കമല സ്ഥാനാർഥിത്വം പ്രഖ്യാപിച്ചെങ്കിലും ആകാംക്ഷ അവസാനിക്കാറായില്ലെന്ന് റിപ്പോർട്ട്
Mail This Article
ഹൂസ്റ്റണ്‍ ∙ ഡോണള്‍ഡ് ട്രംപ് പ്രസിഡന്റാകില്ല. ബൈഡനും ഇനി ഒരവസരമില്ല. കമല ഹാരിസിനു പകരം മറ്റൊരാള്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായി വരും. ആ സ്ഥാനാര്‍ഥി ട്രംപിനെ മലര്‍ത്തിയടിച്ച് യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെടും... വെറുതേ പറയുന്നല്ല, ഐഐടിയില്‍ പഠിച്ച് ഇപ്പോള്‍ ബോസ്റ്റണില്‍ സ്ഥിരതാമസമാക്കിയ പ്രശസ്ത തെലുങ്ക് ജ്യോതിഷിയായ പി.വി.ആര്‍. നരസിംഹ റാവുവിന്റേതാണ് പ്രവചനം. കമല സ്ഥാനാർഥിത്വം പ്രഖ്യാപിച്ചെങ്കിലും ഇനിയും ആകാംക്ഷ അവസാനിക്കാറായില്ലെന്ന് സാരം.
ട്രംപിന്റെ 2020 ലെ തോല്‍വി അടക്കം കൃത്യമായി പ്രവചിച്ച റാവിവുന്റെ വാക്കുകള്‍ തള്ളാന്‍ കഴിയില്ല. ബൈഡന്‍ മത്സരത്തില്‍ നിന്ന് പിന്മാറിയതോടെ, ട്രംപ് വിജയിക്കുമോ ഇല്ലയോ എന്ന ആകാംക്ഷ വര്‍ധിച്ചതോടെ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് കൂടുതല്‍ രസകരമായിരിക്കുകയാണ്. കോവിഡ് മഹാമാരി, 2020ലെ തിരഞ്ഞെടുപ്പിലെ ട്രംപിന്റെ പരാജയം, 2024ലെ നരേന്ദ്ര മോദിയുടെ തിരിച്ചുവരവ് എന്നിവയുള്‍പ്പെടെയുള്ള പ്രവചനങ്ങള്‍ നടത്തിയ റാവുവിന്റെ വാക്കുകള്‍ ഇക്കുറി തെറ്റുമോ എന്നാണ് ഇനി കാത്തിരുന്ന് കാണേണ്ടത്. 2024-ല്‍ മോദിക്ക് വന്‍ വിജയം ലഭിക്കുമെന്ന് പലരും പ്രതീക്ഷിച്ചിരുന്നെങ്കിലും, കഷ്ടിച്ചുള്ള വിജയം മാത്രമായിരിക്കും ലഭിക്കുക എന്നു പ്രവചിച്ച ചുരുക്കം ചിലരില്‍ ഒരാളാണ് റാവു. മാത്രമല്ല മോദിക്ക് സഖ്യകക്ഷികളെ ആശ്രയിക്കേണ്ടി വന്നേക്കാം എന്നും അദ്ദേഹം തിരഞ്ഞെടുപ്പിന് മുന്‍പു തന്നെ പ്രവചിച്ചിരുന്നു.
യുഎസില്‍ ഇക്കുറി ട്രംപും കമലാ ഹാരിസും ആയിരിക്കില്ല എന്നും അദ്ദേഹം പ്രവചിക്കുന്നു. മത്സരത്തില്‍ നിന്ന് പിന്മാറുമ്പോള്‍ ബൈഡന്‍ കമല ഹാരിസിനെ പിന്തുണച്ചിരുന്നു. ബൈഡന്റെ അംഗീകാരം പ്രസിഡന്റ് നോമിനി എന്ന നിലയെ ഏറെക്കുറെ ഉറപ്പിക്കുന്നുണ്ടെങ്കിലും, അടുത്ത മാസം ഷിക്കാഗോയില്‍ നടക്കുന്ന ഡെമോക്രാറ്റിക് നാഷനല്‍ കണ്‍വന്‍ഷനില്‍ (ഡിഎന്‍സി) പാര്‍ട്ടി പ്രതിനിധികള്‍ അവരെ തിരഞ്ഞെടുക്കണം.
''അടുത്ത യുഎസ് പ്രസിഡന്റ് ബൈഡനോ ട്രംപോ ആയിരിക്കില്ലെന്ന് ഞാന്‍ രണ്ട് വര്‍ഷമായി പറയുന്നതാണ്. ഭ്രാന്തമായ ട്വിസ്റ്റുകള്‍ ഉണ്ടാകുമെന്നും ഞാന്‍ പറഞ്ഞു. ബൈഡന്‍ ഒടുവില്‍ പുറത്തായി! ഇത് അവസാനത്തെ ട്വിസ്റ്റ് അല്ല! ഇത് ട്രംപ് വേഴ്‌സസ് കമലാ ഹാരിസ് ആണെന്ന് കരുതരുത്. 'ഓപ്പണ്‍ കണ്‍വെന്‍ഷന്‍' നിയമങ്ങള്‍ ഡമോക്രാറ്റുകൾ അന്തിമമാക്കുന്നതിനായി നമുക്ക് കാത്തിരിക്കാം!- റാവു പറഞ്ഞു.
ഡെമോക്രാറ്റിക് സ്ഥാനാർഥിയായി ഒരു 'കറുത്ത കുതിര' ഉയര്‍ന്നുവരുമെന്ന് അദ്ദേഹം പ്രവചിക്കുന്നു. ആ സ്ഥാനാര്‍ഥി ട്രംപിനെ വളരെ ശക്തമായ മാര്‍ജിനില്‍ പരാജയപ്പെടുത്തു. ഒബാമയുടെ തിരക്കഥയിലാകും ആ വിജയം എന്നും റാവു പ്രവചിക്കുന്നു. ഇത് മിഷേല്‍ ഒബാമ ആയാലും അദ്ഭുതപ്പെടേണ്ട എന്ന സൂചനയും റാവു നല്‍കുന്നു. ''എന്റെ പക്കല്‍ അവരുടെ ചാര്‍ട്ട് ഇല്ല. അവര്‍ മത്സരിക്കുന്നത് സ്ഥിരമായി നിരസിക്കുന്നുണ്ടെങ്കിലും നിര്‍ബന്ധിത സ്ഥാനാർഥിയായിരിക്കും. വാസ്തവത്തില്‍, 2025 ജനുവരി 20, ബരാക് ഒബാമയ്ക്ക് സൂപ്പര്‍ ഡേ ആയിരിക്കും. ആ ദിനം അദ്ദേഹത്തിന് ശക്തിയും ആഡംബരവും ആഘോഷവും കാണിക്കുന്നു - റാവു പറയുന്നു. പ്രമുഖ ഡമോക്രാറ്റുകളെല്ലാം ബൈഡന്റെ പിന്മാറ്റത്തിനു പിന്നാലെ കമലയ്ക്ക് പിന്തുണയുമായി രംഗത്തുവന്നിരുന്നു. എന്നാല്‍ തുടക്കത്തിൽ മൗനം പാലിച്ചിരുന്ന ഒബാമ പിന്നീട് പിന്തുണയുമായി എത്തി.