ADVERTISEMENT

ഹൂസ്റ്റണ്‍: പ്രസിഡന്‍റ് ജോ ബൈഡന്‍ തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ അധികമാരും തൊടാന്‍ ധൈര്യപ്പെടാത്ത കുടിയേറ്റ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യാന്‍ മുതിര്‍ന്നാണ് എല്ലാവരെയും ഞെട്ടിച്ചിരിക്കുന്നത്. അനധികൃതമായി രാജ്യത്ത് പ്രവേശിച്ച് യുഎസ് പൗരന്മാരെ വിവാഹം കഴിച്ച ചില കുടിയേറ്റക്കാര്‍ക്ക് പൗരത്വം നല്‍കാനുള്ള യുഎസ് പ്രസിഡന്‍റ് ജോ ബൈഡന്‍റെ പദ്ധതി ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും എന്നാണ് വിലയിരുത്തുന്നത്. 

പെൻസിൽവേനിയ ആസ്ഥാനമായുള്ള ഇമിഗ്രേഷന്‍ അഭിഭാഷകന്‍ ബ്രിഡ്ജറ്റ് കാംബ്രിയയെ പോലുള്ളവര്‍ക്ക് ഇത് ആവേശം പകരുന്നതാണ്. വര്‍ഷങ്ങളായി, അത്തരം നിരവധി ദമ്പതികളെ അവര്‍ കണ്ടുമുട്ടിയിട്ടുണ്ട്. കുടിയേറ്റ പങ്കാളിക്ക് യു.എസ് നിയമപരമായ സ്ഥിരതാമസാവകാശം ലഭിക്കുന്നത് എത്ര ബുദ്ധിമുട്ടാണെന്ന് അവരോട് വിശദീകരിച്ചു തളര്‍ന്ന് ഇരിക്കുമ്പോഴാണ് പുതിയ പ്രഖ്യാപനം. 

മുന്‍പ് ഇത്തരം മിക്ക കേസുകളിലും, കുടിയേറ്റക്കാരന് രാജ്യം വിടേണ്ടി വന്നിരുന്നു.  മടങ്ങിവരാന്‍ യോഗ്യത നേടുന്നതിന് മുൻപ് വര്‍ഷങ്ങളോളം കുടുംബവുമായി വേര്‍പിരിഞ്ഞ് താമസിക്കേണ്ട സാഹചര്യമായിരുന്നു. യുഎസില്‍ നിന്ന് പുറത്തുപോകാതെ തന്നെ ലക്ഷക്കണക്കിന് പൗരന്മാര്‍ക്ക് അവരുടെ ഇമിഗ്രേഷന്‍ സ്റ്റാറ്റസ് നിയമവിധേയമാക്കാന്‍ അനുവദിക്കുന്ന ബൈഡന്‍റെ നീക്കം ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ടിരിക്കുന്ന കുടുംബങ്ങള്‍ക്ക് വലിയ ആശ്വാസമാണ്. 

എന്നാല്‍ ഇത് ഒരു തിരഞ്ഞെടുപ്പ് വര്‍ഷത്തിലെ രാഷ്ട്രീയ ചൂതാട്ടം കൂടിയാണ് എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ആരോപിക്കുന്നത്. നവംബറില്‍ മറ്റൊരു ടേം തേടുന്ന ഡെമോക്രാറ്റായ ബൈഡന്‍, യുഎസ്-മെക്‌സിക്കോ അതിര്‍ത്തിയിലെ ഉയര്‍ന്ന തോതിലുള്ള അനധികൃത കുടിയേറ്റവുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ നേരിടുന്നുണ്ട്. അദ്ദേഹത്തിന്‍റെ എതിരാളിയും റിപ്പബ്ലിക്കന്‍ നേതാവുമായ യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് , കുടിയേറ്റക്കാര്‍ യുഎസ് പൗരന്മാരേക്കാള്‍ കൂടുതല്‍ അക്രമാസക്തമായ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നുവെന്ന സന്ദേശം മുന്നോട്ട് വയ്ക്കുന്നുമുണ്ട്. സ്ഥിതിവിവരക്കണക്കുകള്‍ ഈ വാദത്തിന് എതിരാണ്. 

ലിബറല്‍ വോട്ടര്‍മാരെയും ലാറ്റിനോകളെയും അകറ്റാതിരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ അതിര്‍ത്തി നിര്‍വഹണത്തില്‍ തന്‍റെ നിലപാട് കടുപ്പിച്ച് ബൈഡന്‍ സമീപ മാസങ്ങളില്‍ തന്ത്രപരമായ ഇടപെടലാണ് നടത്തുന്നത്. 2020-ല്‍ ബൈഡന്‍ കുടിയേറ്റത്തോട് കൂടുതല്‍ മാനുഷികമായ സമീപനം വാഗ്ദാനം ചെയ്തപ്പോള്‍ ട്രംപിന് തിരിച്ചടി നേരിട്ടിരുന്നു. 

