9/11: മൂന്ന് പ്രതികളുമായി യുഎസ് ഒത്തുതീർപ്പിലേക്ക്; ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെയുള്ളവരുടെ വധശിക്ഷ ജീവപര്യന്തമാക്കും
Mail This Article
വാഷിങ്ടൻ ∙ ന്യൂയോർക്കിൽ വേൾഡ് ട്രേഡ് സെന്ററിലും യുഎസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിലും 2001 സെപ്റ്റംബർ 11നു നടന്ന ഭീകരാക്രമണത്തിന്റെ ആസൂത്രകനായ ഖാലിദ് ഷെയ്ഖ് മുഹമ്മദ് ഉൾപ്പെടെ 3 പ്രതികളുമായി യുഎസ് ഭരണകൂടം ഒത്തുതീർപ്പിലെത്തി. വലീദ് ബിൻ അത്താഷ്, മുസ്തഫ അൽ ഹൗസാവീ എന്നിവരാണു മറ്റു 2 പേർ. 3 പേരും കുറ്റസമ്മതം നടത്തണമെന്നും പകരം വധശിക്ഷ ജീവപര്യന്തമാക്കി കുറയ്ക്കാമെന്നുമാണു ധാരണയെന്നു യുഎസ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.
ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരുക്കേറ്റവരുടെയും ബന്ധുക്കൾക്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കി പ്രോസിക്യൂട്ടർമാർ കത്തയച്ചു. ഇവർക്കു പ്രതികളോടുള്ള ചോദ്യങ്ങൾ 45 ദിവസത്തിനുള്ളിൽ നൽകാം. ഈ വർഷാവസാനത്തോടെ പ്രതികൾ ഇതിനു മറുപടി നൽകണമെന്നും പ്രോസിക്യൂട്ടർമാർ പറഞ്ഞു. 9/11 ഭീകരാക്രമണത്തിൽ ഏകദേശം 3000 പേരാണു കൊല്ലപ്പെട്ടത്. അടുത്തയാഴ്ച വിചാരണ ആരംഭിക്കുമ്പോൾ 3 പേരും കുറ്റം സമ്മതിച്ചേക്കുമെന്നു യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
രണ്ടു പതിറ്റാണ്ടോളം ക്യൂബയിലെ ഗ്വാണ്ടനാമോ ജയിലിൽ കഴിഞ്ഞ പ്രതികളുമായി 27 മാസത്തെ ചർച്ചകൾക്കു ശേഷമാണു സൈനിക കമ്മിഷനുകളുടെ ഏകോപനച്ചുമതലയുള്ള സൂസൻ എസ്കാലിയർ ധാരണയിലെത്തിയത്. കരാർ വ്യവസ്ഥകൾ വെളിപ്പെടുത്തിയിട്ടില്ല. ജയിലിലെ ക്രൂരപീഡനത്തിനിടെ ലഭിച്ച തെളിവുകൾ വിചാരണവേളയിൽ കോടതി സ്വീകരിക്കില്ലെന്ന വാദമാണ് യുഎസിനെ ഒത്തുതീർപ്പിന് പ്രേരിപ്പിച്ചതെന്നു കരുതുന്നു. 2003 മാർച്ച് ഒന്നിനാണു പാക്കിസ്ഥാനിൽനിന്നു ഖാലിദ് ഷെയ്ഖ് പിടിയിലായത്. വിമാനം ഇടിച്ചുകയറ്റിയുള്ള ആക്രമണമെന്ന ആശയത്തിനു പിന്നിൽ ഖാലിദാണെന്നാണു പ്രോസിക്യൂട്ടർമാരുടെ വാദം. കുവൈത്തിൽ എൻജിനീയറായ ഇദ്ദേഹം പാക്ക് വംശജനാണ്.