ADVERTISEMENT

ന്യൂയോർക്ക് ∙ അമേരിക്കൻ മലയാളികൾ ഏറെ ആവേശത്തോടെ കാത്തിരിക്കുന്ന ജിമ്മി ജോർജ് മെമ്മോറിയൽ നാഷനൽ വോളീബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ ന്യൂയോർക്കിൽ പൂർത്തിയായി. മേയ് 25, 26 (ശനി, ഞായർ) ദിവസങ്ങളിലായി ന്യൂയോർക്ക് ക്വീൻസ് കോളജിൻറെ ഇൻഡോർ സ്റ്റേഡിയത്തിലാണ് (65-30  Kissena Blvd, Queens, NY 11367) മത്സരം.

പാലാ എംഎൽഎ മാണി സി. കപ്പനാണ് ടൂർണമെന്റ് ഉദ്ഘാടകൻ. തന്റെ ഉറ്റ സുഹൃത്തായ ജിമ്മി ജോർജിനെ സ്മരിക്കുവാനും ജിമ്മിയുമൊത്തുള്ള അസുലഭ മുഹൂർത്തങ്ങൾ നമ്മളുമായി പങ്ക് വയ്ക്കുവാനും ഇതിലും അനുയോജ്യനായ മറ്റൊരാളെ നമുക്ക് ലഭിക്കാനില്ല എന്നാണ് സംഘാടക സമിതി പ്രസിഡൻറ് ഷാജു സാം പറഞ്ഞത്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലായും കാനഡയിലെ വിവിധ പ്രൊവിൻസുകളിലായും രൂപപ്പെട്ടിരിക്കുന്ന ഇരുപതിലധികം വോളീബോൾ ടീമുകളാണ് ജിമ്മി ജോർജ് മെമ്മോറിയൽ വോളീബോൾ എവർ റോളിങ്ങ് ട്രോഫി കരസ്ഥമാക്കുവാനായി ഇത്തവണ മാറ്റുരക്കുന്നത്.

34th-jimmy-george-memorial-volleyball-tournament-in-new-york2

ഹൂസ്റ്റൺ ചലഞ്ചേഴ്‌സ്, കലിഫോർണിയ ബ്ലാസ്റ്റേഴ്‌സ്, വാഷിംഗ്‌ടൺ കിങ്‌സ്, ഫിലാഡൽഫിയ ഫിലി സ്റ്റാർസ്, നയാഗ്ര സ്പാർട്ടൻസ്, റോക്‌ലാൻഡ് സോൾഡിയേഴ്സ്, ഡാളസ് സ്‌ട്രൈക്കേഴ്‌സ്, ഷിക്കാഗോ കൈരളി ലയൺസ്, ന്യൂയോർക്ക് കേരളാ സ്‌പൈക്കേഴ്‌സ് ടീം എ, ടീം ബി,  വിർജീനിയ വാരിയേഴ്‌സ്, കനേഡിയൻ ലയൺസ്, നയാഗ്ര പാന്തേഴ്സ് എന്നീ പ്രശസ്ത വോളീബോൾ ടീമുകൾ കൂടാതെ പ്രസ്തുത ടീമുകളുടെ നാൽപ്പത് വയസ്സിനു മേൽ പ്രായമുള്ളവരുടെ അഞ്ചു ടീമുകളും, പതിനെട്ട് വയസ്സിന് താഴെയുള്ളവരുടെ അഞ്ചു ടീമുകളുമാണ് കൈപ്പന്ത് കളിയിലെ തീ പാറുന്ന മാസ്മരിക പ്രകടനങ്ങൾ കാഴ്ചവക്കുവാൻ സ്റ്റേഡിയത്തിൽ അണിനിരക്കുന്നത്.

ടൂർണമെൻറ് നിയന്ത്രിക്കുന്നതിനും വിജയികളെ കണ്ടെത്തുന്നതിനുമായി മൂന്ന് കോർട്ടുകളിൽ സമാന്തരമായി നടക്കുന്ന മത്സരങ്ങളുടെ വിധികർത്താക്കളായി 25 പ്രശസ്ത റഫറിമാരെയാണ് സംഘാടകർ ക്രമീകരിച്ചിരിക്കുന്നത്. മത്സരങ്ങളിൽ പങ്കെടുക്കുന്ന പ്രഗത്ഭരായ വോളിബോൾ താരങ്ങളെ അണിനിരത്തി 25-ന് ശനിയാഴ്ച രാവിലെ എട്ടു മണിക്ക് നടത്തപ്പെടുന്ന പരേഡിന് ശേഷമുള്ള ഉദ്ഘാടന സമ്മേളനത്തോടെ വോളീബോൾ മാമാങ്കത്തിന് തിരി കൊളുത്തപ്പെടും. പിന്നീടങ്ങോട്ട് രണ്ടു ദിവസം വൈകിട്ട് ആറ് മണി വരെ ആവേശകരമായ തീപാറുന്ന പ്രകടനങ്ങളാണ് അരങ്ങേറുന്നത്.  ഞായറാഴ്ച സമാപനത്തോടനുബന്ധിച്ച് വൈകിട്ട് ഏഴു മണിക്ക് ബാങ്ക്വറ്റ് ഡിന്നറും കലാപരിപാടികളും സംഘാടകർ ക്രമീകരിക്കുന്നുണ്ട്.

