യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്; ചര്‍ച്ചയായി ബൈഡന്റെയും ട്രംപിന്റെയും ആരോഗ്യ സ്ഥിതി
Mail This Article
ഹൂസ്റ്റണ്‍ ∙ പ്രസിഡന്റ് ജോ ബൈഡന്റെ ആരോഗ്യ സ്ഥിതി യുഎസ് പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പില്‍ വലിയ ചര്‍ച്ചയാണ്. റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാര്‍ തന്നെയാണ് വിഷയം വലിയ തോതില്‍ ചര്‍ച്ചയാക്കിയിരിക്കുന്നത്. ട്രംപുമായി മൂന്നു വയസിന്റെ വ്യത്യാസം മാത്രമേ ബൈഡന് ഉള്ളൂ എങ്കിലും അതെല്ലാം മറച്ചു വച്ചാണ് ട്രംപിന്റെയും കൂട്ടരുടെയും പ്രചാരണം.
ടെക്സസില്‍ നടന്ന നാഷനല്‍ റൈഫിള്‍ അസോസിയേഷന്റെ (എന്‍ആര്‍എ) വാര്‍ഷിക മീറ്റിങ്ങില്‍ അടുത്തിടെ നടത്തിയ പ്രസംഗത്തിനിടെ മുന്‍ യുഎസ് പ്രസിഡന്റ് ട്രംപ് 30 സെക്കന്‍ഡിലധികം നിശ്ചലനായി നിന്നത് അദ്ദേഹത്തിന്റെ ആരോഗ്യത്തെ കുറിച്ചും ഫിറ്റ്‌നസിനെ കുറിച്ചും വ്യാപകമായ ഊഹാപോഹങ്ങള്‍ക്ക് കാരണമായി.
തോക്കുടമകളോട് നവംബറില്‍ വോട്ടുചെയ്യാന്‍ അഭ്യര്‍ഥിക്കുന്നതിനിടെയാണ് സംഭവം. തോക്ക് ലൈസന്‍സുമായി ബന്ധപ്പെട്ട് രണ്ടാം ഭേദഗതി അപകടത്തിലാണെന്ന് അദ്ദേഹം ഊന്നിപ്പറഞ്ഞു.
'പലരും ഇവിടെ വന്നത് കാലില്‍ ബൂട്ടും മുതുകില്‍ വസ്ത്രവും സാഡിലില്‍ തോക്കുമായിട്ടായിരുന്നു. അവര്‍ ഒരുമിച്ച് അമേരിക്കയെ ലോക ചരിത്രത്തിലെ ഏറ്റവും വലിയ രാഷ്ട്രമാക്കി മാറ്റാന്‍ സഹായിച്ചു.' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ പ്രസ്താവനയ്ക്ക് തൊട്ടുപിന്നാലെയാണ് ട്രംപ് 30 സെക്കന്‍ഡിലധികം താല്‍ക്കാലികമായി നിര്‍ത്തി. 'എന്നാല്‍ ഇപ്പോള്‍ നമ്മള്‍ അധഃപതിച്ച ഒരു രാഷ്ട്രമാണ്. നമ്മള്‍ പരാജയപ്പെടുന്ന രാഷ്ട്രമാണ്. 58 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പണപ്പെരുപ്പമുള്ള രാജ്യമാണ് നമ്മുടേത്. ബാങ്കുകള്‍ തകരുകയും പലിശ നിരക്ക് കുതിച്ചുയരുകയും ചെയ്യുന്നു.
ട്രംപിന്റെ താല്‍ക്കാലിക വിരാമം സോഷ്യല്‍ മീഡിയയില്‍ നിരവധി പ്രതികരണങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. ഇത് ട്രംപിന്റെ ആരോഗ്യം കുറയുന്നതിന്റെ സൂചനയാണെന്ന് പലരും അഭിപ്രായപ്പെട്ടു.
ട്രംപ് രാജ്യത്തെ സേവിക്കാന്‍ യോഗ്യനല്ല. അദ്ദേഹം മാനസീകമായി അതിവേഗം തകര്‍ന്നു കൊണ്ടിരിക്കുകയാണ്. അത് വളരെ വ്യക്തമാണ്. അദ്ദേഹം എത്രയും വേഗം മത്സരത്തില്‍ നിന്ന് പുറത്തുപോകണം!' ഡമോക്രാറ്റ് നേതാവ് ഹാരി സിസ്സണ്‍ ആവശ്യപ്പെട്ടു.