ADVERTISEMENT

ന്യൂയോർക്ക് ∙ അമേരിക്കയിലെ സോക്കർ പ്രേമികൾ മനസ്സിൽ കരുതിവച്ച പന്തുരുളാൻ ഇനി ദിവസങ്ങൾ മാത്രം. കിങ് ഓഫ് ദി ഗെയിംസ് എന്നു വിളിപ്പേരുള്ള സോക്കറിന് അമേരിക്കൻ മലയാളികൾക്കിടയിൽ പുതുചരിത്രമുണ്ടാക്കുക എന്ന ലക്ഷ്യത്തോടെ രൂപംകൊണ്ട നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിന്റെ ആഭിമുഖ്യത്തിലുള്ള മൂന്നാമത് വി.പി. സത്യൻ മെമ്മോറിയൽ വാർഷിക  ടൂർണമെന്റ് ഓഗസ്റ്റ് 30, 31 സെപ്റ്റംബർ ഒന്ന് തീയതികളിൽ ന്യൂയോര്‍ക്കിൽ നടക്കും. റൻഡൽസ് ഐലൻഡ്, റോക്ക്‌വിൽ സെന്റർ എന്നിവിടങ്ങിലാണ് മത്സരങ്ങൾ.

പ്രാഥമിക റൗണ്ട് ക്വീൻസിലെ റൻഡൽസ് ഐലൻഡിലാണ്. അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന പത്തുടീമുകൾ റൗണ്ട് റോബിൻ ഫോർമാറ്റ് അടിസ്ഥാനമാക്കി കളത്തിലിറങ്ങും. അവിടെ നിന്നും പോയന്റ് നിലയിൽ മുന്നിലെത്തുന്ന നാലു ടീമുകൾ സെമിഫൈനലിൽ. തുടർന്നു രണ്ട്, അതിലൊന്ന് എന്ന കലാശക്കളി; ഫൈനൽ. റോക്ക്‌വിൽ സെന്റർ സ്റ്റേഡിയമാണ് സെമി ഫൈനലിനും, ഫൈനലിനും വേദിയാവുക.

vp-sathyan-memorial-soccer-tournament-newyork

സോക്കർ ക്ലബ് ആരംഭിച്ചിട്ട് ദശാബ്ദങ്ങൾ പിന്നിട്ടെങ്കിലും അമേരിക്കൻ മലയാളികൾക്കിടയിൽ സോക്കർ ജ്വരം കത്തിപ്പടർന്നത് സമീപനാളുകളിലാണെന്ന് ടൂർണമെന്റ് സംഘാടകരായ ന്യൂയോർക്ക് മലയാളി സോക്കർ ക്ലബ് ഭാരവാഹികൾ പത്രസമ്മേളനത്തിൽ ചൂണ്ടിക്കാട്ടി. ഫ്ലോറൽപാർക്കിലെ ടൈസൺ സെന്ററിൽ നടന്ന ടൂർണമെന്റ് പത്രസമ്മേളനത്തിൽ ഭാരവാഹികൾക്ക് പുറമെ കായികരംഗത്തെ നെഞ്ചിലേറ്റുന്നവരും സജീവമായി പങ്കെടുത്തു.

വിവിധ സംസ്ഥനങ്ങളിൽ നിന്നുള്ള പത്തു ടീമുകളാണ് ടൂര്ണമെന്റിൽ പങ്കടുക്കുക. അറ്റ്ലാന്റ മാനിയാക്സ്, എംഎസ്സി കാലിഫോർണിയ, എഫ്സിസി ഡാലസ്, ഓസ്റ്റിൻ സ്‌ട്രൈക്കേഴ്‌സ്, ഫിലഡൽഫിയ ആഴ്‌സനൽ, ന്യൂയോർക്ക് ചലഞ്ചേഴ്‌സ്, ബാൾട്ടിമോർ കൈരളി, എഫ്സിസി ചിക്കാഗോ, ന്യൂയോർക്ക് ഐലൻഡർസ്, ഹൂസ്റ്റൺ യുണൈറ്റഡ് എന്നിവ.

