യുഎസിൽ മലയാളി കുടുംബത്തിന്റെ മരണം; അപകടം കാർ മരത്തിൽ ഇടിച്ച്, മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ
Mail This Article
കാലിഫോർണിയ ∙ സാൻ ഫ്രാൻസിസ്‌കോ ബേയ്ക്കടുത്ത് പ്ലസന്റണിൽ നാലംഗ മലയാളി കുടുംബം ഇലക്ട്രിക് കാർ അപകടത്തിൽ മരിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് യുഎസ് മലയാളികൾ . പത്തനംതിട്ട കൊടുമൺ ചെറുകര സ്വദേശി സൗത്ത് ബേ ടെക് കമ്പനി ഉദ്യോഗസ്ഥനായ തരുൺ ജോർജ്, ഭാര്യ റിൻസി, രണ്ടു മക്കൾ എന്നിവരാണ് മരിച്ചത്.
സ്റ്റോൺറിഡ്ജ് ഡ്രൈവിന് സമീപമുള്ള റോഡിൽ ബുധനാഴ്ച രാത്രി 9.30 നായിരുന്നു അപകടം. ഇവർ സഞ്ചരിച്ച ഇലക്ട്രിക് കാർ പോസ്റ്റിൽ ഉരസിയശേഷം ഓക്ക് മരത്തിൽ ഇടിക്കുകയായിരുന്നുവെന്നു ദൃക്സാക്ഷികൾ പറഞ്ഞു. മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിലായിരുന്നു. അപകടത്തിന് പിന്നാലെ തീ പിടിച്ച ഇലക്ട്രിക് കാർ പൂർണമായും കത്തി നശിച്ചു. അമിത വേഗത അപകടത്തിന് കാരണമായതായി സംശയിക്കുന്നു. അന്വേഷണ ഉദ്യോഗസ്ഥർ എത്തിയപ്പോൾ കാർ കത്തിക്കൊണ്ടിരിക്കുകയായിരുന്നു.
സമഗ്രമായ അന്വേഷണം നടത്തുകയാണെന്ന് പ്ലസന്റൺ പൊലീസ് വ്യക്തമാക്കി. കുട്ടികൾ തങ്ങളുടെ സ്‌കൂളിലെ വിദ്യാർഥികളാണെന്ന് പ്ലസന്റൺ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്ട് വ്യക്തമാക്കി. കുട്ടികളിൽ ഒരാൾ മിഡിൽ സ്കൂളിലും മറ്റൊരാൾ എലിമെന്ററി ക്ലാസിലുമാണ് പഠിക്കുന്നത്.
വളവുകളും മരങ്ങൾ നിറഞ്ഞതുമായ ഫുട്ട്ഹിൽ റോഡിലൂടെ നിരവധി ഡ്രൈവർമാർ അമിത വേഗതയിൽ സഞ്ചരിക്കുന്നതായി പരിസര വാസികൾ സോഷ്യൽ മീഡിയയിൽ കുറിച്ചു. നിരവധി അപകടങ്ങൾ ഈ റോഡിൽ പതിവായി നടക്കുന്നു. 'തരുൺ ജോർജ് വളരെ നല്ല വ്യക്തിയാണ്. എപ്പോഴും ഊർജ്ജസ്വലൻ. കൂടെ പ്രവർത്തിക്കാനും സംസാരിക്കാനും ഏറെ സന്തോഷം തോന്നിയ വ്യക്തി' സുഹൃത്ത് ഹസൻ ഷെയ്ക്ക് പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു. സുഹൃത്തുക്കളും അയൽവാസികളും അടക്കം നിരവധിപേർ അപകട സ്ഥലത്ത് എത്തി ആദരാഞ്ജലികൾ അർപ്പിച്ചു.
ചെന്നൈ അണ്ണാനഗർ ഈസ്റ്റിൽ താമസിക്കുന്ന ജോർജ് സി. ജോർജ് – അനിത ദമ്പതികളുടെ മകനാണ് തരുൺ ജോർജ്. തരുൺ ജോർജിന്റെ കുടുംബം വർഷങ്ങളായി ചെന്നൈയിലാണ് താമസം. സഹോദരി : റ്റാനിയ. പിതാവ് ജോർജ് സി ജോൺ പത്തനംതിട്ട കൊടുമൺ സ്വദേശിയാണ്. ചെന്നൈ അണ്ണാ നഗർ മാർത്തോമ്മാ ഇടവക അംഗങ്ങളാണ്.