കെ. എൽ. എസ് -ലാന ലിറ്റററി ക്യാംപ് സംഘടിപ്പിച്ചു
Mail This Article
ഓബ്രി(ടെക്സസ്)∙ മേയ് 10 ,11 , 12 തീയതികളിൽ കേരള ലിറ്റററി സൊസൈറ്റിയും ലിറ്റററി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കയും സംയുക്തമായി വിന്‍റർ ഹേവൻ റാഞ്ചിൽ നടത്തിയ മലയാളം ലിറ്റററി ക്യാംപ് വിജയകരമായി സമാപിച്ചു. മേയ് 10ന് കെ.എൽ.എസ്. പ്രസിഡന്‍റ് ഷാജു ജോണിന്‍റെ അധ്യക്ഷതയിൽ നടന്ന സമ്മേളനം പ്രശസ്ത ചലച്ചിത്രതാരവും എഴുത്തുകാരനുമായ തമ്പി ആന്‍റണി ഉദ്ഘാടനം ചെയ്തു. തുടർന്ന്, തമ്പി ആന്‍റണി നിർമ്മിച്ച 'ഹെഡ്മാസ്റ്റർ' എന്ന സിനിമ പ്രദർശിപ്പിച്ചു. മണ്മറഞ്ഞ സാഹിത്യകാരൻ കാരൂർ നീലകണ്‌ഠപിള്ളയുടെ പ്രശസ്ത നോവലായ 'പൊതിച്ചോറാ'ണ് ഈ സിനിമയുടെ അടിസ്ഥാനം.തുടർന്നുണ്ടായ ചർച്ചയിൽ പ്രമുഖ സിനിമ സംവിധായകൻ ഷാജി, മലയാള സിനിമ സംഗീത രംഗത്തെ പുതിയ വാഗ്ദാനം ജോ പോൾ തുടങ്ങിയവർ സജീവമായി പങ്കെടുത്തു.
11 ന് രാവിലെ നടത്തപ്പെട്ട സൂം മീറ്റിങ്ങിൽ ചെറുകഥാകൃത്ത് അർഷാദ് ബത്തേരി മുഖ്യ പ്രഭാഷണം നടത്തി. അമേരിക്കയുടെയും കേരളത്തിന്‍റെയും നാനാഭാഗത്തു നിന്ന് ലാനയുടെ അംഗങ്ങൾ സൂം മീറ്റിങ്ങിൽ പങ്കെടുത്തു. കെ എൽ എസ് മുൻ പ്രസിഡന്‍റ് അനുപയായിരുന്നു സൂം മീറ്റിങ് അവതാരക.
കെ-എൽ- എസ് സ്‌ഥാപക നേതാക്കളിലൊരാളും ആദ്യപ്രസിഡന്‍റുമായിരുന്ന അന്തരിച്ച മനയിൽ ചാക്കോച്ചന്‍റെ പേരിലുള്ള 2023 കെ എൽ എസ് ജേക്കബ് മനയിൽ കവിതാ പുരസ്കാരത്തിനു കവിയും അഭിനേത്രിയുമായ ബിന്ദു ടിജി അർഹയായി. മീറ്റിങ്ങിൽ ഷാജി മാത്യു തന്‍റെ അമ്മാവനായ മനയിൽ ചാക്കോച്ചനെ അനുസ്മരിച്ചു ചെറു പ്രസംഗം നടത്തി. സംവിധായകൻ ഷാജിയെമ്മിൽ നിന്നും പ്രശസ്തി പത്രവും, കെ. എൽ.എസ് ട്രഷറർ സി.വി. ജോർജിൽ നിന്നും ക്യാഷ് അവാർഡും മത്സര വിജയിയായ ബിന്ദു ടിജി ഏറ്റു വാങ്ങുകയും നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു
തുടർന്ന് ബിന്ദു റ്റിജിയുടെ നേതൃത്വത്തിൽ നടന്ന കവിതാ ചർച്ചയിൽ സിനിമ ഗാനരചയിതാവായ ജോ പോൾ, സാഹിത്യ സംഗീത ആസ്വാദകയും റിട്ടയേർഡ് അധ്യാപികയുമായ സാറ ടീച്ചർ, കവി പ്രിയ ഉണ്ണികൃഷ്ണൻ എന്നിവർ പങ്കെടുത്തു. കവിതയുടെ ആഴങ്ങളെന്ന വിഷയത്തെ അസ്പദമാക്കി ബിന്ദു ടിജി സംസാരിച്ചു. അനിലാൽ ശ്രീനിവാസന്‍റെ നേതൃത്വത്തിൽ "കഥ വരുന്ന വഴി"യെക്കുറിച്ചുള്ള ചർച്ച നടന്നു. രസകരമായിരുന്ന ഈ ചർച്ചയിൽ എഴുത്തുകാരായ തമ്പി ആന്‍റണി, ശങ്കർ മന, ഷാജു ജോൺ എന്നിവരായിരുന്നു പാനലിസറ്റുകൾ. അനിലാലിന്‍റെ പുതിയ പുസ്തകമായ ഈദുൾ സക്കാത്തിന്‍റെ കവർ പ്രകാശനം തമ്പി ആന്‍റണി നിർവഹിച്ചു.
