ടൊറന്റോയിലെ ‘മഹാഓണ’ത്തിന് മെഗാ ചെണ്ടമേളം; കൊട്ടിക്കയറാൻ നൂറോളം പേർ

Mail This Article
ടൊറന്‍റോ ∙ കാനഡയിൽ 'മഹാഓണ'ത്തിനൊപ്പം മെഗാ ചെണ്ടമേളയ്ക്കും അരങ്ങൊരുങ്ങുന്നു. ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റ് സംഘടിപ്പിക്കുന്ന ‘മഹാഓണ’ത്തിന് യങ് ആൻഡ് ഡണ്ടാസ് സ്ക്വയർ വരവേൽക്കുക ആൾക്കൂട്ടത്തെ മാത്രമല്ല, ഒരു പറ്റം ചെണ്ടമേളക്കാരെക്കൂടിയാണ്. സെപ്റ്റംബർ ഏഴിന് രാവിലെ 11 മുതൽ വൈകിട്ട് 11 വരെയാണ് മഹാഓണത്തോടനുബന്ധിച്ച് വിവിധ കലാ-സാംസ്കാരിക പരിപാടികൾഅരങ്ങേറുക.
മഹാഓണത്തോടനുബന്ധിച്ച് പൂരപ്രഭയിലുള്ള ചെണ്ടമേളമാണ് ഒരുക്കുക. മേളപ്രമാണിമാരിലൊരാളായ പെരുവനം കുട്ടൻമാരാരുടെ പിൻമുറക്കാരൻ കലാനിലയം കലാധരൻമാരാരുടെ നേതൃത്വത്തിലുള്ള സംഘമാണ് പഞ്ചാരിമേളവും പാണ്ടിമേളവും ഒരുക്കുക. സംഘത്തിലെ എഴുപതോളം കലാകാരന്മാർ ഇതിനായി ഒരുക്കം തുടങ്ങുകയായി.
ഡിജിറ്റൽ ഡിസ്പ്ലേകളാൽ സമ്പന്നമായ യങ് ആൻഡ് ഡണ്ടാസ് സ്ക്വയറിൽ ദിവസേന ലക്ഷത്തോളം പേരുടെ സാന്നിധ്യമാണുണ്ടാകാറുള്ളത്. നഗരത്തിലെ ഏറ്റവും ശ്രദ്ധേയമായ പരിപാടികൾ നടക്കുന്ന ഇത്തരത്തിലൊരു വേദിയിൽ മലയാളികളുടേതായ പരിപാടി ഇതാദ്യമാണ്. വിവിധ തലങ്ങളിലുള്ള സ്പോൺസർഷിപ്പിനും ഇനിയും അവസരമുണ്ടെന്ന് ജെറിൻ രാജ് അറിയിച്ചു.
മഹാഓണം പരിപാടിയോടനുബന്ധിച്ച് മാത്രം ആയിരത്തോളം കലാകാരന്മാർക്കാണ് അവസരം ഒരുക്കുന്നത്. കലാപരിപാടികൾ അവതരിപ്പിക്കാൻ താൽപര്യമുള്ളവർക്ക് തുടർന്നും അപേക്ഷിക്കാം. മികച്ച കലാകാരന്മാർക്കും കലാസംഘങ്ങൾക്കും അവസരം നൽകും. വിവരങ്ങൾ ലെവിറ്റേറ്റിന്‍റെ ഇൻസ്റ്റഗ്രാം പേജിൽ ലഭ്യമാണ്. മെഗാ ചെണ്ടമേളം പോലെയുള്ള വ്യത്യസ്തമായ മറ്റു കലാപരിപാടികളുടെ വിശദാംശങ്ങൾ പുറകാലെ അറിയിക്കുമെന്നും സംഘാടകർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് ലെവിറ്റേറ്റ് എന്‍റർടെയ്ൻമെന്‍റുമായി ബന്ധപ്പെടുക ഫോൺ: 647-781-4743, ഇമെയിൽ: contact@levitateinc.ca , വെബ്സൈറ്റ്: levitatateinc.ca