ലെവിറ്റേറ്റ് എന്റർടെയ്ൻമെന്റിന്റെ മഹാഓണം സെപ്റ്റംബർ ഏഴിന്

Mail This Article
ടൊറന്‍റോ ∙ ‘അപ്പാപ്പനും മോനും’ ഹിറ്റിനു പിന്നാലെ ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റ് മഹാഓണവുമായി വരുന്നു. പുതുമകൾ നിറഞ്ഞ പന്ത്രണ്ടോളം പരിപാടികളിലൂടെ നൂറുകണക്കിന് പ്രേക്ഷകർക്ക് കാഴ്ചയുടെ നവ്യാനുഭവങ്ങൾ സമ്മാനിച്ച ലെവിറ്റേറ്റ് വടക്കൻ അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ഓണപ്പരിപാടിയാണ് ഇനി ഒരുക്കുന്നത്. സെപ്റ്റംബർ ഏഴ് രാവിലെ 11 മുതൽ വൈകിട്ട് 11 വരെയാണ് പരിപാടി.
മഹാഓണത്തിന്‍റെ വേദിയിൽ തുടങ്ങുന്നു പരിപാടിയുടെ പ്രത്യേകത. കാനഡയിലെ ഏറ്റവും വലിയ നഗരമായ ടൊറന്‍റോയുടെ ഹൃദയഭാഗമായ യങ്- ഡണ്ടാസ് സ്ക്വയറിലാണ് ആഘോഷം. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികൾ നടക്കുന്ന ഇത്തരത്തിലൊരു വേദിയിൽ മലയാളികളുടേതായ പരിപാടി ഇതാദ്യമാണ്. ഒരേസമയം ആയിരങ്ങളെ വരവേൽക്കാനാകുന്നിടമാണ് യങ്-ഡണ്ടാസ് സ്ക്വയർ. ഡിജിറ്റൽ ഡിസ്പ്ലേകളാൽ സമ്പന്നമായ ഇവിടെ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്.
മഹാഓണത്തിനായി ഒട്ടേറെ പരിപാടികളാണ് അണിയറയിൽ ഒരുങ്ങുന്നതെന്ന് സംഘാടകർക്കുവേണ്ടി ജെറിൻ രാജ്, ജയദേവ് വേണുഗോപാൽ, മരിയ നികിത, അമർജിത് സജി, ടെസ്സ മരിയ, ഫറാസ് മുഹമ്മദ് എന്നിവർ അറിയിച്ചു. കേരളത്തിന്‍റെ വിളവെടുപ്പ് ഉൽസവവും തനതുസംസ്കാരവും ആഘോഷങ്ങളുമെല്ലാം കനേഡിയൻ ജനതയ്ക്ക് പരിചയപ്പെടുത്തുകകൂടിയാണ് ലക്ഷ്യം.
രാജ്യാന്തര വിദ്യാർഥികളിലെയും യുവജനങ്ങളിലെയും മികവുറ്റ കലാകാരന്മാരെ കണ്ടെത്തി അവർക്കു വേദിയൊരുക്കുന്നതിനായാണ് ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റിന് തുടക്കംകുറിച്ചത്. കാനഡയിലെ വിവിധ നഗരങ്ങളിലായി ഇതുവരെ നടത്തിയ പരിപാടികളിലായി അയ്യായിരത്തിലേറെപ്പേർ പങ്കെടുത്തിട്ടുണ്ട്. ഓണവും ദീപാവലിയുമൊക്കെ ആഘോഷിച്ചിരുന്നു. ഓരോ പരിപാടിയോടനുബന്ധിച്ചും ഇന്‍റർനാഷനൽ സ്റ്റുഡന്‍റ്സിന് വൊളന്‍റിയറിങ് അവസരവും ഒരുക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റുമായി ബന്ധപ്പെടുക: ഫോൺ: 647-781-4743, ഇമെയിൽ: contact@levitateinc.ca, വെബ്സൈറ്റ്: levitatateinc.ca