‘കള്ളങ്ങളിൽ കെട്ടിപ്പൊക്കിയ എന്റെ ജീവിതവും കരിയറും’ ; ഇന്ത്യൻ വിദ്യാർഥിയെ യുഎസ് മടക്കി അയയ്ക്കും
Mail This Article
ന്യൂയോർക്ക് ∙ യുഎസ് സർവകലാശാലയിലെ പ്രവേശനത്തിനു വ്യാജരേഖ ചമച്ചതിന് അറസ്റ്റിലായ ഇന്ത്യക്കാരനായ വിദ്യാർഥി തിരികെ നാട്ടിലേക്ക്. വ്യാജ സർട്ടിഫിക്കറ്റുകൾ നൽകി പെൻസിൽവേനിയയിലെ ലീഹായ് യൂണിവേഴ്സിറ്റിയിൽ ചേർന്ന ആര്യൻ ആനന്ദാണ്(19) കുറ്റസമ്മതക്കരാർ പ്രകാരം നാട്ടിലേക്കു മടങ്ങുന്നത്. നോർത്താംപ്റ്റൺ കൗണ്ടി പ്രിസണിലെ മൂന്നു മാസത്തെ തടവു ശിക്ഷ വിധിച്ചത് അനുഭവിച്ചതായി കണക്കാക്കും. 85,000 ഡോളർ നഷ്ടപരിഹാരത്തുക സർവകലാശാല വേണ്ടെന്നു വയ്ക്കും.
സ്വന്തം തട്ടിപ്പു വിശദീകരിച്ച് പേരു വെളിപ്പെടുത്താതെ ആര്യൻ തന്നെ എഴുതിയ സമൂഹമാധ്യമ പോസ്റ്റിനെക്കുറിച്ചുള്ള അന്വേഷണമാണ് നാടകീയവും സങ്കീർണവുമായ പ്രവേശനത്തട്ടിപ്പിന്റെ ചുരുളഴിച്ചത്. ‘കള്ളങ്ങളിൽ കെട്ടിപ്പൊക്കിയ എന്റെ ജീവിതവും കരിയറും’ എന്ന തലക്കെട്ടിലെ പോസ്റ്റിനു പിന്നിലെ യുസർനെയിം തപ്പിയെടുത്ത പൊലീസ് ഈ വ്യക്തി പിന്തുടരുന്ന സർവകലാശാല ഗ്രൂപ്പുകൾ അന്വേഷിച്ചപ്പോഴാണ് ലീഹായ് ആണെന്നു കണ്ടെത്തിയത്.
സ്വകാര്യ ഗവേഷണ സർവകലാശാലയായ ലീഹായിൽ 2023– 2024 അധ്യയന വർഷത്തേക്കുള്ള പ്രവേശനമാണ് ആര്യൻ നേടിയെടുത്തിരുന്നത്. പ്രവേശന രേഖകൾ വ്യാജമാണെന്നും അധിക ധനസഹായത്തിനായി സമർപ്പിച്ച അച്ഛന്റെ മരണസർട്ടിഫിക്കറ്റ് വരെ വ്യാജമാണെന്നും പൊലീസ് കണ്ടെത്തി. അച്ഛൻ ഇപ്പോഴും ഇന്ത്യയിൽ ജീവിച്ചിരിക്കുന്നു. ഒരു സ്കൂൾ പ്രിൻസിപ്പൽ ആണെന്നു തെറ്റിദ്ധരിപ്പിച്ചുള്ള വ്യാജ ഇമെയിൽ വിലാസത്തിൽനിന്നാണു രേഖകൾ അയച്ചത്. സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് തിരുത്തി ജയിച്ചതായും വരുത്തി.