽ  പോരാടുന്ന ട്രംപിന്റെ പണത്തിന്റെ ഏറിയ പങ്കും നിയമ പോരാട്ടത്തിനായി ചെലവഴിക്കേണ്ട സാഹചര്യമാണുള്ളത്. അതിനിടെയാണ് ഡെമോക്രാറ്റ് പാർട്ടി ഫണ്ട് ശേഖരണത്തില്‍ റിപ്പബ്ലിക്കന്‍ എതിരാളിയെക്കാള്‍ വലിയ മേധാവിത്വം പുലര്‍ത്തുന്നത്. ട്രംപിന്റെ പണക്ഷാമം അദ്ദേഹത്തെ പരിഹസിക്കാനുള്ള അവസരമാക്കിയും ബൈഡന്‍ സ്‌കോര്‍ ചെയ്യുന്നുണ്ട്. ശതകോടീശ്വരനാണെന്ന് സ്വയം പ്രഖ്യാപിച്ചിട്ടുള്ള ട്രംപിനെ ഇതിന്റെ പേരില്‍ കുത്തിനോവിക്കാനും ബൈഡന്‍ മടിച്ചില്ല. 

'കഴിഞ്ഞ ദിവസം, പരാജിതന്റെ ഭാവങ്ങളുമായി ഒരാള്‍ എന്റെ അടുത്ത് വന്ന് പറഞ്ഞു, 'മിസ്റ്റര്‍ പ്രസിഡന്റ്, എനിക്ക് നിങ്ങളുടെ സഹായം വേണം, ഞാന്‍ കടം കൊണ്ട് തകര്‍ന്നിരിക്കുന്നു. ഞാന്‍ പൂര്‍ണ്ണമായും ഇല്ലാതായി.- ഡാലസിലെ  ധനസമാഹരണ പരിപാടിയില്‍ ബൈഡന്‍ പറഞ്ഞു. 'ഡൊണള്‍ഡ്, ക്ഷമിക്കണം, എനിക്ക് നിങ്ങളെ സഹായിക്കാന്‍ കഴിയില്ല' എന്ന് എനിക്ക് മറുപടി പറയേണ്ടി വന്നു.' - ശ്രോതാക്കളുടെ കരഘോഷങ്ങള്‍ക്കിടയില്‍ ബൈഡന്‍ പറഞ്ഞു. 

അമേരിക്കയിലെ ഏറ്റവും പ്രായം കൂടിയ പ്രസിഡന്റ്ായ ബൈഡന്‍ ട്രംപുമായുള്ള മത്സരത്തിന് ഏഴ് മാസം മാത്രം ബാക്കി നില്‍ക്കേ ഏറ്റവും കുറഞ്ഞ അംഗീകാര റേറ്റിങ്ങില്‍ വലയുകയാണ്. അതിനിടെ ഈ സാമ്പത്തിക മേധാവിത്വം അദ്ദേഹത്തിന് അല്‍പം ആശ്വാസം പകരുന്നതാണ്. ഫെബ്രുവരി അവസാനത്തോടെ ബൈഡന്റെ പ്രചാരണത്തില്‍ 71 മില്യൻ ഡോളര്‍ കൈവശം ഉണ്ടായിരുന്നു എന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ട്രംപിന്റെ 33.5 മില്യൻ ഡോളറിന്റെ ഇരട്ടിയിലധികം വരും ഇതെന്ന് യുഎസ് ഫെഡറല്‍ തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഫയലിങ്ങുകള്‍ വ്യക്തമാക്കുന്നു. 

ഫെബ്രുവരിയില്‍ മാത്രം ബൈഡന്‍ 21.3 മില്യൻ ഡോളര്‍ സമാഹരിച്ചു, ട്രംപിന്റെ 10.9 മില്യൻ ഡോളറിന്റെ ഇരട്ടിയോളം വരും ഇത്. അതേസമയം ബൈഡന്‍ 6.3 മില്യൻ ഡോളര്‍ ചെലവഴിച്ചു. എന്നാല്‍ വരവ് കുറവാണെങ്കിലും ചെലവഴിക്കാന്‍ ട്രംപിന് മടിയുണ്ടായില്ല. 7.8 മില്യൻ ഡോളര്‍ അദ്ദേഹം ചെലവഴിച്ചു. എന്നിരുന്നാലും, ആ കണക്കുകള്‍ പൂര്‍ണ്ണമല്ലെന്നാണ് വിലയിരുത്തല്‍. വിവിധ ധനസമാഹരണ സമിതികളില്‍ നിന്നുള്ള ഫയലിങ്ങുകള്‍ ഏപ്രില്‍ വരെ നടത്തില്ല എന്നതാണ് കാരണം. ബൈഡന്റെ പ്രചാരണ സംഘം ഫെബ്രുവരിയില്‍ 53 മില്യണ്‍ ഡോളറിലധികം സമാഹരിച്ചിരുന്നു. 