vp-sathyan-memorial-soccer-tournament-newyork

ടീമുകളെ രണ്ടുവീതം അടങ്ങുന്ന അഞ്ച് ഗ്രൂപ്പുകളാക്കി തിരിച്ചിരിക്കുന്നു. അതിനുള്ള നറുക്കെടുപ്പും പത്രസമ്മേളനത്തിൽ നടന്നു. റൗണ്ട് റോബിൻ അടിസ്ഥാനത്തിൽ നടക്കുന്ന ഗ്രൂപ്പ് മത്സരങ്ങളിൽ നിന്നും കൂടുതൽ പോയന്റ് നേടുന്ന നാലു ടീമുകൾ സെമിഫൈനലിലെത്തും.  റോബിൻ മത്സരങ്ങൾ റൻഡൽസ് ഐലൻഡിലെ പത്തു ഫീൽഡുകളിലായി നടക്കും. റൗണ്ട് റോബിൻ ആയതിനാൽ രാവിലെ എട്ടിനു തുടങ്ങുന്ന മത്സരങ്ങൾ അവസാനിക്കുന്നത് രാത്രിയിലാവാൻ സാധ്യതയുണ്ട്. രാവിലെ എട്ടുമുതൽ രാത്രി പതിനൊന്നു വരെയാണ് ഫീൽഡുകൾ ഉപയോഗിക്കാൻ അനുമതി തേടിയിരിക്കുന്നതെന്ന് ആതിഥേയരായ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്, ഇന്ത്യ പ്രസ്ക്ലബ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച വാർത്താസമ്മേളനത്തിൽ അറിയിച്ചു. പ്രധാന ടൂർണമെന്റിനു പുറമെ 35 കഴിഞ്ഞവർക്കായുള്ള മത്സരങ്ങളുമുണ്ട്. അതിൽ പന്ത്രണ്ടു ടീമുകൾ പങ്കെടുക്കുന്നു. മത്സരങ്ങൾ സെവൻസ് ഫോർമാറ്റിലാണ്. രണ്ടു വിഭാഗത്തിലുമായി നാനൂറോളം കളിക്കാരാണ് എത്തുന്നത്. പരിചയസമ്പന്നരായ റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുന്നത്. മലയാളികളല്ലാത്ത റഫറിമാരെ വിവിധ കോളേജുകളിൽ നിന്നും കണ്ടെത്തുകയായിരുന്നു.

1987 മുതൽ ന്യൂയോർക്കിൽ കൈരളി സോക്കർ മത്സരങ്ങൾ നടക്കുന്നുണ്ടെങ്കിലും കുടിയേറ്റം ശക്തമായ തൊണ്ണൂറുകൾക്കു ശേഷമാണ് കായിക സംസ്‌കാരം ഊർജിതമായതെന്ന് ഭാരവാഹികൾ പറഞ്ഞു. സോക്കറിനു പുറമെ വോളീബോൾ, ക്രിക്കറ്റ്, ബാഡ്‌മിന്റൺ, ബാസ്കറ്റ്ബാൾ തുടങ്ങിയ കളികളെയും പ്രോത്സാഹിപ്പിക്കുന്നു. യുവജനങ്ങളുടെ ആശാവഹമായ പങ്കാളിത്തമുണ്ട്. പഠനത്തിലും ജീവിതത്തിലും പുലർത്തേണ്ട നിഷ്ഠകൾ സ്വായത്തമാക്കാൻ കായികാവബോധം യുവജനങ്ങളെ സഹായിക്കുന്നു. ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ് ഭാരവാഹികളായ സജി തോമസ്, സക്കറിയ മത്തായി, മാത്യു ചെറുവള്ളിൽ, നവീൻ നമ്പ്യാർ, വർഗീ‌സ് ജോൺ, ബിജു ചാക്കോ, രാജു പറമ്പിൽ, റെജി ജോർജ്, ഈപ്പൻ ചാക്കോ, രഘു നൈനാൻ, ലിജോ കള്ളിക്കാടൻ, ജസ്റ്റിൻ ജോൺ, ജോസ് കള്ളിക്കാടൻ, വർഗീസ് മാത്യു, ജിൻസ് ജോസഫ്, ബിജി ജേക്കബ്, ബിജു മാത്യു, ബിജു ഫിലിപ്പ്, ഷിബു തരകൻ, ബിനോയ് ജേക്കബ്, സുജിത് ഡേവിഡ്, ജെയ്‌സൺ സജി എന്നിവരാണ് ടൂർണമെന്റ് സംഘാടനത്തിന് ചുമതല വഹിക്കുന്നത്.

