ശിശു രോഗികളുടെ സ്വകാര്യ വിവരങ്ങൾ തേടിയതായി ഹൂസ്റ്റൺ ഡോക്ടറുടെ കുറ്റ സമ്മതം

Mail This Article
ഹൂസ്റ്റൺ ∙ തന്റെ പരിചരണത്തിലല്ലാത്ത ശിശു രോഗികളുടെ സ്വകാര്യ വിവരങ്ങൾ തേടിയതായി ഡോക്ടർക്ക് നേരെ ആരോപണം. ടെക്സസിലെ ഡോ. ഈതൻ ഹൈമിനെതിരെയാണ് (34) ഗുരുതര ആരോപണം.
രോഗിയുടെ പേര്, ചികിത്സാ കോഡുകൾ, അവരുടെ ഫിസിഷ്യൻ ആരായിരുന്നു എന്നതുൾപ്പെടെയുള്ള വ്യക്തിഗത വിവരങ്ങൾ അംഗീകാരമില്ലാതെ ടെക്സസ് ചിൽഡ്രൻസ് ഹോസ്പിറ്റലിന്റെ (ടിസിഎച്ച്) ഇലക്ട്രോണിക് സംവിധാനം വഴി ഹൈം നേടിയെടുത്തെന്നാണ് സതേൺ ഡിസ്ട്രിക്റ്റിലെ യുഎസ് അറ്റോർണി ഓഫീസിന്റെ കണ്ടെത്തൽ.
നിലവിൽ ഡാലസിന് പുറത്ത് ഒരു ആശുപത്രിയിൽ ശസ്ത്രക്രിയാ വിദഗ്ദ്ധനാണ് ഹൈം. മുൻപ് മെഡിക്കൽ റൊട്ടേഷൻ സമയത്ത് അദ്ദേഹം ടിസിഎച്ചിൽ സേവനമനുഷ്ഠിച്ചിരുന്നു. എന്നാൽ, 2023 ഏപ്രിലിൽ, തന്റെ പരിചരണത്തിലല്ലാത്ത പീഡിയാട്രിക് രോഗികളുടെ വിവരങ്ങൾ ലഭിക്കുന്നതിന് ടിസിഎച്ചിൽ തന്റെ ലോഗിൻ ആക്സസ് വീണ്ടും സജീവമാക്കാൻ അദ്ദേഹം അഭ്യർഥിച്ചതായാണ് ഉദ്യോഗസ്ഥർ കണ്ടെത്തിയിരിക്കുന്നത്.
കുറ്റം തെളിയിക്കപ്പെട്ടാൽ ഡോ. ഹൈമിന് 10 വർഷം വരെ ഫെഡറൽ തടവും പരമാവധി രണ്ടര ലക്ഷം ഡോളർ വരെ പിഴയും ലഭിക്കും. 10,000 ഡോളർ ബോണ്ടിലാണ് കോടതി അദ്ദേഹത്തെ വിട്ടയച്ചത്.