കുടിയേറ്റ നയത്തിന്‍റെ കാര്യത്തില്‍, റജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാര്‍ ബൈഡനെക്കാള്‍ ട്രംപിനെ 17 ശതമാനം പോയിന്‍റ് മാര്‍ജിനില്‍ ഇഷ്ടപ്പെടുന്നുവെന്ന് മേയ് മധ്യത്തില്‍ നടത്തിയ റോയിട്ടേഴ്സ്/ഇപ്സോസ് വോട്ടെടുപ്പ് പറയുന്നു. 

പെൻസിൽവേനിയ ഇമിഗ്രേഷന്‍ അഭിഭാഷകയായ കാംബ്രിയ വിളിച്ച ദമ്പതിമാരില്‍ ഒരാള്‍ കാര്‍മെന്‍ മിറാന്‍ഡ (56), ഭര്‍ത്താവ് ഫ്രാന്‍സിസ്‌കോ കോര്‍ട്ടെസ് (52), എന്നിവര്‍ പെൻസിൽവേനിയയിലെ റീഡിങ്ങില്‍ നിന്നുള്ളവരാണ്. 20-കളുടെ തുടക്കത്തില്‍ ഒരു സുഹൃത്ത് വഴിയാണ് മിറാന്‍ഡ മെക്‌സിക്കനായ കോര്‍ട്ടെസിനെ കണ്ടുമുട്ടുന്നത്. 1987-ല്‍ അദ്ദേഹം അനധികൃതമായി രാജ്യത്ത് പ്രവേശിച്ചു. അവള്‍ രണ്ട് ചെറിയ കുട്ടികളുടെ അമ്മയായ സിംഗിള്‍ മദറായിരുന്നു. 2003 ല്‍ വിവാഹിതരാകുന്നതിന് മുൻപ് അവര്‍ വര്‍ഷങ്ങളോളം ഡേറ്റിങ് നടത്തി.

മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് ഉള്ള മിറാന്‍ഡ, തന്നെ പിന്തുണയ്ക്കാന്‍ കോര്‍ട്ടെസിനെ ആശ്രയിക്കുന്നു. വാര്‍ത്തയുമായി കാംബ്രിയ തന്നെ വിളിച്ചപ്പോള്‍ താന്‍ ആവേശഭരിതയായിരുന്നുവെന്ന് പറഞ്ഞു. ''ഞങ്ങള്‍ ഇത്രയും കാലം ഞങ്ങള്‍ കാത്തിരുന്നു.- പൊട്ടിക്കരഞ്ഞു കൊണ്ട് മിറാന്‍ഡ പറഞ്ഞു. നിയമപരമായ പദവിക്ക് അപേക്ഷിക്കാന്‍ രാജ്യം വിട്ട് വര്‍ഷങ്ങളോളം മാറി നില്‍ക്കേണ്ട സാഹചര്യം ഉണ്ടായിരുന്നെങ്കില്‍ കോര്‍ട്ടെസ് ഇല്ലാതെ തനിക്ക് കൈകാര്യം ചെയ്യാന്‍ കഴിയില്ലെന്നും മിറാന്‍ഡ പറഞ്ഞു.

10 വയസ്സുള്ളപ്പോള്‍ മെക്‌സിക്കോയില്‍ നിന്ന് അതിര്‍ത്തി കടന്നെത്തിയ 24 കാരനായ ജെനാരോ വിസെന്‍സിയോയും ഇത്തരത്തിലുള്ള മറ്റൊരു ഭര്‍ത്താവാണ്. കൗമാരക്കാരായിരുന്നപ്പോഴാണ്  തന്‍റെ അമേരിക്കന്‍ ഭാര്യ സിന്ഡി മദുവേനയെ കണ്ടുമുട്ടിയത്. ഇവര്‍ക്ക് ഇപ്പോള്‍ 6 വയസ്സുള്ള ഒരു മകനുണ്ട്.  തനിക്ക് വളരെക്കാലം യുഎസ് വിട്ടു നില്‍ക്കേണ്ടി വരുമെന്നും മകന്‍ പിതാവില്ലാതെ വളരുമെന്നും താന്‍ നിരന്തരം ഭയപ്പെട്ടിരുന്നതായി പെൻസിൽവേനിയയിലെ ടെമ്പിളില്‍ താമസിക്കുന്ന വിസെന്‍സിയോ പറയുന്നു. അതുകൊണ്ടുതന്നെ ഈ പ്രഖ്യാപനം അദ്ദേഹത്തിന് ഏറെ ആശ്വാസകരമാണ്. 

'എനിക്ക് ഇനി വിഷമിക്കേണ്ട കാര്യമില്ല, 'എന്‍റെ മകന് ഒരു അച്ഛനുണ്ടാകുമോ? എന്‍റെ കുടുംബം സ്ഥിരത കൈവരിക്കുമോ?','  'എല്ലാ ദിവസവും രാവിലെ എനിക്ക് ഉറക്കമുണര്‍ന്ന് അതിനെക്കുറിച്ച് ചിന്തിക്കേണ്ടി വന്നു. ഈ പ്രഖ്യാപനം വലിയ സമ്മര്‍ദ്ദം ഒഴിവാക്കുന്നതാണ്.'- അദ്ദേഹം പറഞ്ഞു. 

English Summary:

Biden hopes to win the election through the announcement of immigration policy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com