സ്പോൺസർമാരുടെയും കായികപ്രേമികളുടെയും അകമഴിഞ്ഞ സംഭാവനകൾ കൊണ്ടാണ് ടൂർണമെന്റ് നടത്തിപ്പ് സാധ്യമാവുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. കൊട്ടിലിയൺ റസ്റ്റോറന്റാണ് മുഖ്യ സ്പോൺസർ. ന്യൂയോർക്കിലെ മറ്റു ബിസിനസ് ഗ്രൂപ്പുകളും സഹായവയുമായി ഒപ്പമുണ്ട്.

vp-sathyan-memorial-soccer-tournament-newyork

യുവജനങ്ങളിൽ ആവേശമായി വി.പി. സത്യൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റ് 
ഇന്ത്യൻ ഫുട്ബോൾ മുൻ ക്യാപ്റ്റനും, കേരളത്തിന്റെ അഭിമാനവുമായ വി.പി. സത്യന്റെ സ്മരണാർഥം നടത്തുന്ന ഫുട്ബോൾ ടൂർണമെന്റിന് യുവജനങ്ങളിൽ  നിന്നും വളരെ  മികച്ച പ്രതികരണമാണ്  ലഭിക്കുന്നത്. നോർത്ത് അമേരിക്കൻ സോക്കർ ലീഗിന്റെ രൂപീകരണ ഘട്ടത്തിൽ ഫുട്ബോൾ പ്രേമികളായ കുറച്ചു  ആളുകൾ  മാത്രമായിരുന്നിടത്ത് ഇപ്പോൾ മുന്നൂറിലധികം മലയാളി ഫുട്ബോൾ കളിക്കാർ ഈ സംഘടനയുടെ ഭാഗമായിട്ടുണ്ട് എന്നത് അഭിമാനകരമാണ്. നമ്മുടെ സ്കൂൾ- കോളേജ് കുട്ടികളെ കായിക വിനോദങ്ങളിലേക്ക് ആകർഷിക്കുക എന്നതാണ് സോക്കർ ലീഗിന്റെ മുഖ്യലക്ഷ്യം. യുവജനങ്ങൾ  മദ്യത്തിന്റേയും   മയക്കുമരുന്നിന്റേയും പിന്നാലെ പോകാതെ അവരുടെ കഴിവുകളെ സ്പോർട്സിലേക്കു തിരിച്ചിടാനും അതോടൊപ്പം നല്ലൊരു ഭാവി തലമുറയെ വാർത്തെടുക്കാനും സ്പോർട്സ്  ക്ലബ്ബുകൾക്ക് സാധിക്കും. ഇപ്പോൾ തന്നെ അമേരിക്കയിലെ വിവിധ സ്ഥലങ്ങളിൽ കുട്ടികളെ ഫുട്ബോൾ ഉൾപ്പെടെ കായിക വിനോദങ്ങൾ സൗജന്യമായി പഠിപ്പിക്കുന്ന മലയാളി സ്പോർട്സ് ക്ലബ്ബുകൾ നിരവധി ഉണ്ട്.

