ADVERTISEMENT

ന്യൂയോർക്ക് ∙ ലോകമെമ്പാടുമുള്ള പ്രവാസികേരളീയരുടെ സംഗമവേദിയായ ലോക കേരള സഭയുടെ നാലാം സമ്മേളനം ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. കേരള നിയമസഭാമന്ദിരത്തിലെ ആർ ശങ്കരനാരായണൻ തമ്പി ഹാളാണ് ഇത്തവണയും സമ്മേളന വേദി. നൂറോളം രാജ്യങ്ങളിൽ നിന്നുള്ള 351 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും.

വടക്കേ അമേരിക്കയിൽ നിന്നുള്ള പ്രതിനിധികളിൽ മന്മഥൻ നായർ, ജോയ് ഇട്ടൻ, സിജിൽ പാലാക്കൽ, ഡേവിസ് ഫെർണാണ്ടസ് എന്നിവർ ഉൾപ്പെടുന്നു.മന്മഥൻ നായർ അമേരിക്കൻ മലയാളികൾക്ക് സുപരിചിതനായ വ്യക്തിയാണ്. മുൻ ഫൊക്കാന പ്രസിഡന്‍റ്, നിഫിയ ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സ് ഡാലസ് ഫൗണ്ടിങ് ഡയറക്ടർ കൂടിയാണ്. വിജയകരമായ ലോക കേരള സഭ അമേരിക്കൻ റീജൻ സമ്മേളനത്തിന്‍റെ കമ്മിറ്റി പ്രസിഡന്‍റ് എന്ന നിലയിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വടക്കേ അമേരിക്കയിൽ ഒന്നിലധികം മെഡിക്കൽ യൂണിവേഴ്സിറ്റികളുടെ സ്ഥാപക സിഇഒ കൂടിയായ അദ്ദേഹത്തിന് ഉന്നത വിദ്യാഭ്യാസ രംഗത്ത് വർഷങ്ങളുടെ പ്രവർത്തന പരിചയമുണ്ട്.

ന്യൂയോർക്കിലെ ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന ജോയ് ഇട്ടൻ ഫൊക്കാന എക്സി വൈസ് പ്രസിഡന്‍റ്, വെസ്റ്റ്ചെസ്റ്റർ മലയാളീ പ്രസിഡന്‍റ്, ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹം നിരവധി ചാരിറ്റി പ്രവർത്തനങ്ങൾ കേരളത്തിൽ നടത്തുന്നു. രണ്ടാം തവണയാണ് അദ്ദേഹം ലോക കേരള സഭയിൽ അംഗമാകുന്നത്.

കലിഫോർണിയയിൽ റിയൽ എസ്റ്റേറ്റ് രംഗത്ത് പ്രവർത്തിക്കുന്ന സിജിൽ പാലാക്കലോടി എന്നയാണ് മൂന്നാമത്തെ പ്രതിനിധി. വടക്കേ അമേരിക്കയിലെ കത്തോലിക്കാ കോൺഗ്രസ് പ്രസിഡന്‍റ്, ഫോമാ നാഷണൽ കമ്മിറ്റി മെമ്പർ, സർഗം പ്രസിഡന്‍റ്, കലിഫോർണിയ സ്റ്റേറ്റ് ഡിപ്പാർട്ടമെന്‍റ് ഫിനാൻസ് ഓഫിസർ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇരിട്ടി സ്വദേശിയാണ്.

ലോക കേരള സഭയുടെ നാലാം സമ്മേളനത്തിൽ കാനഡയിൽ നിന്നുള്ള പ്രമുഖ പ്രതിനിധിയായി ഡേവിസ് ഫെർണാണ്ടസ് പങ്കെടുക്കും. കൈരളി ടിവി കാനഡ ബ്യൂറോ ചീഫ്, വേൾഡ് മലയാളി കൗൺസിൽ ഒന്‍റാറിയോ പ്രസിഡന്‍റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന അദ്ദേഹം ഓൺലൈൻ മാധ്യമ മേഖലയിൽ ശ്രദ്ധേയനായ 'കാനേഡിയൻ താളുകൾ' എന്ന ഓൺലൈൻ മാധ്യമത്തിന്‍റെ സിഇഒ കൂടിയാണ്. എയർ കാനഡയിൽ ജോലി ചെയ്യുന്ന ഡേവിസ് ആലപ്പുഴ സ്വദേശിയാണ്.

ലോകമെമ്പാടുമുള്ള പ്രവാസി മലയാളികളുടെ കൂട്ടായ്മയും സഹകരണവും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഒരു വേദിയാണ് ലോക കേരള സഭ. കേരളത്തിന്‍റെ സാമൂഹിക, സാംസ്കാരിക, സാമ്പത്തിക വികസനത്തിന് പ്രവാസികളെ സംസ്ഥാനവുമായി സമന്വയിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്നു. പ്രവാസികളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനും അവർക്ക് പരിഹാരം കാണാനുമുള്ള അവസരം ഒരുക്കുകയും കേരളത്തിലെ ജനപ്രതിനിധികളുമായി സംവദിക്കാനുള്ള വേദിയും ഒരുക്കുന്നു.

വ്യത്യസ്ത മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനായി ലോക കേരള സഭ മേഖലാ സമ്മേളനങ്ങളും നടത്താറുണ്ട്. ഇതുവരെ മൂന്ന് സംസ്ഥാന സമ്മേളനങ്ങളും മൂന്ന് മേഖലാ സമ്മേളനങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്. 2019 ഫെബ്രുവരിയിൽ ദുബായിലും, 2022 ഒക്ടോബറിൽ ലണ്ടനിലും, 2023 ജൂണിൽ ന്യൂയോർക്കിലും മേഖലാ സമ്മേളനങ്ങൾ നടന്നു.

പ്രവാസികളെ അവരുടെ വേരുകളുമായി ബന്ധിപ്പിക്കാനും കേരളത്തിന്‍റെ വികസനത്തിന് അവരുടെ സംഭാവന ഉറപ്പാക്കാനും ലോക കേരള സഭ പ്രയത്നിക്കുന്നു. ലോകമെമ്പാടുമുള്ള മലയാളികൾക്കിടയിൽ ഐക്യം പ്രോത്സാഹിപ്പിക്കുക എന്നതാണ് സഭയുടെ മറ്റൊരു ലക്ഷ്യം. ജൂൺ 13 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കുന്ന നാലാം സമ്മേളനത്തിൽ നൂറോളം രാജ്യങ്ങളിൽ നിന്നുള്ള 351 പ്രതിനിധികൾ പങ്കെടുക്കും. പ്രവാസികളെ ബാധിക്കുന്ന വിവിധ വിഷയങ്ങളിൽ ചർച്ചകളും കേരളത്തിന്‍റെ വികസനത്തിന് പ്രവാസികൾക്ക് എങ്ങനെ സംഭാവന നൽകാമെന്നുള്ള കൂടിയാലോചനകളും നടക്കും.

English Summary:

4th Conference of Lok Kerala Sabha

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com