ഹ്രസ്വചിത്രസംവിധായക ജിജി സ്‌കറിയയുടെ നേതൃത്വത്തിൽ നടന്ന സിനിമയും പോപ്കോണും എന്ന സിനിമാസാഹിത്യചർച്ചയിൽ ഹ്രസ്വചിത്ര സംവിധായകൻ കൂടിയായ അനിലാൽ ശ്രീനിവാസൻ, പ്രസിദ്ധസിനിമാ സംവിധായകൻ ഷാജി, സിനിമഗാനരചയിതാവായ ജോ പോൾ എന്നിവർ പാനലിസ്റ്റുകളായിരുന്നു. പടർന്നു പന്തലിച്ചു തണൽ വിരിച്ചു നിൽക്കുന്ന വലിയ സിർക്കോയ മരങ്ങളുടെ ചുവട്ടിൽ വട്ടംകൂടിയിരുന്നു നടത്തിയ ഈ കൂട്ടായ്മ ചിരിക്കും ചിന്തക്കും ഒപ്പം വഴി നൽകി.
ഡാലസിലെ നാടകരംഗത്തെ നിറ സാന്നിധ്യമായ ഹരിദാസും സന്തോഷ് പിള്ളയും ജയമോഹനും ചേർന്ന് ഡാലസ് ഭരതകലാ തീയറ്റേഴ്സിന്‍റെ ബാനറിൽ തിരക്കഥ തയാറാക്കിയ എഴുത്തച്ഛൻ നാടകത്തിന്‍റെ വിഡിയോ പ്രദർശ്ശിപ്പിച്ചു. സാഹിത്യകാരൻ സി. രാധാകൃഷ്ണൻ സാറിന്‍റെ “തീക്കടൽ കടഞ്ഞ് തിരുമധുരം”. എന്ന നോവലാണ് നാടകത്തിന്‍റെ അടിസ്ഥാനം. പ്രദർശനത്തെ തുടർന്നു കാണികളുടെ ചോദ്യങ്ങൾക്ക് രംഗ-സംവിധായകരിലൊരാളും സഞ്ചാരസാഹിത്യകാരനും കെഎൽ എസ് അംഗവുമായ സന്തോഷ് പിള്ള ഉത്തരം നൽകി.
സാഹിത്യവും സംഗീതവും സിനിമയും നാടകവും ഒരു കുടക്കീഴിൽ ചർച്ചക്കെടുത്ത് നടത്തിയ മീറ്റിങ്ങിനെ പങ്കെടുത്തവർ പ്രശംസിച്ചു. യൂണിവേഴ്സിറ്റി ഓഫ് ആസ്റ്റിൻ പ്രഫസർ ദർശ്ശന മനയത്തും മാധ്യമപ്രവർത്തകരായ പി പി ചെറിയാൻ, സണ്ണി മാളിയേക്കൽ, തുടങ്ങിയവരും കെഎൽ എസ്സിന്‍റെയും ലാനയുടെയും അംഗങ്ങളും എഴുത്തുകാരുമായ അനിലാൽ എസ്, ജോസ് ഓച്ചാലിൽ, മീനു എലിസബത്ത്, സി. വി ജോർജ്ജ് , അനശ്വർ മാമ്പള്ളി, സന്തോഷ് പിള്ള, അനുപ, ബാജി ഓടംവേലി സാറ തുടങ്ങിയവരും സജീവമായി പങ്കെടുത്തു. മദേർസ് ഡേയും നേഴ്സസ് ഡേയും ഒരുമിച്ചു വന്ന ഞായറാഴ്ച അമ്മമാമാരെയും നേഴ്‌സുമാരെയും ആദരിക്കുവാൻ സംഘാടകർ മറന്നില്ല. റോസാപ്പൂക്കളും ചോക്ക്ലേറ്റുകളും പാട്ടുകളും കവിതകളും ചെറു പ്രസംഗങ്ങളുമായി അമ്മമാരുടെ ദിനം അതീവ മനോഹരമാക്കിയത് അമ്മമാരും നേഴ്‌സുമാരും നന്ദിയോടും സ്നേഹത്തോടും ഏറ്റുവാങ്ങി.