2020 ലെ തിരഞ്ഞെടുപ്പ് പരാജയം അട്ടിമറിക്കാന്‍ ശ്രമിച്ചതിനും രഹസ്യ രേഖകള്‍ സൂക്ഷിച്ചതിനും ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കേസുകള്‍ നേരിടുന്നതിനാല്‍ ട്രംപിനെ സംബന്ധിച്ചിടത്തോളം ഏറ്റവും ആശങ്കാജനകമായ ഘടകം നിയമ നടപടികള്‍ക്ക് വേണ്ടി നല്‍കേണ്ട ഫീസാണ്. ട്രംപിന്റെ സേവ് അമേരിക്ക പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി ഫെബ്രുവരിയില്‍ 5.6 മില്യൻ ഡോളറാണ് അഭിഭാഷകരുടെ ബില്ലുകള്‍ക്കായി ചെലവഴിച്ചത്. തന്റെ സ്വത്ത് വഞ്ചനാപരമായ രീതിയില്‍ പെരുപ്പിച്ചതിന് ന്യൂയോര്‍ക്ക് കോടതിയില്‍ പിഴ ഈടാക്കാന്‍ 464 മില്യൻ ഡോളര്‍ ബോണ്ട് സ്വരൂപിക്കാന്‍ പാടുപെടുന്നതിനിടയിലാണ് ഈ കണക്കുകള്‍ ട്രംപിന്റെ ദുരിതങ്ങള്‍ വർധിപ്പിക്കുന്നത്.

സ്വന്തമായി വളര്‍ന്നുവന്ന വ്യവസായി, ശതകോടീശ്വരന്‍ എന്നീ നിലകളിലുള്ള പ്രതിച്ഛായയ്ക്ക് കോട്ടം തട്ടിയതിന്റെ ജാള്യത ട്രംപിനുണ്ട്. തട്ടിപ്പ് കേസിനെ തനിക്കെതിരെയുള്ള ഭരണകൂട വേട്ട ആയാണ് ട്രംപ് ചിത്രീകരിക്കുന്നത്. ഇത് പ്രചാരണത്തില്‍ തനിക്ക് അനുകൂലമാക്കുന്നതിന് ട്രംപ് പരമാവധി ശ്രമിക്കുകയും ചെയ്യുന്നു. 

'ഒരു മില്യണ്‍ ട്രംപ് അനുകൂല ദേശസ്‌നേഹികളോട് സംസാരിക്കാന്‍ ഞാന്‍ ആഹ്വാനം ചെയ്യുന്നു, പ്രസിഡന്റ് ട്രംപിനെതിരായ വേട്ടയാടല്‍ നിര്‍ത്തൂ!' 'നിങ്ങളുടെ വൃത്തികെട്ട കൈകള്‍ ട്രംപ് ടവറില്‍ നിന്ന് മാറ്റുക' തുടങ്ങിയ പ്രചാരണ സന്ദേശങ്ങളുമാടി ട്രംപ് പ്രചാരണ ടീം രംഗത്തുവന്നിരുന്നു. ബൈഡന്റെ പ്രചാരണ  സംഘം ട്രംപിന്റെ സാമ്പത്തിക സ്ഥിതിയെ 'കുപ്പത്തൊട്ടിയിലെ തീ' എന്നാണ് വിശേഷിപ്പിച്ചത്. 

എന്നാല്‍ കടുത്ത മത്സരത്തിന് സാധ്യതയുള്ള തിരഞ്ഞെടുപ്പ് അടുത്തതു കൊണ്ടും സമീപകാല വോട്ടെടുപ്പുകളില്‍ പ്രധാന സ്വിങ് സ്റ്റേറ്റുകളില്‍ ട്രംപ് ബൈഡനെ പിന്തള്ളുകയും ചെയ്തതിനാല്‍ ഡെമോക്രാറ്റുകള്‍ പരമാവധി ധനസമാഹരണമാണ് ലക്ഷ്യമിടുന്നത്. മാര്‍ച്ച് 28 ന് ബറാക് ഒബാമയും ബില്‍ ക്ലിന്റണും ന്യൂയോര്‍ക്കില്‍ നടക്കുന്ന ഒരു ധനസമാഹരണത്തില്‍ ബൈഡനോടൊപ്പം ചേരും.

മൂന്ന് ഡമോക്രാറ്റ് പ്രസിഡന്റുമാരെ അവതരിപ്പിക്കുന്ന ഇത്തരത്തിലുള്ള ആദ്യ പരിപാടിയും പാര്‍ട്ടി ചരിത്രത്തിലെ ഏറ്റവും ധനസമാഹരണം ലക്ഷ്യമിട്ടുള്ളതുമാണ്. ബൈഡന്റെ പ്രചാരണത്തിനായി 10 മില്യൻ ഡോളര്‍ സമാഹരിക്കാനാണ് ഗാല ഷോ സജ്ജീകരിച്ചിരിക്കുന്നത്. 42, 44, 46 യുഎസ് പ്രസിഡന്റുമാര്‍ക്കൊപ്പം ഫോട്ടോയില്‍ പോസ് ചെയ്യാന്‍ അതിഥികള്‍ക്ക് 100,000 ഡോളര്‍ വീതം നല്‍കേണ്ടിവരുമെന്ന് എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com