ഫൊക്കാനയുടെ അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് അപ്പുകുട്ടൻ പിള്ള മത്സരിക്കുന്നു

Mail This Article
ന്യൂയോർക്ക്∙ ഫൊക്കാനയുടെ അഡീഷണൽ അസോസിയേറ്റ് സെക്രട്ടറി സ്ഥാനത്തേക്ക് അപ്പുകുട്ടൻ പിള്ള മത്സരിക്കുന്നു. സജിമോൻ ആന്‍റണി നയിക്കുന്ന ഡ്രീം ടീം പാനലിലാണ് അദ്ദേഹം മത്സരിക്കുന്നത്. നിലവിൽ നാഷനൽ കമ്മിറ്റി അംഗമായും ഇപ്പോൾ ന്യൂയോർക്ക് മെട്രോ റീജനൽ വൈസ് പ്രസിഡന്‍റായും പ്രവർത്തിക്കുന്നു.
‘‘ഫൊക്കാനയുടെ ഭാവി ഭരണസമിതിയായി ഫൊക്കാന ഡ്രീം ടീം എത്തുമെന്ന് ഞാൻ വിശ്വസിക്കുന്നു. സജിമോൻ ആന്‍റണിയുടെ നേതൃത്വത്തിൽ ഫൊക്കാനയ്ക്ക് പുതിയ ഉയരങ്ങൾ കീഴടക്കാൻ ഈ ടീമിന് കഴിയുമെന്നാണ് പ്രതീക്ഷ. അമേരിക്കൻ മലയാളികൾക്ക് ഗുണം ചെയ്യുന്ന വികസന-ജീവകാരുണ്യ പദ്ധതികൾക്ക് നേതൃത്വം നൽകാൻ ഡ്രീം ടീം പ്രതിജ്ഞാബദ്ധമാണ്. ഈ സംരംഭത്തിന്റെ ഭാഗമാകാൻ നമുക്ക് ഓരോരുത്തർക്കും അവസരമുണ്ട്. ഫൊക്കാനയുടെ ശോഭനമായ ഭാവിക്ക് നമുക്ക് ഒരുമിച്ച് പ്രവർത്തിക്കാം" അപ്പുക്കുട്ടൻ പിള്ള പറഞ്ഞു.

നടനും സാംസ്കാരിക പ്രവർത്തകനും സംഘാടകനുമായ അപ്പുകുട്ടൻ പിള്ള കലാരംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ്. സിനിമ, നാടകം, ഓട്ടൻതുള്ളൽ തുടങ്ങി നിരവധി മേഖലകളിലും അദ്ദേഹം കഴിവ് തെളിയിച്ചിട്ടുണ്ട്. കെസിഎഎൻഎയുടെ നേതൃത്വത്തിൽ അരങ്ങേറിയ "ഗറില്ല" എന്ന നാടകത്തിലെ പ്രധാന കഥാപാത്രം അവതരിപ്പിച്ചും, ന്യൂയോർക്ക് ട്രൈസ്റ്റേറ്റ് ഏരിയയിലെ ഓണാഘോഷങ്ങളിൽ മാവേലിയായി വേഷമിട്ടും അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്. "കാഞ്ചിപുരത്തെ കല്യാണം", "സ്വർണം", "മുല്ലമൊട്ടും മുന്തിരിച്ചാറും" തുടങ്ങിയ മലയാളം സിനിമകളുടെ നിർമാതാവാണ് അപ്പുകുട്ടൻ പിള്ള. "കാഞ്ചിപുരത്തെ കല്യാണം" സിനിമയിൽ അഭിനയിക്കുകയും അമേരിക്കയിൽ ചിത്രീകരിച്ച "അവർക്കൊപ്പം" എന്ന സിനിമയിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തു. "പ്രതിഭ" എന്ന ഇവന്‍റ് മാനേജ്‌മെന്‍റ് കമ്പനി ഉടമയാണ്.