ട്രഷറാർ സി. വി. ജോർജ് സാമ്പത്തിക ക്രമീകരണങ്ങൾക്കും റജിസ്‌ട്രേഷനും നേതൃത്വം നൽകി. ജിജി സ്‌കറിയയുടെ നേതൃത്വത്തിലായിരുന്നു ഗതാഗത ക്രമീകരണങ്ങൾ ഏർപ്പെടുത്തിയത്. യൂത്ത് ഓഫ് ഡാലസ് എന്ന സംഘടനയുടെ ചെറുപ്പക്കാരും ഇതിൽ സഹകരിച്ചു. മീനു എലിസബത്ത്, സുനിത ഹരിദാസ്, എന്നിവരാണ് ഭക്ഷണ ക്രമീകരണങ്ങൾക്കു പ്രധാന നേതൃത്വം നൽകിയത്. ആൻസി ഓച്ചാലിൽ, റോസമ്മ ജോർജ്, ഡോ: നിഷ ജേക്കബ്, ജൂലി രാജേഷ്, മിനി ബാജി, അൽഫോൻസാ ഷാജു, ഷാജി മാത്യു, ജിജി സ്കറിയ, മഞ്ജു ജിജി, ബാജി ഓടംവേലിൽ, ഷിജു എബ്രഹാം എന്നിവരും പരിപാടികൾക്ക് നേതൃത്വം വഹിച്ചു.
കെ എൽ എസ് അംഗങ്ങളുടെ ക്ഷണം സ്വീകരിച്ചു തന്‍റെ സ്വന്തം മൈക്കു സിസ്റ്റവുമായി വന്നു ക്യാംപിന്‍റെ ഒഴിവു സമയങ്ങളിലും സന്ധ്യകളിലും പാട്ടും ഗാനമേളയുമായി അംഗങ്ങൾക്കൊപ്പം കൂടിയ ചാക്കോ വർക്കിയും (ഷാജി) ഉണ്ടായിരുന്നു. കൗ ബോയ് , കൗ ഗേൾ വേഷത്തിൽ അംഗങ്ങൾ കുതിരലായങ്ങൾ സന്ദർശിക്കുകയും ജിജി സ്‌കറിയയുടെ ക്യാമറക്ക് മുന്നിൽ പാട്ടു പാടി നൃത്തം ചെയ്‌തതുമെല്ലാം മറക്കാനാവാത്ത അനുഭവങ്ങളായിരുന്നു.
ഹരിദാസും ഷാജുവും ഗാനമേളകൾക്കു നേതൃത്വം നൽകി. സ്വിമ്മിങ് പൂളിനരികിലെ ക്യാംപ് ഫയറും മാഷ്മെലോ റോസ്റ്റിങ്ങും ഡാൻസും കവിത ചൊല്ലലും ക്യാംപിനെ ആകർഷമാക്കി. 2025 ലെ ലാനയുടെ ലിറ്റററി ക്യാംപ് നാഷ് വിൽ ടെന്നസിയിലാണ് നടക്കുക.
ക്യാംപിന്‍റെ പ്രധാനസംഘാടകത്വം ലാനയെ പ്രതിനിധീകരിച്ച് ലാന സെക്രട്ടറി സാമുവൽ യോഹന്നാനും കേരളാലിറ്റററി സൊസൈറ്റിക്കുവേണ്ടി സെക്രട്ടറി ഹരിദാസ് തങ്കപ്പനും നിർവ്വഹിച്ചു. ലാന പ്രസിഡന്‍റ് ശങ്കർ മനയിലിന്‍റെയും കെ .എൽ. എസ് പ്രസിഡന്‍റ് ഷാജു ജോണിന്‍റെയും ട്രഷറർ സി.വി ജോർജിന്‍റെ യും ജോയിന്‍റ് ട്രഷറാർ അനശ്വർ മാമ്പിള്ളിയുടെയും ഫുഡ് കമ്മിറ്റി ചെയർ മീനു എലിസബത്തിന്‍റെയും പിന്തുണ സ്തുത്യർഹമായി.
ഈ മീറ്റിങ്ങിനു സാമ്പത്തിക സഹായങ്ങൾ തന്നു സഹായിച്ചവർ താഴെ പറയുന്ന വ്യക്തികളും അവരുടെ സ്ഥാപനങ്ങളുമാണ്.
ഷിജു എബ്രഹാം ഫിനാഷ്യൽ സെർവിസ്സസ്( ഷിജു എബ്രഹാം ), കേറ്റർ ട്റ്റു യു ഹോം ഹെൽത്ത് കെയർ , ടെക്സസ് ഹോസ്പിസ് സെർവിസ്സ് ഹെൽത്ത് കെയർ, ( ഷാജു ജോൺ ) , എം എസ് എൽ ഹെൽത്ത് കെയർ( റോയി പി.ടി ആൻഡ് ലീലാമ്മ ഐസക്) , ടൊയോട്ട ഓഫ് പ്ളാനോ ( അൻവർ അച്ചൻകുഞ്ഞ്) ന്യൂയോർക്ക് ലൈഫ് (സാമുവൽ യോഹന്നാൻ), ഇമ്പാക്ട് ടാക്സ് ( സുബിൻ മാത്യൂസ് സി പി എ), ടെക്സസ് പ്രോപ്പർട്ടി ബ്രോക്കേഴ്‌സ് - (അനിൽ മാത്യു ) ചെറിയാൻ ചൂരനാട് എയർ കണ്ടീഷൻ, ജജോ കാർ റിപ്പയർ (ജോജോ കോട്ടക്കൽ), സണ്ണി ജോർജ് എ സി റിപ്പയർ .