റോക്ക് ലാൻഡ് ഇടവകയുടെ അഭിമാനമായ കൊടിമരം വെഞ്ചരിച്ചു
Mail This Article
ന്യൂയോര്‍ക്ക് ∙ റോക്ക്‌ലാന്‍ഡ് വെസ്ലി ഹില്‍സിലുള്ള ഹോളി ഫാമിലി സിറോ മലബാര്‍ ചര്‍ച്ചിന്‍റെ കൊടിമരത്തെ ഷിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് വെഞ്ചരിച്ചു. ഈ മാസം 16,17,18 തീയതികളില്‍ കന്യകാമറിയത്തിന്‍റെ സ്വർഗാരോഹണ തിരുനാളിന്‍റെ കൊടിയേറ്റും നടന്നു.
കൊടിമരം സ്ഥാപിക്കാനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ വികാരിയായിരുന്ന ഫാ. റാഫേല്‍ അമ്പാടന്‍, ഇപ്പോഴത്തെ വികാരി ഫാ. സ്റ്റീഫന്‍ കണിപ്പള്ളില്‍ എന്നിവരുടെ സഹകാര്‍മികത്വത്തില്‍ ബിഷപ് അര്‍പ്പിച്ച ദിവ്യബലിക്ക് ശേഷമായിരുന്നു കൊടിമരം വെഞ്ചരിപ്പ്.
കൊടിമരം സംഭാവന ചെയ്യുകയും നാട്ടില്‍ നിന്ന് അത് നിർമിച്ച് ഇവിടെ കൊണ്ടുവന്ന് സ്ഥാപിക്കുകയും ചെയ്ത എടത്വ കൊച്ചുപഴയമഠം കുടുംബത്തേയും നേതൃത്വം നല്‍കിയ സണ്ണി ജെയിംസിനേയും ഭാര്യ ഡോളിയെയും ബിഷപ്പും വൈദികരും അഭിനന്ദിക്കുകയും നന്ദി പറയുകയും ചെയ്തു.
കൊടിമരം നിർമിച്ച മാന്നാറിലെ അനന്തന്‍ ആചാരി, ഇരുമ്പു പണി ചെയ്തവര്‍, സ്റ്റോണ്‍ വര്‍ക്ക് ചെയ്തവര്‍ തുടങ്ങി ഇത് ഇന്‍സ്റ്റാള്‍ ചെയ്ത ഓക്‌ലഹോമയിലെ മലയാളി സ്ഥാപനം വിത്സൺ കൺസ്ട്രക്ഷൻസ് വരെയുള്ളവരോട് നന്ദിയുണ്ടെന്ന് സണ്ണി ജെയിംസ് പറഞ്ഞു. ഇതിനുള്ള അനുമതി ലഭിക്കുന്നതിന് കൗണ്ടി ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍, ഇടവകാംഗം സന്തോഷ് മണലിൽ അടക്കം ചിലർ സഹായിക്കുകയുണ്ടായി. ഫാ. റാഫേലിനും ഫാ. സ്റ്റീഫനും അദ്ദേഹം നന്ദി പറഞ്ഞു.