കുവൈത്ത് ദുരന്തം: കുടുംബങ്ങൾക്ക് ഫൊക്കാന രണ്ട് ലക്ഷം വീതം സഹായം കൈമാറി

Mail This Article
തിരുവനന്തപുരം ∙ കുവൈത്തിലെ മംഗെഫ് തീ പിടിത്ത ദുരന്തത്തിൽ മരിച്ച 24 മലയാളികളുടേയും കുടുംബത്തിന് രണ്ട് ലക്ഷം രൂപ വീതം ധനസഹായം ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ കൈമാറി. ഇരുപത്തിനാല് കുടുംബങ്ങളിലേയും കുടുംബാംഗത്തിന്‍റെ പേരിൽ എഴുതിയ ചെക്ക് നോർക്ക സി.ഇ. ഒ അജിത്ത് കൊലശ്ശേരിക്ക് നൽകി. നോർക്ക ഓരോ കുടുംബത്തിനും ചെക്ക് കൈമാറുമെന്ന് ഡോ. ബാബു സ്റ്റീഫൻ അറിയിച്ചു.
ലോക കേരള സഭയുടെ നാലാം സമ്മേളനത്തിന്‍റെ ഔദ്യോഗിക ഉദ്ഘാടന വേദിയിൽ വെച്ചായിരുന്നു കുവൈത്ത് തീപിടിത്ത ദുരന്തത്തിൽപ്പെട്ട കുടുംബങ്ങൾക്ക് ഫൊക്കാന പ്രസിഡന്‍റ് ഡോ. ബാബു സ്റ്റീഫൻ ഫൊക്കാനയുടെ സഹായം പ്രഖ്യാപിച്ചത്. ഫൊക്കാന ജനറൽ സെക്രട്ടറി ഡോ. കല ഷഹി, ട്രഷറർ ബിജു ജോൺ കൊട്ടാരക്കര, കൺവൻഷൻ ചെയർമാൻ ജോൺസൺ തങ്കച്ചൻ, വുമൺസ് ചെയർ ബ്രിഡ്ജറ്റ് ജോർജ്, ബോർഡ് വൈസ് ചെയർമാൻ സണ്ണി മറ്റമന, ഇലക്ഷൻ കമ്മിഷണർ ഫിലിപ്പോസ് ഫിലിപ്പ്, അഡീഷനൽ അസോസിയേറ്റ് സെക്രട്ടറി സോണി അമ്പൂക്കൻ, ചാരിറ്റി കോർഡിനേറ്റർ ജോയി ഇട്ടൻ, കൺവെൻഷൻ കോർഡിനേറ്റർ വിജോയ് പട്ടമ്പാടി, മുൻ ഫൊക്കാന പ്രസിഡന്‍റ് അനിരുദ്ധൻ നായർ, മന്മഥൻ നായർ തുടങ്ങിയ ഫൊക്കാനയുടെ ലോക കേരള സഭാ പ്രതിനിധികളുടെ സാന്നിധ്യത്തിലായിരുന്നു ഡോ. ബാബു സ്റ്റീഫൻ ഈ സഹായം പ്രഖ്യാപിച്ചത്.