വിവാഹിതനായി ഒരു മാസം തികയും മുൻപ് ഇന്ത്യൻ വംശജൻ യുഎസിൽ വെടിയേറ്റ് മരിച്ചു

Mail This Article
ഇൻഡ്യാന ∙ വിവാഹം കഴിഞ്ഞ് ഒരു മാസം തികയുന്നതിന് മുൻപ് ഇന്ത്യൻ വംശജനായ യുവാവ് ഇൻഡ്യാനയിൽ വെടിയേറ്റ് മരിച്ചു. ആഗ്ര സ്വദേശിയായ ഗാവിൻ ദസൗറാണ് (29) കൊല്ലപ്പെട്ടത്. നവവധുവായ വിവിയാന സമോറയോടൊപ്പം വീട്ടിലേക്ക് പോകുന്നതിനിടെ ഗാവിൻ ദസൗറും പിക്കപ്പ് ട്രക്ക് ഡ്രൈവറുമായി ഇൻഡി നഗരത്തിൽ വച്ചുണ്ടായ വാക്കുതർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചത്.
തെരുവിലുണ്ടായ തർക്കത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമത്തിൽ വൈറലായി. വാക്കുതർക്കത്തെ തുടർന്ന് കാറിൽ നിന്ന് ഇറങ്ങിയ ദസൗർ കയ്യിൽ കരുതിയിരുന്ന തോക്കുമായി ട്രക്കിന്‍റെ വാതിൽ തകർക്കാൻ ശ്രമിക്കുന്നത് വിഡിയോയിൽ ദൃശ്യമാണ്. ഇതേതുടർന്നാണ് ട്രക്ക് ഡ്രൈവർ ഗാവിൻ ദസൗറിന് നേരെ വെടിവച്ചതെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ദസൗറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണത്തിന് കീഴടക്കി. ആക്രമണത്തെ പ്രതിരോധിക്കുന്നതിനായി സ്വയരക്ഷയ്ക്കായാണ് ഡ്രൈവർ വെടിവെച്ചതെന്ന് പൊലീസ് കണ്ടെത്തി. തുടർന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ പൊലീസ് വിട്ടയച്ചു.
അതേസമയം പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചുവെന്നാണ് കൊല്ലപ്പെട്ട ദസൗറിന്‍റെ കുടുംബം ആരോപിക്കുന്നത്. പ്രതിക്ക് കർശന ശിക്ഷ ഉറപ്പാക്കണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം. 2016 മുതൽ യുഎസിൽ താമസിക്കുന്ന ദസൗർ 2018-ൽ മെക്കാനിക്കൽ എൻജിനീയറിങിൽ ഡിപ്ലോമ പൂർത്തിയാക്കി. തുടർന്ന് ദസൗർ സ്വന്തമായി ട്രാൻസ്പോർട്ട് ബിസിനസ് ആരംഭിച്ചു. ദസൗറും ഭാര്യ വിവിയാന സമോറയും ജൂൺ 29 നാണ് വിവാഹിതരായത്.