അജിത് വർഗീസ് - പ്രസിഡന്റ്, സാക് മത്തായി - വൈസ് പ്രസിഡന്റ്, ആശാന്ത് ജേക്കബ് - സെക്രട്ടറി, പ്രദീപ് ഫിലിപ്പ് ജോയിന്റ് സെക്രട്ടറി, പിൻസ് തോമസ് - ട്രഷറർ, ഷിബു സാമുവേൽ - ജോയിന്റ് ട്രഷറർ എന്നിവരാണ് നിലവിൽ നോർത്ത് അമേരിക്കൻ മലയാളി സോക്കർ ലീഗിനു നിലവിൽ നേതൃത്വം നൽകുന്നത്. മൂന്നാമത് വി.പി. സത്യൻ മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിനെ പറ്റി വിശദീകരിക്കാൻ ന്യൂയോർക്ക് സ്പോർട്സ് ക്ലബ് വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിലും യുവജങ്ങളുടെ നല്ല പ്രാതിനിധ്യം ഉണ്ടായിരുന്നു. സോക്കർ ടീമിന്റെ കോഓർഡിനേറ്റർ ജസ്റ്റിൻ ജോൺ പറഞ്ഞത് പ്രകാരം ഈ ഫുട്ബോൾ ടൂർണമെന്റിൽ പങ്കെടുക്കുന്ന പ്രധാനപ്പെട്ട പത്തു ടീമുകളിലേയും ബഹുഭൂരിപക്ഷം കളിക്കാരും ഇരുപത്തഞ്ചിനും മുപ്പതിനും ഇടയിൽ പ്രായമുള്ളവരാണ്. മിക്കവാറും ഇവിടെ ജനിച്ചു വളർന്നവർ.

vp-sathyan-memorial-soccer-tournament-newyork

ടൂർണമെന്റിലേക്ക് എല്ലാ സ്പോർട്സ് പ്രേമികളേയും ഭാരവാഹികൾ സ്വാഗതം ചെയ്യുന്നു. വാർത്ത സമ്മേളനത്തിൽ ന്യൂയോർക്ക് മലയാളി സ്പോർട്സ് ക്ലബ്ബിനെ പ്രതിനിധീകരിച്ചു പ്രസിഡന്റ് സജി തോമസ്, മാത്യു ചേരാവള്ളിൽ (എൻവൈഎംഎസ്സി ട്രഷറർ), ഈപ്പൻ ചാക്കോ (ബോർഡ് മെമ്പർ), നവീൻ നമ്പ്യാർ (ടൂർണമെന്റ് കോർഡിനേറ്റർ), വർഗീസ്  ജോൺ (ഫിനാൻസ് കോർഡിനേറ്റർ), ജസ്റ്റിൻ ജോൺ (ടീം കോർഡിനേറ്റർ), ലിജോ കള്ളിക്കാടൻ (35+ ടൂർണമെന്റ് കോർഡിനേറ്റർ), റജി ജോർജ് (ബോർഡ് മെമ്പർ), രാജു പറമ്പിൽ (ഫുഡ്  കോർഡിനേറ്റർ), യൂത്ത് പ്രതിനിധികളായ ആൻഡ്രൂ കുര്യൻ, ജാറക് ജോസഫ് എന്നിവരും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയെ  പ്രതിനിധീകരിച്ചു പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ, മുൻ പ്രസിഡന്റുമാരായ ജോർജ് ജോസഫ്, ടാജ് മാത്യു, മുൻ ട്രഷറർ ജോസ് കാടാപുറം,  ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റ ഷോളി കുമ്പിളുവേലി, സെക്രട്ടറി ജോജോ കൊട്ടാരക്കര, ട്രഷറർ ബിനു തോമസ്, മാത്യുക്കുട്ടി ഈശോ  എന്നിവരും പങ്കെടുത്തു.

English Summary:

V.P. Sathyan Memorial Soccer Tournament in New York

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com