ബ്രാംപ്ടൺ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിനാഘോഷം ജൂലൈയിൽ
Mail This Article
ബ്രാംപ്ടൺ ∙ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ പ്രതിഷ്ഠാദിന ആഘോഷങ്ങൾക്ക് ജൂലൈ ആറ് ശനിയാഴ്ച തുടക്കമാകും. ഇതോടനുബന്ധിച്ചു ശുദ്ധി-ദ്രവ്യ കലശ ക്രിയകൾ നടക്കും. പ്രാസാദ ശുദ്ധി, ബിംബശുദ്ധി തുടങ്ങിയവയ്ക്കു പുറമെ പ്രായശ്ചിത്ത, ശാന്തി ഹോമ കലശാഭിഷേകങ്ങളും ഉണ്ടാകുമെന്നും തന്ത്രി കരിയന്നൂർ ദിവാകരൻ നമ്പൂതിരി അറിയിച്ചു.
ജൂലൈ 10, 11 തീയതികളിലായി അത്യധികം സവിശേഷമായ തത്വഹോമ കലശങ്ങളും ബ്രഹ്മ കലശാഭിഷേകവും ഗുരുവായൂരപ്പന് നടത്തും. ജൂലൈ 11ന് പ്രതിഷ്ഠാദിന ചടങ്ങുകളുടെ ഭാഗമായി പ്രത്യേക പൂജകൾക്ക് പുറമെ പരികലശാഭിഷേകം, ശ്രീഭൂതബലി എന്നിവയുമുണ്ടാകും. എട്ട് ദിവസം നീണ്ടുനിൽക്കുന്ന തിരുവുത്സവത്തിന് അന്ന് ശുഭാരംഭം കുറിക്കും.
തുടർന്ന് ദിവസേന മൂന്നു നേരം ശീവേലി, വിളക്കാചാരം, സന്ധ്യ വേല, നവക പഞ്ചഗവ്യ അഭിഷേകങ്ങൾ എന്നിവയുണ്ടാകും. ജൂലൈ 14 ഞായറാഴ്‌ച ഉത്സവബലി ആചരിക്കുമ്പോഴുള്ള മാതൃക്കൽ തൊഴൽ വളരെ വിശേഷമായി കരുതുന്നു. ജൂലൈ 17 ബുധനാഴ്ച വൈകീട്ട് ശ്രീ ഗുരുവായൂരപ്പൻ പള്ളിവേട്ടയ്ക്ക് പുറത്തേക്കു എഴുന്നള്ളി പഞ്ചവാദ്യത്തോടെ തിരിച്ചെത്തും. ജൂലൈ 18 ഞായറഴ്ച രാവിലെ പള്ളിയുണർത്തലും പ്രത്യേക അഭിഷേകവും പൂജകളും നടത്തും. വൈകുന്നേരം പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ ഭഗവാൻ ആറാട്ടിനെഴുന്നെള്ളും. ദീപാരാധന കഴിഞ്ഞു തിരികെയെത്തുന്നതോടെ തിരുവുത്സവത്തിനു കൊടിയിറങ്ങും.
ആഘോഷങ്ങളുടെയും ആചാരങ്ങളുടെയും നടത്തിപ്പിന്റെ ഭാഗമാകാൻ കേരളത്തിൽ നിന്ന് പ്രഗത്ഭരായ വാദ്യക്കാരും ആചാര്യന്മാരും എത്തും. ഉത്സവ ദിവസങ്ങളിൽ പഞ്ചാരിമേളം, സന്ധ്യ വേല, തായമ്പക, കേളി, പഞ്ചവാദ്യം, വിളക്കാചാരം എന്നിവയുമുണ്ടാകും. പ്രത്യേക ദിവസങ്ങളിൽ ദീപാലങ്കാരവും ചുറ്റുവിളക്ക്-നിറമാലയുമുണ്ടാകും. കഥകളി, ചാക്യാർകൂത്ത്, മോഹിനിയാട്ടം, ഭാരതനാട്യം, സംഗീതക്കച്ചേരി, കൈകൊട്ടിക്കളി, ഭക്തി ഗാനമേള, ഭജന തുടങ്ങിയവും നടക്കും. മൂന്ന് നേരവും അന്നദാനവുമുണ്ടാകും. പൂജകളും കലശക്രിയകളും അഭിഷേകവും വഴിപാടായി നടത്താൻ ഭക്തജനങ്ങൾക്ക് അവസരമുണ്ട്.
മിസ്സിസാഗയിലെ മീഡിയ റൂമിൽ നടന്ന പത്രസമ്മേളനത്തിൽ പ്രസിഡന്റ് ഡോ. പി. കെ. കുട്ടി, എക്സിക്യുട്ടീവ് ഡയറക്ടർ രാധാകൃഷ്ണൻ പടിയത്ത്, ഡയറക്ടർ റാം വട്ടംപാടം, വിനോദ് വേലപ്പൻ, മനോജ് എറയൂർ നാരായണൻ, ഉണ്ണികൃഷ്ണൻ കൈനില എന്നിവർ പങ്കെടുത്തു.
കൂടുതൽ വിവരങ്ങൾക്ക്: www.guruvayur.ca