'മലയാളി പെന്തക്കോസ്ത് ആത്മീയ സമ്മേളനം' ജൂലൈ 4ന് ; ഒരുക്കങ്ങൾ പൂർത്തിയായി

Mail This Article
ഹൂസ്റ്റൺ ∙ പിസിഎൻഎകെ ആത്മീയ സമ്മേളനത്തിന് ജൂലൈ 5 ന് ജോർജ് ആർ. ബ്രൗൺ കൺവൻഷൻ സെന്‍ററിൽ തുടക്കം വൈകിട്ട് 6 ന് പാസ്റ്റർ കെ. പി മാത്യുവിന്‍റെ അധ്യക്ഷതയിൽ ആരംഭിക്കുന്ന മഹാസമ്മേളനം നാഷനൽ കൺവീനർ പാസ്റ്റർ ഫിന്നി ആലുംമൂട്ടിൽ ഉദ്ഘാടനം നിർവഹിക്കും. 'മാനസാന്തരത്തിന് യോഗ്യമായ ഫലം കായ്പ്പിൻ' (ലൂക്കോസ് 3:8) എന്നതാണ് കോൺഫറസിന്‍റെ ചിന്താവിഷയം.
ലോക്കൽ സെക്രട്ടറി സജിമോൻ ജോർജ് സ്വാഗതവും ലോക്കൽ കൺവീനർ പാസ്റ്റർ സണ്ണി താഴാംപള്ളം സങ്കീർത്തന വായനയും നിർവഹിക്കും. പ്രഥമ ദിവസത്തെ മുഖ്യ പ്രാസംഗികരെ നാഷനൽ സെക്രട്ടറി രാജു പൊന്നോലിൽ സദസിന് പരിചയപ്പെടുത്തും. പാസ്റ്റർമാരായ ഫെയ്ത്ത് ബ്ലെസ്സൻ (കേരളം), ജൂലിയസ് സുബി (കെനിയ) എന്നിവരായിരിക്കും പ്രാരംഭ ദിവസത്തിൽ മുഖ്യ പ്രഭാഷണം നടത്തുന്നത്.
ആത്മാവിലേക്ക് ആഴ്ന്നിറങ്ങുന്ന സംഗീത സദ്ധികളുടെ സ്വരലയ താളങ്ങളിലേക്ക് ഏവരെയും കൊണ്ടെത്തിക്കുവാൻ അനുഗ്രഹീത ഗായകൻ കെ.ബി. ഇമ്മാനുവേലിനോടൊപ്പം ദേശീയ ഗായക സംഘവും ആത്മീയ ഗാന ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

ലോക പ്രസിദ്ധ സുവിശേഷകനും അമേരിക്കയിലെ യുവജനങ്ങൾക്കിടയിൽ ഏറെ സ്വാധീനവുമുള്ള പാസ്റ്റർ വ്ലാഡ് സുവ്ഷുക്ക്, ഡോ. ജൂലിയസ് സൂബി, ഡോ. റ്റിം ഹിൽ, ആൻഡ്രസ് ബിസോണ, ക്രൈസ്തവ കൈരളിക്ക് ഏറെ സുപരിചതരായ പാസ്റ്റർ ഫെയ്ത്ത് ബ്ലസ്സൻ, പാസ്റ്റർ ജസ്റ്റിൻ ശാമുവൽ, ഡോ. ഏഞ്ചൽ എൽസാ വർഗ്ഗീസ് - യുകെ എന്നിവരാണ് ഈ വർഷത്തെ കോൺഫറൻസിന്‍റെ മുഖ്യ പ്രസംഗകർ.
കുട്ടികൾക്കും യുവാക്കൾക്കും വനിതൾക്കും വിവിധ ദിവസങ്ങളിൽ പ്രത്യേക സെഷനുകൾ ഉണ്ടായിരിക്കും. കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം സമ്മേളനം, ഒമാൻ പെന്തക്കോസ്തൽ അസംബ്ലി സംഗമം, ബോംബെ ബീലിവേഴ്സ് സംഗമം, കോട്ടയം സംഗമം, ഉണർവ് യോഗം , കാത്തിരിപ്പ് യോഗം, 1980 ഗ്രൂപ്പ് ഇംഗ്ലിഷ് സെക്ഷൻ, സ്പോർട്സ് തുടങ്ങി വിവിധ സമ്മേളനങ്ങളും കോൺഫറൻസിനോട് അനുബന്ധിച്ച് ഉണ്ടായിരിക്കും .
ജൂലൈ 7ന് സംയുക്ത ആരാധനയോടും ഭക്തിനിർഭരമായ തിരുവത്താഴ ശുശ്രൂഷയോടും കൂടി ആത്മീയ സമ്മേളനം സമാപിക്കും. ദേശീയ പ്രതിനിധികളുടെ നേതൃത്വത്തിൽ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിശ്വാസികളെ ഹൂസ്റ്റൺ പട്ടണത്തിൽ എത്തിക്കുവാനുള്ള ക്രമീകരണങ്ങൾ പൂർത്തിയായി.

ഹൂസ്റ്റൺ IAH, HOU എയർപോർട്ടിൽ വന്നിറങ്ങുന്നവർക്ക് സുരക്ഷിതമായി കോൺഫറൻസ് സെന്‍ററിൽ എത്തിച്ചേരുവാൻ സൗജന്യ വാഹന സൗകര്യം ക്രമീകരിച്ചിട്ടുണ്ട്. കാർ മാർഗമായി എത്തിച്ചേരുന്നവർക്കും കൺവെൻഷൻ സെന്‍ററിൽ സൗജന്യ പാർക്കിങ് ഭാരവാഹികൾ ക്രമീകരിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: www.pcnakhouston.org