യുവാൾഡി സ്കൂൾ കൂട്ടകുരുതിയിൽ 500 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ്
Mail This Article
ഓസ്റ്റിൻ, ടെക്സസ് ∙ യുവാൾഡി എലിമെന്ററി സ്കൂൾ ഷൂട്ടിങ്ങിൽ കൊല്ലപ്പെട്ട 19 പേരുടെ കുടുംബങ്ങൾ 500 മില്യൻ ഡോളർ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേസ് നൽകി. യുഎസിന്റെ ചരിത്രത്തിൽ സ്കൂൾ പരിസരത്തു ഉണ്ടായ ഏറ്റവും ദാരുണമായ വെടിവപ്പുകളിൽ ഒന്നായ യുവാൾഡി കൊലപാതകങ്ങൾ നടന്നിട്ട് ഈ വെള്ളിയാഴ്ച രണ്ടു വർഷം തികയുകയാണ്.
സംഭവം നടക്കുമ്പോൾ സ്ഥലത്തു ഉണ്ടായിരുന്നുവെങ്കിലും പ്രതികരിക്കാതെ നിന്നു എന്നാരോപിക്കപ്പെടുന്ന 100 സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ ആണ് ഫെഡറൽ കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുന്നത്. തങ്ങൾ യുവാൾഡി നഗരവുമായി വർധിച്ച സുരക്ഷാ ക്രമീകരണങ്ങൾക്കും തദ്ദേശ പൊലീസിന് കൂടുതൽ മെച്ചമായ പരിശീലനം നൽകുന്നതിനും 2 മില്യൻ ഡോളറിന്റെ ഒരു ധാരണാപത്രത്തിൽ ഒപ്പു വെച്ചു എന്നും കുടുംബങ്ങൾ പറഞ്ഞു.
ദാരുണമായ കൊലപാതങ്ങളുടെ രണ്ടാം വാർഷികത്തിന് ഒരു ദിവസം മാത്രം ശേഷിക്കെ ഇങ്ങനെ ചില സംഭവ വികാസങ്ങൾ ഉണ്ടായതിൽ കുടുംബങ്ങൾ താത്കാലികമായി തൃപ്‌തരാണ്. 19 ഫോർത്ത് ഗ്രേഡ് കുട്ടികളും 2 ടീച്ചർമാരുമാണ് ഘാതകന്‍റെ വെടിയുണ്ടകൾക്കു ഇരയായത്. 2022 മേയ് 24 നായിരുന്നു സംഭവം. ഇതിനു മുൻപ് പല കേസുകൾ ഫയൽ ചെയ്തിട്ടുണ്ടെങ്കിലും, ഇത്രയും വലിയ നഷ്ടപരിഹാരം ആവശ്യപ്പെടുന്നത് ഇതാദ്യമായാണ്. നിയമ പാലകരുടെ പ്രതികരണത്തിൽ അനാസ്ഥ ഉണ്ടായി എന്നും അവരുടെ ഉത്തരവാദിത്തത്തിൽ നിന്ന് അവർക്കു ഒഴിഞ്ഞു മാറാനാവില്ല എന്നും കേസ് ആരോപിക്കുന്നു. 370 ൽ അധികം ഫെഡറൽ, സ്റ്റേറ്റ്, തദ്ദേശ പൊലീസ് ഉദ്യോഗസ്ഥർ അവിടെ ഉണ്ടായിരുന്നു, എന്നാൽ അവർ 70 മിനിട്ടിൽ അധികം നിഷ്ക്രിയരായിരുന്നു എന്നും ആരോപിക്കുന്നുണ്ട്.
ജസ്റ്റിസ് ഡിപ്പാർട്മെന്റ് 600 പേജ് ഉള്ള റിപ്പോർട്ട് കഴിഞ്ഞ ജാനുവരിയിൽ പുറത്തു വിട്ടിരുന്നു. ഇതിൽ ട്രെയിനിങ്, കമ്മ്യൂണിക്കേഷൻ, ലീഡർഷിപ്, ടെക്നോളജി രംഗങ്ങളിൽ സംഭവിച്ച വീഴ്ചകളെ കുറിച്ച് പറഞ്ഞിരുന്നു.