ഡാലസ് കേരള അസോസിയേഷൻ അമേരിക്കൻ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Mail This Article
ഡാലസ് ∙ അമേരിക്കയുടെ സ്വാതന്ത്ര്യ ദിനം, ജൂലൈ നാലിന് ഡാലസ് കേരള അസോസിയേഷൻ ആഘോഷിച്ചു. രാവിലെ 10 ന് ഡാലസ് ഫോർട്ട് വർത്ത് മേഖലകളിൽ നിന്നും നിരവധി പേർ സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങിൽ പങ്കെടുക്കുവാൻ ഗാർലാൻഡിലുള്ള കേരള അസോസിയേഷൻ ഓഫിസിൽ എത്തിച്ചേർന്നിരുന്നു. പതാക ഉയർത്തുന്നതിന് മുൻപ് കഴിഞ്ഞ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി കുട്ടികളും മുതിർന്നവരും ചേർന്ന് സൈക്കിൾ റാലി സംഘടിപ്പിച്ചു.
തുടർന്ന് അസോസിയേഷൻ ജനറൽ സെക്രട്ടറി മൻജിത് കൈനിക്കര സ്വാഗതമാശംസിച്ചു അസോസിയേഷൻ പ്രസിഡന്‍റ് പ്രദീപ് നാഗനൂലിൽ പതാക ഉയർത്തൽ ചടങ്ങു നടത്തി. ലോകത്തിലെ ആദ്യത്തെ ജനാധിപത്യരാജ്യമായ അമേരിക്കയിൽ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യമായ ഇന്ത്യയിൽ നിന്നും എത്തിച്ചേർന്ന നമ്മളെ സംബന്ധിച്ചു സ്വാതന്ത്ര്യത്തിന്‍റെ വില എന്താണെന്ന് ആവർത്തിക്കേണ്ടതില്ലെന്നു പ്രസിഡന്‍റ് പറഞ്ഞു തുടർന്ന് അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്‍റെ ചരിത്ര പശ്ചാത്തലം പ്രസിഡന്‍റ് വിവരിക്കുകയും എല്ലാവർക്കും സ്വാതന്ത്ര്യദിന ആശംസകൾ നേരുകയും ചെയ്തു.
ഇന്ത്യ കൾച്ചറൽ ആൻഡ് എജ്യുക്കേഷൻ സൊസൈറ്റി പ്രസിഡന്‍റ് ഷിജു എബ്രഹാം ആശംസകളർപ്പിച്ചു സംസാരിച്ചു. ബോബൻ കൊടുവത് ,ടോമി നെല്ലുവേലിൽ, സുബി ഫിലിപ്പ്, ജെയ്സി രാജു, വിനോദ് ജോർജ്, സാബു മാത്യു, ഫ്രാൻസിസ് തോട്ടത്തിൽ, സെബാസ്റ്യൻ പ്രാകുഴി, ജോർജ് വിലങ്ങോലിൽ, ഹരിദാസ് തങ്കപ്പൻ, രാജൻ ഐസക്, സിജു വി ജോർജ്, ബേബി കൊടുവത് തുടങ്ങിയവർ സ്വാതന്ത്ര്യദിന ചടങ്ങുകൾക്കു നേത്ര്വത്വം നൽകി. കേരള അസോസിയേഷൻ ആദ്യകാല പ്രവർത്തകൻ ഐ വർഗീസിന്‍റെ സാന്നിധ്യം പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു.സ്വാതന്ത്ര്യ ദിനാഘോഷങ്ങൾക്കു ശേഷം പങ്കെടുത്ത എല്ലാവർക്കും മധുര വിതരണവും, പ്രഭാത ഭക്ഷണവും, ക്രമീകരിച്ചിരുന്നു.