ചലനശേഷി നഷ്ടപ്പെട്ടവർക്ക് താങ്ങാകുവാൻ അവസരമൊരുക്കി ലൈഫ് ആൻഡ് ലിംബ്സ്

Mail This Article
ന്യൂയോർക്ക്∙ കാലുകൾ നഷ്ടപ്പെട്ടവർക്ക് പുനർജന്മം നൽകുന്ന മനുഷ്യസ്നേഹിയാണ് ന്യൂയോർക്കിൽ താമസിക്കുന്ന ജോൺസൺ ശാമുവേൽ (റെജി). കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തിൽ കാലുകൾ നഷ്ടപ്പെട്ടവർക്ക് ലോകോത്തര നിലവാരത്തിലുള്ള കൃത്രിമ കാലുകൾ നൽകി അവർക്ക് സ്വന്തം കാലിൽ നിൽക്കാൻ സഹായിച്ചുകൊണ്ട് ജീവിതം മാറ്റിമറിക്കുകയാണ് റെജി.
ജന്മനാടായ മാവേലിക്കര വെട്ടിയാറ്റിൽ സ്ഥാപിച്ച 'ലൈഫ് ആൻഡ് ലിംബ്സ്' എന്ന സ്ഥാപനത്തിലൂടെയാണ് ഈ മനുഷ്യസ്നേഹ പ്രവർത്തനം നടത്തുന്നത്. സ്വന്തം സമ്പാദ്യവും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സഹായവുമാണ് ഇതിന് അടിത്തറ. കഴിഞ്ഞ പത്തു വർഷമായി ഇരുന്നൂറിലധികം പേർക്ക് ചലനശേഷി തിരിച്ചുനൽകാൻ റെജിക്കും ലൈഫ് ആൻഡ് ലിംബ്സും കഴിഞ്ഞു.

∙ നൂറ് പേർക്ക് കൃത്രിമ കാലുകൾ
ഈ വർഷം ഡിസംബർ 21 ന് സ്ഥാപനത്തിന്‍റെ പത്താം വാർഷികത്തോടനുബന്ധിച്ച് വെട്ടിയാറ്റിൽ വച്ച് നൂറ് പേർക്ക് കൃത്രിമ കാലുകൾ വിതരണം ചെയ്യാനുള്ള ഒരുക്കത്തിലാണ്. ഇതിൽ പതിനഞ്ചു പേർ രണ്ടുകാലുകളും നഷ്ടപ്പെട്ടവരാണ്. അതായത്, ആകെ നൂറ്റിപ്പതിനഞ്ച് കൃത്രിമ കാലുകൾ വിതരണം ചെയ്യും. ജർമനിയിലെ ഓട്ടോബുക്ക് എന്ന കമ്പനിയുടെ ലോകോത്തര നിലവാരത്തിലുള്ള ഉൽപന്നങ്ങളാണ് ഇവർക്ക് നൽകുന്നത്. ഓരോ കൃത്രിമ കാലിനും ഏകദേശം രണ്ട് ലക്ഷം രൂപ ചെലവ് വരും.

തിരഞ്ഞെടുക്കപ്പെട്ടവർ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരാണ്. അതിനാൽ എല്ലാവർക്കും സൗജന്യമായാണ് കൃത്യമ കാലുകൾ നൽകുന്നത്.
∙ ബോസ്റ്റൺ മാരത്തോൺ ബോംബ് സ്ഫോടനത്തിൽ കാലുകൾ നഷ്ടപ്പെട്ടവരുടെ അനുഭവങ്ങൾ
അംഗവൈകല്യം സംഭവിച്ചവരുടെ ജീവിതം എങ്ങനെയായിരിക്കും എന്നും, ലൈഫ് ആൻഡ് ലിംബ്സ് എങ്ങനെയാണ് ജീവിതങ്ങൾ മാറ്റുന്നതെന്നും അറിയാൻ ധാരാളം പേർക്ക് താൽപ്പര്യമുണ്ട്. അത് മനസ്സിലാക്കി, 2013 ഏപ്രിൽ 15-ന് 117-മത് ബോസ്റ്റൺ മാരത്തോൺ ബോംബ് സ്ഫോടനത്തിൽ കാലുകൾ നഷ്ടപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ നോർഡെൻ സഹോദരങ്ങൾ ജെ.പി, പോൾ അവരുടെ മാതാവ് ലിസ് എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ട് ഒരു ഡിന്നർ പ്രോഗ്രാം സംഘടിപ്പിക്കുന്നു.
∙ ഡിന്നർ പ്രോഗ്രാം
ഓഗസ്റ്റ് 4 ന് ഞായറാഴ്ച വൈകിട്ട് 6 മണിക്ക് ബെത്‌പേജിലുള്ള സ്റ്റെർലിങ് ബാങ്ക്വറ്റ് ഹാളിൽ വച്ച് നടക്കുന്ന ഈ പരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുള്ളവർക്ക് www.lifeandlimbs.org/rsvp എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യാം.
കൂടുതൽ വിവരങ്ങൾക്ക്:
ജോൺസൺ ശാമുവേൽ - 646-996-1692
അജിത് അബ്രഹാം കോച്ചൂസ് - 516-225-2814
ബിജു ചാക്കോ - 516-996-4611