അമേരിക്കയിലെ ‘നോസ്ട്രഡാമസ്’ അലന്‍ ലിച്ച്മാന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെ വിജയിയെ പ്രവചിച്ചു

Mail This Article
ഹൂസ്റ്റണ്‍ ∙ അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ തിരഞ്ഞെടുപ്പിലെ പ്രവചനങ്ങളുടെ പേരിൽ പ്രശസ്തനാണ് അലന്‍ ലിച്ച്മാന്‍. യുഎസ് മുൻ പ്രസിഡന്‍റ് ഡോണൾഡ് ട്രംപും നിലവിലെ വൈസ് പ്രസിഡന്‍റ് കമല ഹാരിസും ഏറ്റുമുട്ടുമ്പോള്‍ ഇക്കുറി വിജയം കമല ഹാരിസിനൊപ്പം എന്നാണ് അമേരിക്കയിലെ തിരഞ്ഞെടുപ്പിലെ പ്രവാചകര്‍ക്കിടയിലെ ‘നോസ്ട്രഡാമസ്’ എന്ന് അറിയപ്പെടുന്ന ലിച്ച്മാന്‍ പ്രവചിക്കുന്നത്.
നവംബര്‍ 5 ന് നടക്കുന്ന പ്രസിഡന്‍റ് തിരഞ്ഞെടുപ്പിന്‍റെ പ്രാഥമിക പ്രവചനമാണ് ലിച്ച്മാന്‍ നടത്തിയത്. 1984 മുതല്‍ കഴിഞ്ഞ 10 തിരഞ്ഞെടുപ്പുകളില്‍ ഒൻപതും കൃത്യമായി പ്രവചിച്ച വ്യക്തിയാണ് ലിച്ച്മാന്‍. നിലവില്‍ റിപ്പബ്ലിക്കന്‍ പ്രസിഡന്‍റ് സ്ഥാനാർഥിയായ ഡോണൾഡ് ട്രംപിനെക്കാള്‍ വൈസ് പ്രസിഡന്‍റ് കമലാ ഹാരിസിനാണ് മുന്‍തൂക്കം എന്നാണ് അദ്ദേഹം പറയുന്നത്. സ്വയം വികസിപ്പിച്ചെടുത്ത 'കീസ് ടു വൈറ്റ് ഹൗസ്' ഫോര്‍മുലയുടെ സഹായത്തോടെയാണ് അദ്ദേഹംത്തിന്‍റെ പ്രവചനം. അതേസമയം തന്‍റെ ഇപ്പോഴത്തെ പ്രവചനം അന്തിമമല്ലെന്നും അദ്ദേഹം പറയുന്നു.
∙'13 കീസ് ടു വൈറ്റ് ഹൗസ്' പ്രവചന രീതി
അമേരിക്കന്‍ സർവകലാശാലയില്‍ 50 വര്‍ഷമായി ചരിത്ര പ്രഫസറായിരുന്ന ലിച്ച്മാന്‍, 'വൈറ്റ് ഹൗസിലേക്കുള്ള 13 കീകള്‍' എന്ന വിഖ്യാത രീതി വികസിപ്പിച്ചെടുത്ത വ്യക്തിയാണ്. ആരാണ് തിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്നതിന്‍റെ ശക്തമായ സൂചനകള്‍ പരിശോധിക്കുന്നതാണ് ഈ കീകള്‍.
ഈ രീതിയില്‍ 13 ചോദ്യങ്ങള്‍ അടങ്ങിയിരിക്കുന്നു. ഈ ചോദ്യങ്ങളിൽ ശരി, തെറ്റ് എന്നിങ്ങനെ രണ്ട് ഉത്തരമാണ് ഉള്ളത്. ആറോ അതിലധികമോ കീകള്‍ പ്രതികൂലമായാൽ ആ സ്ഥാനാർഥി പരാജയപ്പെടും. ബൈഡൻ മത്സരിച്ചാൽ പരാജയപ്പെടുമെന്ന സൂചനകൾ ശക്തമായതോടെയാണ് അദ്ദേഹം പിന്മാറിയത്. അതോടെ സ്ഥിതിഗതികൾ വീണ്ടും ഡെമോക്രാറ്റിക് പാർട്ടിക്ക് അനുകൂലമായി എന്നാണ് വിലയിരുത്തപ്പെടുന്നത്.