മാണി സി. കപ്പൻ, ജിമ്മി ജോർജ്
മാണി സി. കപ്പൻ, ജിമ്മി ജോർജ്

മാമാങ്കത്തിന് ഇനി പത്തു ദിവസം മാത്രം ബാക്കിനിൽക്കുമ്പോൾ ഇതിന്റെ ക്രമീകരണങ്ങൾക്ക് ചുക്കാൻ പിടിക്കുന്നത് ആതിഥേയരായ ന്യൂയോർക്ക് കേരളാ സ്‌പൈക്കേഴ്‌സ് വോളീബോൾ ക്ലബ്ബിന്റെ മുൻ കളിക്കാരും നിലവിലെ കളിക്കാരും ചേർന്നുള്ള സംഘാടക സമിതിയാണ്. സംഘാടക സമിതി പ്രസിഡൻറ് ഷാജു സാം, സെക്രട്ടറി അലക്സ് ഉമ്മൻ, ട്രഷറർ ബേബികുട്ടി, ജനറൽ കൺവീനറും ടീം മാനേജരുമായ ബിഞ്ചു ജോൺ, ടീം കോച്ച് റോൺ ജേക്കബ്, ഫണ്ട് റൈസിംഗ് കൺവീനർ സിറിൽ മഞ്ചേരിൽ, സുവനീർ കൺവീനർ ജോർജ് ഉമ്മൻ, അസിസ്റ്റൻറ് കോച്ച് അലക്സാണ്ടർ തോമസ്, റിഫ്രഷ്മെൻറ്  കൺവീനർ അലക്സ് സിബി, അഡ്വർടൈസ്‌മെൻറ് കോർഡിനേറ്റർ ജെയ്‌സൺ കെ. സജി, ട്രാൻസ്‌പോർട്ടേഷൻ കൺവീനർ ജെയിംസ് അഗസ്റ്റിൻ, ബാങ്ക്വറ്റ് കൺവീനർ ലിബിൻ ജോൺ, മീഡിയ കോർഡിനേറ്റർ കം പി.ആർ.ഓ. മാത്യുക്കുട്ടി ഈശോ, സോഷ്യൽ മീഡിയ കൺവീനർമാരായ ജസ്റ്റിൻ സജി, ഫെലിക്സ് സിബി, സ്‌പൈക്കേഴ്‌സ് ടീം ക്യാപ്റ്റൻ റയാൻ ഉമ്മൻ, ടീം വൈസ് ക്യാപ്റ്റൻ  ആൻഡ്രൂ മഞ്ചേരിൽ എന്നിവരും മറ്റു അഭ്യുദയ കാംക്ഷികളായ സ്‌പൈക്കേഴ്‌സ് ക്ലബ് അംഗങ്ങളും കഴിഞ്ഞ ഏതാനും മാസങ്ങളായി ടൂർണമെന്റ് ക്രമീകരണങ്ങളുടെ അശ്രാന്ത പരിശ്രമത്തിലായിരുന്നു.

ചിലവേറിയ ഈ ടൂർണമെന്റിന് സ്പോൺസേർസ് നൽകിയ സാമ്പത്തിക സഹായത്തിന് എത്ര നന്ദി പറഞ്ഞാലും മതിയാകില്ലെന്നും ട്രഷറർ ബേബികുട്ടിയും, ജനറൽ കൺവീനർ ബിഞ്ചു ജോണും, ഫണ്ട് റൈസിംഗ് കൺവീനർ സിറിൽ മഞ്ചേരിലും സംയുക്തമായി പറഞ്ഞു. എല്ലാവരും ഈ ടൂർണമെന്റിൽ മുഴുവൻ സമയവും പങ്കെടുത്ത്‌ വിജയിപ്പിക്കണമെന്ന് സംഘാടക സമിതി സെക്രട്ടറി അലക്സ് ഉമ്മൻ അറിയിച്ചു. ടൂർണമെന്റിന്റെ സ്മരണകൾ നിലനിർത്താനായി അതി മനോഹരമായ ഒരു സുവനീർ മത്സരത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്നതാണ് എന്ന് സുവനീർ കൺവീനർ ജോർജ് ഉമ്മൻ അറിയിച്ചു.

കൂടുതൽ വിവരങ്ങൾക്ക്: ഷാജു സാം: 646-427-4470, അലക്സ് ഉമ്മൻ: 516-784-7700, ബേബികുട്ടി തോമസ്: 516-974-1735, ബിഞ്ചു ജോൺ: 646-584-6859, സിറിൽ മഞ്ചേരിൽ: 917-637-3116.

English Summary:

34th Jimmy George Memorial Volleyball Tournament in New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com