പൊതുവേദിയിൽ എത്തി താൻ ആരോഗ്യവാനാണെന്നു ബൈഡൻ വ്യക്തമാക്കുമോ?

Mail This Article
വാഷിങ്‌ടൻ ∙ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് ജോ ബൈഡൻ. ഡെമോക്രാറ്റിക് പാർട്ടിയുടെ 20 ഗവർണർമാർ നേരിട്ടും മറ്റു ചിലർ ഓൺലൈനായും പ്രസിഡന്‍റ് ജോ ബൈഡനുമായി നടത്തിയ നിർണായക കൂടിക്കാഴ്ച്ചയ്ക്കു ശേഷമാണ് താൻ തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറില്ലെന്ന് ബൈഡൻ വ്യക്തമാക്കിയത്. വൈദ്യ പരിശോധനകൾ നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഉണ്ടെന്നായിരുന്നു ബൈഡന്റെ മറുപടി. അതേസമയം വൈദ്യപരിശോധനയെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി വിസമ്മതിച്ചു.
അടച്ചിട്ട മുറികളിലെ ഉറപ്പുകൾക്കു പകരം നേരിട്ട് പ്രസിഡന്റിന്റെ ആരോഗ്യക്ഷമത അറിയുവാൻ പൊതുജനങ്ങൾക്ക് അവകാശമുണ്ടെന്ന വാദം ഉയർന്നു.
നാല് മാസത്തിനുള്ളിൽ രാജ്യത്തെ തിരഞ്ഞെടുപ്പ് നടക്കും. അതിനു ആഴ്ചകൾക്കു മുൻപ് തന്നെ ഏർലി പോളിങ് ആരംഭിക്കും. ഈ മാസം പകുതിയോടെ മിൽവാക്കിയിൽ നടക്കുന്ന റിപ്പബ്ലിക്കൻ കൺവെൻഷനിൽ പാർട്ടി സ്ഥാനാർത്ഥികളുടെ പ്രഖ്യാപനം നടക്കും. തുടർന്ന് ഒരു മാസത്തിനു ശേഷം ഷിക്കാഗോയിൽ നടക്കുന്ന ഡെമോക്രാറ്റിക് കൺവെൻഷനിൽ പാർട്ടി സ്ഥാനാർഥികളുടെ പേരുകൾ പുറത്തു വരും.
ബൈഡനെ അല്ലാതെ മാറ്റൊരാളിനെ നോമിനേറ്റ് ചെയ്താൽ ചില സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നിയമ വിദഗ്ധർ പറയുന്നു. മാർച്ച് അവസാനം വരെ രണ്ടേകാൽ ബില്യൺ ഡോളറാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശേഖരിച്ചത്. ബൈഡൻ മത്സരിക്കുകയാണെങ്കിൽ മാത്രമേ ഈ തുക പാർട്ടിക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുവാൻ സാധിക്കൂ. ബൈഡനു പകരം മറ്റൊരു സ്ഥാനാർഥിയെ കുറിച്ച് പാർട്ടി നേതാക്കൾ ചിന്തിക്കാൻ പോലും തയ്യാറാകാത്തതിന്‍റെ പ്രധാന കാരണവുമിതാണ്.