ADVERTISEMENT

ഹൂസ്റ്റണ്‍ ∙ അമേരിക്കക്കാര്‍ക്ക് പ്രസിഡന്റായി തിരഞ്ഞെടുക്കാന്‍ ആരുണ്ട്്? കിഴവന്‍മാരെന്ന് പരസ്പരം ആരോപണം ഉന്നയിക്കുന്ന പ്രസിഡന്റ് ജോ ബൈഡന്‍, മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഈ രണ്ടു പേരുകൾക്കപ്പുറം ഉയര്‍ന്നു കേട്ട മറ്റൊരു പേര് റോബര്‍ട്ട് എഫ്. കെന്നഡിയുടേതാണ്. എന്നാല്‍ ഇപ്പോഴിതാ നാലാമതൊരാള്‍ കൂടി അങ്കത്തട്ടിലേക്ക് എത്തുകയാണോ? 

മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെയും റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറിനെയും ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി അതിന്റെ കണ്‍വന്‍ഷനില്‍ പരസ്യമായി നിരസിച്ചതിന് ശേഷമാണ് പുതിയൊരു പേര് ഉയര്‍ന്നു വന്നിരിക്കുന്നത്. ചേസ് ഒലിവറാണ് പുതിയ 'കറുത്ത കുതിര'. നാല് ദിവസത്തെ മെലോഡ്രാമാറ്റിക് ഷോഡൗണിന് ശേഷം കണ്‍വെന്‍ഷനില്‍ ഡൊണാള്‍ഡ് ജെ. ട്രംപും റോബര്‍ട്ട് എഫ്. കെന്നഡി ജൂനിയറും പാര്‍ട്ടിയുടെ അംഗീകാരം നേടുന്നതില്‍ ദയനീയമായി പരാജയപ്പെടുകയായിരുന്നു. 

ആരാണ് ചേസ് ഒലിവര്‍?

തുറന്ന സ്വവര്‍ഗ്ഗാനുരാഗിയായ മുന്‍ ഡെമോക്രാറ്റായ ചേസ് ഒലിവര്‍ ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിക്കുള്ളില്‍ വളര്‍ന്നുവരുന്ന താരമാണ്. 2022-ല്‍, ജോര്‍ജിയയിലെ യുഎസ് സെനറ്റ് സീറ്റിനായുള്ള മത്സരത്തില്‍ റണ്ണോഫ് നിര്‍ബന്ധിതമാക്കിയത് അദ്ദേഹത്തിന്റെ സാന്നിധ്യമാണ്. വോട്ടര്‍മാരില്‍ പിന്തുണ വർധിപ്പിക്കാനുള്ള തന്റെ കഴിവ് പ്രകടമാക്കി അദ്ദേഹം വാര്‍ത്തകളില്‍ ഇടം നേടി.

അറ്റ്‌ലാന്റ ആസ്ഥാനമായുള്ള ആക്ടിവിസ്റ്റായ ഇദ്ദേഹം ജോര്‍ജിയയില്‍ നിന്ന് യുഎസ് സെനറ്റിലേക്കും യുഎസ് ഹൗസിലേക്കും മത്സരിച്ചിരുന്നു. ബജറ്റ് സന്തുലിതമാക്കുന്നതിന് ഫെഡറല്‍ ബജറ്റില്‍ വലിയ വെട്ടിക്കുറവ് വരുത്തണമെന്ന് അദ്ദേഹത്തിന്റെ ക്യാംപെയ്ന്‍ ആഹ്വാനം ചെയ്തു. വധശിക്ഷ നിര്‍ത്തലാക്കാനും വിദേശത്തുള്ള എല്ലാ സൈനിക താവളങ്ങളും അടച്ചുപൂട്ടാനും ഇസ്രയേലിനും യുക്രെയ്‌നുമുള്ള സൈനിക പിന്തുണ അവസാനിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.

ലിബര്‍ട്ടേറിയന്‍ പാര്‍ട്ടിയുടെ വിജയസാധ്യത?

വ്യക്തിസ്വാതന്ത്ര്യത്തിനും പരിമിതമായ ഗവണ്‍മെന്റിനും ശക്തമായ ഊന്നല്‍ നല്‍കുന്നതിന് പേരുകേട്ട ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി, യു.എസിലെ ഏറ്റവും പ്രമുഖ ചെറുകിട പാര്‍ട്ടികളില്‍ ഒന്നാണ്. എന്നിരുന്നാലും, യുഎസില്‍ ഒരു ദ്വിമുഖ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ മൂന്നാം കക്ഷികള്‍ അപൂര്‍വമായി മാത്രമേ മത്സരിച്ചിട്ടുള്ളൂ. നാല് വര്‍ഷം മുമ്പ് ലിബര്‍ട്ടേറിയന്‍ സ്ഥാനാര്‍ത്ഥി 1% വോട്ട് മാത്രമാണ് നേടിയത്.

ഒലിവറിനെ മുന്‍നിര്‍ത്തി ലിബര്‍ട്ടേറിയന്‍ പാര്‍ട്ടി ഒരു ഏകീകൃത മുന്നണി അവതരിപ്പിക്കാന്‍ ലക്ഷ്യമിടുന്നു എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ സവിശേഷത. സ്വാതന്ത്ര്യത്തിന്റെയും മിനിമം സര്‍ക്കാര്‍ ഇടപെടലിന്റെയും അടിസ്ഥാന തത്വങ്ങളാണ് പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്നത്. ഒലിവറിന്റെ നാമനിര്‍ദ്ദേശത്തിലേക്കുള്ള പാത പിരിമുറുക്കം നിറഞ്ഞതായിരുന്നു. ഏഴ് മണിക്കൂറും ഏഴ് റൗണ്ട് എലിമിനേഷന്‍ വോട്ടിങ്ങും നടന്നു. ഒരു ഘട്ടത്തില്‍, അന്തിമ വോട്ടര്‍മാരില്‍ മൂന്നിലൊന്നിലധികം പേരും 'മേല്‍പ്പറഞ്ഞവയില്‍ ഒന്നുമല്ല' എന്നതിന് വോട്ട് ചെയ്തതിനാല്‍, ഒരു സ്ഥാനാര്‍ത്ഥിയില്ലാതെ പാര്‍ട്ടി അവസാനിക്കുമെന്ന് തോന്നി. ഒരു സ്ഥാനാര്‍ത്ഥിയെ നാമനിര്‍ദ്ദേശം ചെയ്യുന്നതില്‍ പരാജയപ്പെടുന്നതിന്റെ ഗുരുതരമായ അനന്തരഫലങ്ങള്‍ പാര്‍ട്ടി ചെയര്‍ ആഞ്ചല മക്കാര്‍ഡില്‍ ഊന്നിപ്പറഞ്ഞു. ഇത് പല സംസ്ഥാനങ്ങളിലും ബാലറ്റ് പ്രവേശനം അപകടത്തിലാക്കുമെന്നും ചൂണ്ടിക്കാട്ടി. 

'സായുധനും സ്വവര്‍ഗ്ഗാനുരാഗിയും' എന്ന് സ്വയം വിശേഷിപ്പിക്കുന്ന 38 വയസ്സുകാരനായ ഒലിവര്‍ പ്രസംഗത്തില്‍, പാര്‍ട്ടിയെ ഏകീകരിക്കുമെന്നും യുഎസിലുടനീളം അതിന്റെ പ്രവര്‍ത്തനം വ്യാപിപ്പിക്കുമെന്നും പ്രതിജ്ഞയെടുത്തു.  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com