ADVERTISEMENT

ഹൂസ്റ്റൺ/ റാന്നി ∙ ജൂലൈ 13ന് സംഘടിപ്പിക്കുന്ന റാന്നി സെന്റ് തോമസ് കോളേജ് വജ്ര ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിന്റെയും ഗ്ലോബൽ അലുമ്നി മീറ്റിന്റെയും ഒരുക്കങ്ങൾ പൂർത്തിയായതായി മുഖ്യ സംഘാടകരിൽ ഒരാളും ഹൂസ്റ്റണിൽ നിന്നുള്ള പൂർവ വിദ്യാർഥിയും മാധ്യമ പ്രവർത്തകനുമായ തോമസ് മാത്യു(ജീമോൻ റാന്നി) അറിയിച്ചു.  ജൂലൈ 13ന് രാവിലെ 9 മുതൽ വൈകുന്നേരം 4 വരെ കോളജിൽ നടക്കുന്ന സമ്മേളനത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുമുള്ള 2000ത്തോളം പ്രതിനിധികൾ പങ്കെടുക്കും.

 പൂർവ വിദ്യാർഥിയും കേരള ഹൈക്കോടതി ജഡ്ജിയുമായ ജസ്റ്റിസ് ജോൺസൺ ജോൺ സമ്മേളനം ഉദ്ഘാടനം ചെയ്യും. ജൂബിലി പ്രോജക്ടുകളുടെ പ്രഖ്യാപനം പ്രിൻസിപ്പാൾ ഡോ. സ്നേഹ എൽസി ജേക്കബ് നിർവഹിക്കുകയും മാധ്യമപ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാം വിവിധ ബാച്ചുകളിലുള്ള വിദ്യാർഥികളെ പരിചയപ്പെടുത്തുന്നതുമായിരിക്കും. കോളേജ് മാനേജർ പ്രഫ. സന്തോഷ് കെ. തോമസ് അധ്യക്ഷത വഹിക്കും.

സമ്മേളനത്തിൽ മുൻ മാനേജർമാരെയും പൂർവ അധ്യാപകരെയും അനധ്യാപകരെയും കോളേജിലെ ആദ്യ ബാച്ചിലെ വിദ്യാർഥികളെയും ആദരിക്കുന്നതായിരിക്കും. കൂടാതെ കഴിഞ്ഞ 10 വർഷത്തിനിടയിലുള്ള റാങ്ക് ജേതാക്കളെയും അനുമോദിക്കും. സമ്മേളനത്തിൽ കോളേജ് വിദ്യാർഥികളുടെയും  താജ് പത്തനംതിട്ടയുടെയും കലാപരിപാടികൾ അരങ്ങേറും. ഉച്ചകഴിഞ്ഞ്  ബാക്ക് ടു ക്ലാസ് റൂം  പരിപാടിയും ഡിപ്പാർട്ട്മെന്റ്തല സമ്മേളനങ്ങളും നടക്കുന്നതായിരിക്കും. 

ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷ പരിപാടികളുടെ ഭാഗമായി ഇൻഡോർ ബാഡ്മിന്റൺ കോർട്ടിന്റെയും സ്മാർട്ട് ക്ലാസ്സ് റൂമുകളുടെയും നിർമ്മാണം, വിവിധ വിഷയങ്ങളിലുള്ള പഠന സെമിനാറുകൾ, എക്സിബിഷൻ, വിജ്ഞാന സദസ്സ്, കലാപരിപാടികൾ, തൊഴിൽമേള തുടങ്ങിയവ സംഘടിപ്പിക്കും. ജൂബിലിയുടെ സമാപന സമ്മേളനം വിപുലമായ രീതിയിൽ 2025 ജൂലൈ 12ന് നടക്കും. 

വജ്ര ജൂബിലിയുടെ പ്രചരണാർഥം വാഹന വിളംബര ജാഥ ജൂലൈ 11 വ്യാഴാഴ്ച 9 മണിക്ക് റാന്നി പെരുമ്പുഴ ബസ് സ്റ്റാൻഡിൽ നിന്ന് ആരംഭിച്ച് മാമുക്ക്, ഇട്ടിയപ്പാറ ബസ്റ്റാൻഡ് വഴി കോളേജിൽ എത്തിച്ചേരുകയും തുടർന്ന് വജ്ര ജൂബിലി പതാക ഉയർത്തുകയും ചെയ്യും. സമ്മേളനം വൻ വിജയമാക്കുവാൻ പൂർവ വിദ്യാർഥികളും അധ്യാപകരും അനധ്യാപകരുമുൾപ്പെടെ നൂറോളം പേരടങ്ങുന്ന വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു. കൂടാതെ റാന്നിയിലും പരിസരപ്രദേശങ്ങളിലുമുള്ള പൂർവ വിദ്യാർഥികളെ സംഘടിപ്പിച്ച് ഇതിനോടകം  നിരവധി പ്രാദേശികതല യോഗങ്ങൾ നടന്നിരുന്നുവെന്ന് സംഘാടക സമിതി  അറിയിച്ചു. പ്രഫ. സന്തോഷ്‌ കെ. തോമസ് മാനേജർ, ഡോ. സ്നേഹ എൽസി ജേക്കബ് പ്രിൻസിപ്പാൾ, ഡോ. എം.കെ. സുരേഷ് അലുമ്നി സെക്രട്ടറി.

English Summary:

Ranni St. Thomas College Diamond Jubilee Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com